ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ തൊട്ട് കളിക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും രാജ്യത്തെ നിയമസംവിധാനങ്ങളില്‍ പോലും സര്‍ക്കാര്‍ കൈകടത്തുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ദേശീയതലത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ നീതിനിര്‍വഹണത്തില്‍ പോലും സര്‍ക്കാര്‍ കൈകടത്തുന്നെന്നും ഇതിനൊക്കെ 2019ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആദ്യം പറഞ്ഞത് പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നാണ്. എന്നാല്‍ പെണ്‍കുട്ടികളെ ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നുമാണ് രക്ഷിക്കേണ്ടത്, രാഹുല്‍ പറഞ്ഞു.
ബി.ജെ.പി എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും ഭരണഘടനയെ നശിപ്പിക്കാന്‍ അനുവദിക്കില്ല. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളും ആശയങ്ങളും സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശക്തി 2019ല്‍ കാണാമെന്നും രാഹുല്‍ പറഞ്ഞു.
മോദിക്ക് മോദിയില്‍ മാത്രമേ താല്‍പര്യമുള്ളൂ എന്നും പ്രധാനമന്ത്രി ആവുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും അയാള്‍ക്കുണ്ടായിരുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. 70 വര്‍ഷം കൊണ്ട് രാജ്യാന്തര തലത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യയുടെ പ്രതിഛായ മോദി നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കിയെന്നും രാഹുല്‍ ആഞ്ഞടിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ കുത്തിത്തിരുകിയിരിക്കുകയാണ്. രാജ്യത്തെ ദളിതര്‍ക്കോ സ്ത്രീകള്‍ക്കോ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കോ മോദിയുടെ മനസില്‍ സ്ഥാനമില്ലെന്നും രാഹുല്‍ ആരോപിച്ചു.