national news
നെഹ്‌റുവിനെ വീണ്ടും പേര് മാറ്റി അപമാനിച്ചെന്ന് കോണ്‍ഗ്രസ്; ബി.ജെ.പിക്കും ആര്‍.എസ്.എസിനും തരംതാഴ്ന്ന മാനസികാവസ്ഥ: ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 16, 01:18 pm
Friday, 16th June 2023, 6:48 pm

ന്യൂദല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റുവിനോടുള്ള ആദരസൂചകമായി ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്നാണ് മോദി സര്‍ക്കാര്‍ ഇതിന് പേര് മാറ്റിയിരിക്കുന്നത്.

രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. മോദി സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പാണ് ഇവിടെ പ്രധാനമന്ത്രി സംഗ്രഹാലയ ഉദ്ഘാടനം ചെയ്തത്. എന്നാലും ടീന്‍ മൂര്‍ത്തി ഭവനിലുള്ള മ്യൂസിയത്തിന് ഇപ്പോഴാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി നല്‍കിയ സംഭാവനകള്‍ മായ്ച്ച് കളയാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജയറാം രമേശും വിമര്‍ശിച്ചു.

ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്തവര്‍ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റിയ ദുഷ്പ്രവൃത്തിയിലൂടെ ആധുനിക ഇന്ത്യയുടെ ശില്‍പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വ്യക്തിത്വത്തെ ഇകഴ്ത്താന്‍ ആര്‍ക്കും കഴിയില്ല.

ജനാധിപത്യത്തിന്റെ നിര്‍ഭയ കാവല്‍ക്കാരനാണ് നെഹ്‌റു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തരംതാഴ്ന്ന മാനസികാവസ്ഥയും സ്വേച്ഛാധിപത്യ മനോഭാവവും മാത്രമാണ് ഇത് കാണിക്കുന്നത്,’ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

നിസാരതയ്ക്കും പ്രതികാരത്തിനും ചേരുന്ന പേരാണ് മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു. ‘ഇന്ത്യന്‍ ദേശീയ രാഷ്ട്രത്തിന്റെ ശില്‍പിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും മിസ്റ്റര്‍ മോദി എന്തൊക്കെയാണ് ചെയ്യാത്തത്. അരക്ഷിതാവസ്ഥയാല്‍ കനപ്പെട്ട മനസുള്ള ഒരു ചെറിയ മനുഷ്യനാണ് സ്വയം പ്രഖ്യാപിത വിശ്വഗുരു.

59 വര്‍ഷത്തിലേറെയായി നെഹ്റു മെമ്മോറിയല്‍ മ്യൂസിയം & ലൈബ്രറി (NMML) ഒരു ആഗോള ബൗദ്ധിക അടയാളവും, പുസ്തകങ്ങളുടെയും ആര്‍ക്കൈവുകളുടെയും നിധി കേന്ദ്രവുമാണ്. ഇനി മുതല്‍ ഇത് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം & സൊസൈറ്റി എന്ന് വിളിക്കപ്പെടും,’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Content Highlights: modi govt changes Nehru Memorial Museum & Library name