| Thursday, 22nd September 2016, 8:29 pm

മോദി മന്ത്രിസഭയിലെ ഒരു മന്ത്രി പെണ്‍വാണിഭം നടത്തുന്നുവെന്ന ആരോപണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹിയിലെ  ജിബി റോഡ് കേന്ദ്രീകരിച്ചാണ് മന്ത്രിയും സംഘവും സജീവമായി പെണ്‍വാണിഭം നടത്തുന്നതെന്നാണ് സ്വാതി ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.


ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്ത്.

മോദി മന്ത്രിസഭയിലെ ഒരു മന്ത്രി പെണ്‍വാണിഭ റാക്കറ്റിന്റെ നേതാവാണെന്ന് സ്വാതി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ പ്രമുഖ പാര്‍ട്ടിയുടെ ദല്‍ഹിയിലെ പ്രമുഖ നേതാവാണ് ഇദ്ദേഹം. ദല്‍ഹിയിലെ  ജിബി റോഡ് കേന്ദ്രീകരിച്ചാണ് മന്ത്രിയും സംഘവും സജീവമായി പെണ്‍വാണിഭം നടത്തുന്നതെന്നും സ്വാതി ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഓരോ രാത്രിയും അഞ്ച് കോടിയോളം രൂപ ജിബി റോഡിലെ പെണ്‍വാണിഭത്തിലൂടെ മന്ത്രി സമ്പാദിക്കുന്നതെന്നും സ്വാതി ആരോപിച്ചു. നാളുകള്‍ നീണ്ട തന്റെ അന്വേഷണത്തിനൊടുവിലാണ് താന്‍ ഇക്കാര്യം കണ്ടെത്തിയതെന്നും തന്റെ നീക്കം തിരിച്ചറിഞ്ഞ് കേന്ദ്രം തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നതായും സ്വാതി പറഞ്ഞു.

സ്വാതിക്കെതിരെ കഴിഞ്ഞ ദിവസം അഴിമതി ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പ്രതികാരനടപടിയുടെ ഭാഗമാണെന്നാണ് സ്വാതി പറയുന്നത്. വനിതാ കമ്മീഷനില്‍ അനധികൃത നിയമനം നടത്തി എന്നായിരുന്നു ആരോപണം. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേരും എഫ്.ഐ.ആറില്‍ ഉണ്ട്.

മന്ത്രിയുടെ നേതൃത്വത്തില്‍ എട്ട് വയസു വരെയുള്ള പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നുണ്ട്. ഓരോ രാത്രിയും 30ല്‍ കൂടുതല്‍ തവണ പുരുഷന്‍മാരുടെ കൂടെ കിടക്കാന്‍ നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടികളും പെണ്‍വാണിഭ കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി സ്വാതി വെളിപ്പെടുത്തി.

അന്വേഷണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു താനെന്നും ഇതിനിടയിലാണ് കള്ളക്കേസ് ഉണ്ടാക്കി തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും സ്വാതി കുറ്റപ്പെടുത്തി. തന്നെ അറസ്റ്റ് ചെയ്യാനാണ് ഇനി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പെണ്‍വാണിഭ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള തന്റെ നീക്കങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എന്ത് വില കൊടുത്തും ചെറുക്കാനാണ് ശ്രമിക്കുന്നതെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more