| Saturday, 16th December 2023, 7:41 pm

സ്ത്രീ സുരക്ഷക്കായി മോദി സർക്കാർ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല: നിർഭയയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സ്ത്രീ സുരക്ഷയുടെ കാര്യത്തിലും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിലും മോദി സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് നിർഭയയുടെ പിതാവ്.

ദൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ 2012 ഡിസംബർ 16നാണ് നിർഭയ ക്രൂര പീഡനത്തിനിരയായത്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇതേ മാസം 29ന് നിർഭയ മരണപ്പെട്ടു.

കേസിൽ പ്രായപൂർത്തിയാകാത്ത പ്രതി ഒഴികെയുള്ളവർക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. മറ്റൊരു പ്രതി ജയിലിൽ കഴിയുമ്പോൾ ആത്മഹത്യ ചെയ്തു.

സംഭവം നടന്ന് 11 വർഷം പൂർത്തിയാകുമ്പോൾ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ തന്റെ ഗ്രാമത്തിൽ മകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു നിർഭയയുടെ പിതാവ്.

‘നിർഭയ കൊല്ലപ്പെട്ട് 11 വർഷത്തിന് ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. ഇന്നും സ്ത്രീകളും പെണ്മക്കളും സുരക്ഷിതരല്ല,’ നിർഭയയുടെ പിതാവ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

നിയമം മാറ്റിയത് കൊണ്ട് ഒന്നും മാറില്ലെന്നും പൊലീസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യം മറച്ചുവെക്കാനാണ് പൊലീസ് ആദ്യം ശ്രമിക്കുന്നതെന്നും സമ്മർദം ഉണ്ടാകുമ്പോൾ അന്വേഷണം അട്ടിമറിക്കുന്ന രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെലവേറിയ, പ്രമുഖരായ അഭിഭാഷകർ വഴി പ്രതികൾ കുറ്റവിമുക്തരാകുമ്പോൾ ഇരയ്ക്ക് വേണ്ടി വാദിക്കുന്ന സർക്കാർ അഭിഭാഷകന്റെ സേവനം വളരെ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Modi govt did nothing special for women’s safety: Nirbhaya’s father

We use cookies to give you the best possible experience. Learn more