ജെ.എന്‍.യുവിനെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്ന വിധം
Opinion
ജെ.എന്‍.യുവിനെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്ന വിധം
അനസ് അലി
Thursday, 22nd March 2018, 9:08 pm

2016 ഫെബ്രുവരി ഒന്‍പതിന് ശേഷം മാധ്യമങ്ങളിലൂടെയും, ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന കുപ്രചാരണങ്ങളിലൂടെയും പൊതു സമൂഹത്തിനിടയില്‍ രൂപപ്പെട്ടിട്ടുള്ള, ദേശവിരുദ്ധ പരിവേഷവും, ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ രാഷ്ട്രീയ വേദി എന്ന പരമ്പരാഗത കാഴ്ചപ്പാടിനും ഉപരിയായി ജെ.എന്‍.യുവില്‍ നടക്കുന്ന വര്‍ത്തമാന സമരങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മികച്ച സര്‍വ്വകലാശാലക്കുള്ള, രാഷ്ട്രപതിയുടെ മെഡലും, നാക്കിന്റെ(NAAC) എ++ റാങ്കും കിട്ടിയ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നാണ് ജെ.എന്‍.യു.

1969 ല്‍ സ്ഥാപിക്കപ്പെട്ട ഈ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തിലും, നയതന്ത്ര മേഖലയിലും, നീതി നിര്‍വഹണ മേഖലയിലും, അക്കാദമിക രംഗങ്ങളിലും നല്‍കുന്ന സംഭാവനകള്‍ മറ്റൊരു സര്‍വ്വകലാശാലക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. ഈ സുവര്‍ണ ഭൂതകാലത്തിന്റെ മേന്മയില്‍ അഹങ്കരിച്ചു മാത്രം അധിക കാലം മുന്നോട്ടു പോകാന്‍ ഈ സ്ഥാപനത്തിന് കഴിയില്ലെന്നുള്ള തിരിച്ചറിവിലാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ഇപ്പോള്‍ സമര രംഗത്തുള്ളത്.

മഹാരാഷ്ട്രയിലെ വിജയകരമായ കര്‍ഷക സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട്, ജെ.എന്‍.യു മുതല്‍ പാര്‍ലമെന്റു വരെ കാല്‍നടയായി നടക്കാന്‍ ജെ.എന്‍.യു അധ്യാപക യൂണിയനും, വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം എടുത്തിരിക്കുകയാണ്.

 

ജെ.എന്‍.യുവിലും, രാജ്യത്തെ ഉന്നത കലാലാലയങ്ങളിലും നടക്കുന്ന ഏകാധിപത്യ, വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പൊതുജന പിന്തുണ ആര്‍ജിക്കാനും, ചെലവ് കുറഞ്ഞതും, ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രാപ്യമാവും വിധം സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള പ്രവേശനം ഉറപ്പു വരുത്താനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളും ആവശ്യപ്പെട്ടു കൊണ്ടാണ് ഈ മാര്‍ച്ചു സംഘടിപ്പിക്കുന്നത്. ദല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളിലെ അധ്യാപക വിദ്യാര്‍ത്ഥി സമൂഹവും, ദല്‍ഹിയിലെ സാമൂഹ്യ പ്രവര്‍ത്തകരും ഈ കാല്‍നട ജാഥയില്‍ പങ്കാളികളാകും.

വി സിയുടെ ഏകാധിപത്യ നയങ്ങള്‍

ഈ മാസം 16 മുതല്‍ ജെ.എന്‍.യുവിലെ അധ്യാപക സംഘടനയായ ജെ.എന്‍.യു.ടി.എ യുടെ നേതൃത്വത്തില്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ സത്യാഗ്രഹം നടത്തി വരികയാണ്. ജനാധിപത്യപരമായ എല്ലാ ചര്‍ച്ചകള്‍ക്കും, സംവാദങ്ങള്‍ക്കും ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സമര രീതിയിലേക്ക് അധ്യാപകര്‍ തിരിഞ്ഞത്. ദല്‍ഹി ഐ.ഐ.ടി അധ്യാപകനായ ജഗദീഷ് കുമാറിനെ 2016 ലാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ജെ.എന്‍.യു, വി സിയായി നിയമിക്കുന്നത്.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍

 

സ്ഥാനം ഏറ്റെടുത്ത് മുതല്‍ സര്‍വകലാശാലയിലെ സ്വതന്ത്ര നയരൂപീകരണ സംവിധാനങ്ങളെയെല്ലാം അട്ടിമറിച്ചു കൊണ്ട് ഏകാധിപത്യപരമായ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കലും, ഫൈന്‍ ചുമത്തലും നിത്യ സംഭവമായിക്കൊണ്ടിരിക്കുന്നു. 2016 ഫെബ്രുവരി ക്കു ശേഷം ജെ.എന്‍.യു വിലെ സമര പരമ്പരകളുടെ കേന്ദ്ര സ്ഥാനമായിരുന്ന അഡ്മിനിസ്‌ട്രേഷന്‍ സെന്ററിന് സമീപത്തുള്ള “ഫ്രീഡം സ്‌ക്വയറില്‍” എല്ലാ തരത്തിലുള്ള പ്രതിഷേധ പരിപാടികളും നിരോധിക്കുകയായിരുന്നു ആദ്യ നടപടി.

ഇത് ലംഘിക്കുന്നവരെ തിരഞ്ഞു പിടിച്ചു, ശിക്ഷ നടപടികള്‍ കൈക്കൊള്ളാന്‍ പരിസരത്തുടനീളം സി.സി.ടി.വി ക്യാമെറകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ 1966 ലെ പാര്‍ലമെന്റ് ആക്ട് പ്രകാരം പുതിയ കോഴ്‌സുകള്‍ തുടങ്ങാനും, നിലവിലുള്ള പഠന- ഗവേഷണ രീതികളില്‍ കാലോചിതമായ മാറ്റങ്ങള്‍ നിശ്ചയിക്കാനും രൂപീകരിക്കപ്പെട്ട, അക്കാഡമിക് കൗണ്‍സില്‍ തീരുമാനങ്ങള്‍ അട്ടിമറിക്കുകയും, അക്കാഡമിക് കൗണ്‍സില്‍ മിനിട്‌സുകളില്‍ തിരിമറി നടത്തുകയും ചെയ്യുകയും ചെയ്യുന്നു. വൈസ് ചാന്‍സലര്‍, റെക്ടര്‍, ഡീന്‍ ഓഫ് സ്‌കൂള്‍സ്, ചീഫ് പ്രോക്ടര്‍, അതാതു പഠന കേന്ദ്രങ്ങളിലെ തലവന്മാര്‍, തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വൈസ് ചാന്‍സലറുടെ ശുപാര്‍ശ പ്രകാരം ക്ഷണിക്കപ്പെടുന്ന പുറത്തു നിന്നുള്ള അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയതാണ് അക്കാഡമിക് കൗണ്‍സില്‍.

ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂരിപക്ഷ തീരുമാനങ്ങള്‍ക്ക് അനുസരിച്ചു തീരുമാനമെടുക്കേണ്ട അക്കാഡമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ ജഗദീഷ് കുമാര്‍ അധികാരമേറ്റെടുത്തതിന് ശേഷം യാതൊരു ചര്‍ച്ചകളും കൂടാതെ, ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായത്തിനു വിരുദ്ധമായി ഏകാധിപത്യപരമായിട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കഴിഞ്ഞ നാല് മാസക്കാലമായി അക്കാഡമിക് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല.

 

യാതൊരു ജനാധിപത്യ മര്യാദകളും പാലിക്കാതെയാണ് നിലവില്‍ ജെ.എന്‍.യുവില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിര്‍ബന്ധിത ഹാജര്‍ വിവാദം. ക്ലാസ്സുകളില്‍ പങ്കെടുക്കാതെ രാഷ്ട്രീയ സമരപ്രവര്‍ത്തനങ്ങള്‍ക്കു നടക്കുന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിത ഹാജര്‍ സമ്പ്രദായത്തെ എതിര്‍ക്കുന്നതെന്നാണ് വൈസ് ചാന്‍സലറും, ഇതിനെ അനുകൂലിക്കുന്നവരും, മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനെ എതിര്‍ക്കുന്നത്, നിര്‍ബന്ധിത ഹാജര്‍ നടപ്പിലാക്കാനുള്ള തീരുമാനം അക്കാഡമിക് കൗണ്‍സില്‍ ഉള്‍പ്പെടെ, സര്‍വ്വകലാശ്ശാലയിലെ ഒരു നയരൂപീകരണ യോഗങ്ങളിലും ചര്‍ച്ച ചെയ്യാതെയാണ് നടപ്പിലാക്കിയതാണ് എന്നുള്ളത് കൊണ്ടാണ്. വൈസ് ചാന്‍സലറുടെ ശുപാര്‍ശ പ്രകാരം അക്കാഡമിക് കൗണ്‍സിലിലെ പ്രത്യക ക്ഷണിതാവായ, മധു കിശ്വര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇത്തരമൊരു കാര്യം അവസാന അക്കാഡമിക് കൗണ്‍സില്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നുള്ളതാണ്. ഇതിലുപരിയായി നിര്‍ബന്ധിത ഹാജര്‍ സമ്പ്രദായം എങ്ങനെയാണ് സ്വതന്ത്രമായ ഗവേഷണ- പഠന രീതികളെ വിപരീതമായി ബാധിക്കുമെന്നുള്ള ആശങ്കയാണ്.

ദിവസവും ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടി വരുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്, ഓരോ സെമസ്റ്ററിലും നിശ്ചിത ഹാജര്‍ ഉറപ്പു വരുത്തുന്നതിനായി നിലവിലുള്ള രീതി തന്നെ സഹായകരമാണ്. നിശ്ചിത സമയത്തിനുള്ളില്‍ സെമിനാറുകളും, ഗവേഷണ പ്രബന്ധങ്ങളും, പൂര്‍ത്തീകരിക്കേണ്ടതുള്ളതു കൊണ്ട് ക്ളാസ്സുകള്‍ ഉപേക്ഷിക്കുക എന്നത് തീര്‍ത്തും അസാധ്യമാണ്. ഓരോ സെമെസ്റ്ററിലും ആത്യന്തികമായി മാര്‍ക്ക് നിശ്ചയിക്കുന്നതിന് സമയാസമയങ്ങളില്‍ ഗവേഷണ ലേഖനങ്ങള്‍ സമര്‍പ്പിക്കലും, ചര്‍ച്ചകളില്‍ പങ്കെടുക്കലും മാനദണ്ഡമാണ്.

 

ഇതോടൊപ്പം തന്നെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഫില്‍, പി.എച്.ഡി വിദ്യാര്‍ത്ഥികള്‍ ദിവസവും അതാതു സെന്ററുകളില്‍ ഒപ്പു വെക്കണമെന്ന തീരുമാനം തികച്ചും ബാലിശമാണ്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ലൈബ്രറികള്‍ സന്ദര്‍ശിക്കുക, ഗവേഷണത്തിന്റെ ഏറ്റവും മുഖ്യ ഘടകമായ ഡാറ്റ ശേഖരണം തുടങ്ങിയ ഒഴിച്ചുകൂടാന്‍ പറ്റാത്ത അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. ഈ നയം നടപ്പിലാക്കിയതിലുള്ള ജനാധിപത്യ വിരുദ്ധതയും, പ്രായോഗിക അക്കാദമിക നിയമങ്ങള്‍ക്കെതിരാണെന്നുള്ള വസ്തുതയും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജെ.എന്‍.യുവിലെ ബഹുഭൂരിഭാഗം അധ്യാപകരും, വിദ്യാര്‍ത്ഥികളും നിര്‍ബന്ധിത ഹാജര്‍ നിയമത്തെ ജനാധിപത്യപരമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

നിര്‍ബന്ധിത ഹാജര്‍ തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക പ്രശ്‌നങ്ങളും, വിദ്യാര്‍ത്ഥികളുടെ ആശങ്കകളും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയ ഏഴു വകുപ്പ് തലവന്മാരെയും, ഒരു ഡീനിനെയും അര്‍ദ്ധ രാത്രിയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പുറത്താക്കുകയുമുണ്ടായി. ജനാധിപത്യപരമായ യാതൊരു ചര്‍ച്ചകളും, സംവാദങ്ങളും സാധ്യമാക്കാതെ, ഏകാധിപത്യപരവുമായ നടപടികളിലൂടെ പ്രതിഷേധിക്കുന്നവരെ മൊത്തം ശിക്ഷാനടപടികളിലൂടെ പുറത്താക്കുക എന്ന സ്ഥിരം നയം തന്നെയാണ് ഇവിടെയും വൈസ് ചാന്‍സലര്‍ അവലംബിച്ചത്.

സംവരണ മാനദണ്ഡങ്ങളിലെ അട്ടിമറി

രാജ്യത്തെ സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നില്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനായി സംവരണ മാനദണ്ഡങ്ങള്‍ പോരായ്മകളോടെയാണെങ്കിലും, ജെ.എന്‍.യുവില്‍ നടപ്പിലാക്കി വന്നിരുന്നു. പട്ടികജാതി പട്ടിക വിഭാഗത്തിലുള്ളവര്‍ക്കു യഥാക്രമം 15%, 7.5%, മറ്റുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് 27% എന്നിങ്ങനെ സംവരണം ഉറപ്പാക്കുമെന്ന് സര്‍വകലാശാലയുടെ പ്രവേശന മാര്‍ഗനിര്‍ദേശത്തില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സംവരണ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് പ്രവേശനം നടന്നു വരുന്നത്.

യു.ജി.സി സര്‍ക്കുലറിന്റെ ചുവടു പിടിച്ചു 2016- 17 അദ്ധ്യയന വര്‍ഷത്തില്‍ ഭൂരിഭാഗവും സെന്ററുകളിലും ഒരൊറ്റ വിദ്യാര്‍ത്ഥിക്ക് പോലും അഡ്മിഷന്‍ നല്‍കിയിട്ടില്ല. ഇതോടൊപ്പം തന്നെ ഈ വര്‍ഷം മുതല്‍ എംഫില്‍, പി.എച്.ഡി, പ്രവേശന പരീക്ഷയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. പുതിയ രീതി പ്രകാരം എഴുത്തു പരീക്ഷയില്‍ അമ്പതു ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ, അഭിമുഖ പരീക്ഷക്ക് യോഗ്യത നേടുകയുള്ളൂ. യാതൊരു സംവരണ ആനുകൂല്യങ്ങളും നല്കാതെയുള്ള എഴുത്തുപരീക്ഷയില്‍ തന്നെ ഭൂരിഭാഗം പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളും പുറന്തള്ളപ്പെടുമെന്നുറപ്പാണ്.

 

എഴുത്തു പരീക്ഷക്ക് 70 ശതമാനവും, അഭിമുഖത്തിന് 30 ശതമാനവും മാര്‍ക്ക് നിലവിലുള്ള സമയത്തു തന്നെ ജാതി അടിസ്ഥാനത്തിലും, ഭാഷ അടിസ്ഥാനത്തിലുമുള്ള വിവേചനം നിലനില്‍ക്കുന്നെന്ന പരാതി ഉണ്ടായിരുന്നതാണ്. ഇതിനു പരിഹാരം കാണാനാണ് എഴുത്തു പരീക്ഷക്ക് 90 ശതമാനം മാര്‍ക്കും, അഭിമുഖത്തിന് 10 ശതമാനം മാര്‍ക്കും നിശ്ചയിക്കണമെന്നു വിദ്യാര്‍ത്ഥി യൂണിയനും, വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യങ്ങളെയെല്ലാം അട്ടിമറിച്ചു അഭിമുഖ പരീക്ഷക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന നിലവിലെ രീതി ഈ വിവേചനം കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ എന്നത് സുവ്യക്തമാണ്. വിവരാവകാശ നിയമപ്രകാരം പുറത്തു വരുന്ന കണക്കുകള്‍ ജെ.എന്‍.യുവിലെ സംവരണ മാനദണ്ഡങ്ങളുടെ അട്ടിമറിയുടെ ഗുരുതരമായ ചിത്രമാണ് നല്‍കുന്നത്.

ജഗദീഷ് കുമാര്‍ വൈസ് ചാന്‍സിലര്‍ പദവി ഏറ്റെടുത്ത് മുതല്‍ ഗൗരവതരമായ പിഴവുകളാണ് സംവരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സര്‍വകലാശാല അധികൃതര്‍ വരുത്തിയിരിക്കുന്നത്.

ലൈംഗിക അതിക്രമങ്ങളും- അധികൃതരുടെ മനോഭാവവും

രാജ്യത്തു തന്നെ വിദ്യാര്‍ത്ഥിനികള്‍ക്കും, മറ്റു അനധ്യാപക അധ്യാപകര്‍ക്കും മാതൃകാപരമായ സുരക്ഷിതത്വവും, സംരക്ഷണവും പ്രദാനം ചെയ്യുന്ന ക്യാമ്പസാണ് ജെ.എന്‍.യു. ഏതു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും ഭയം കൂടാതെ പരാതിപ്പെടാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ മറ്റു ക്യാമ്പസുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 1997 ലെ സുപ്രീം കോടതിയുടെ വിശാഖ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് 1999 ല്‍ ജെ. എന്‍.യുവില്‍ ജോലിസ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക പരാതി പരിഹാര സെല്ലിന് (GSCASH) രൂപം കൊടുക്കുന്നത്.

 

പരാതി നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ, സുതാര്യമായതും, വിവേചന രഹിതവുമായ അന്വേഷങ്ങള്‍ നടത്താന്‍ ഈ സെല്ലിന് കഴിഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും, നാമനിര്‍ദേശം ചെയ്യപ്പെടുന്ന അധ്യാപകരും ഉള്‍പ്പെടുന്ന ഈ മാതൃകാപരമായ ഈ സംവിധാനം വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം ചര്‍ച്ചകളൊന്നും കൂടാതെ പിരിച്ചു വിടുകയാണുണ്ടായത്. ഇതിനു പകരമായി വൈസ് ചാന്‍സലറുടെയും, സര്‍വകലാശാല അധികൃതരുടെയും താല്പര്യപ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു കമ്മിറ്റിക്കു (ICC) രൂപം കൊടുക്കുകയാണുണ്ടായത്. പക്ഷപാത രഹിതമായ അന്വേഷണം നടത്താനും, ലൈംഗിക അതിക്രമം നേരിടുന്നവര്‍ക്ക് നീതി ഉറപ്പാക്കാനും ഈ സംവിധാനത്തിന് സാധ്യമാവില്ലെന്നു അന്ന് തന്നെ വിദ്യാര്‍ത്ഥി സമൂഹവും, അധ്യാപകരും ചൂണ്ടിക്കാട്ടിയാണ്.

 

സയന്‍സ് സ്‌കൂളിലെ അധ്യാപകനും, വൈസ് ചാന്‍സലറുടെ അടുത്ത വ്യക്തിയുമായി അതുല്‍ ജോഹ്രിക്കെതിരെ അതെ സ്ഥാപനത്തിലെ എട്ടു വിദ്യാര്‍ഥികള്‍ ലൈംഗിക അതിക്രമം പരാതിപ്പെട്ടിട്ടിട്ടും നടപടികളൊന്നും എടുക്കാത്തത് ഈ സംശയം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സര്‍വകലാശാല അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ വസന്ത കുഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്.

പരാതി സമര്‍പ്പിച്ച ഉടന്‍ തന്നെ ഈ കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്താനോ, പ്രതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനോ ദല്‍ഹി പൊലീസ് തയ്യാറാവാത്തത് വിദ്യാര്‍ത്ഥികളുടെയും, മാധ്യമങ്ങളുടെയും വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും, പൊതു പ്രവര്‍ത്തകരുടെയും പ്രക്ഷോഭത്തിനൊടുവിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും, പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. ഇതിനു ശേഷവും പ്രസ്തുത അധ്യാപകനെ പുറത്താക്കാനോ, നടപടികള്‍ എടുക്കാനോ സര്‍വകലാശാല അധികൃതര്‍ തയ്യാറാകാത്തത് സ്വാഭാവിക നീതി നിഷേധവും, ഭരണകൂട പിന്തുണയോടെ ലൈംഗിക അതിക്രമത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാനുള്ള ശ്രമവുമാണ്.

ഇക്കാര്യങ്ങള്‍ പൊതു ജനത്തിന് മുന്നിലെത്തിക്കാനും, രാജ്യത്തെ പ്രമുഖമായ ഒരു സര്‍വ്വകലാശാലയെ ഏകാധിപത്യ മനോഭാവത്തോടെ തകര്‍ക്കാനുള്ള നീക്കത്തിന് ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമൂഹവും, പൊതു പ്രവര്‍ത്തകരും വെള്ളിയാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ചു സംഘടിപ്പിക്കുന്നത്.