മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നരേന്ദ്ര മോദിക്ക് ഇത്തവണ ഭൂരിപക്ഷമില്ലെന്നും സഖ്യകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചാലും അവര്‍ക്ക് അധികകാലം ഭരണത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2014ലും 2019ലും മികച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മോദിയും അമിത്ഷായും ആര്‍.എസ്.എസിനെ വിലകല്‍പ്പിച്ചില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇത്തവണ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും നരേന്ദ്ര മോദിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും റാവത്ത് പറഞ്ഞു.
‘സഖ്യകക്ഷികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രൂപീകരിച്ചാലും അത് ഒരിക്കലും നിലനില്‍ക്കാന്‍ പോകുന്നില്ല. മോദി പ്രധാനമന്ത്രിയായാലും തീര്‍ച്ചയായും ഒരു ബദലിനെ കുറിച്ച് ആര്‍.എസ്.എസ് ആലോചിക്കും’ റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിനെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ഫഡ്നാവിസ് സംസ്ഥാന രാഷ്ട്രീയത്തിലെ വില്ലനാണെന്നും നിരവധി കുടുംബങ്ങളെ അദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്നും റാവത്ത് ആരോപിച്ചു. രാഷ്ട്രീയ പക ഉള്ളില്‍ കൊണ്ടുനടക്കുന്ന അയാള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണെന്നും റാവത്ത് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന ഫഡ്‌നാവിസിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സീറ്റുകള്‍ കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയിരുന്ന ബി.ജെ.പിക്ക് ഇത്തവണ 9 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ശിവസേന എന്നിവരുള്‍പ്പെട്ട മഹായുതി സഖ്യത്തിന് 17 സീറ്റുകള്‍ നേടാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവരുള്‍പ്പെട്ട സഖ്യം ആകെയുള്ള 48 സീറ്റുകളില്‍ 30 സീറ്റുകളിലും വിജയിച്ചിരുന്നു.
Content Highlight: Modi government will not last and that the RSS was working to look for an alternate Says Sanjay Rawat