ജാതി അധിഷ്ഠിത ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു: പ്രഭാത് പട്‌നായിക്
Daily News
ജാതി അധിഷ്ഠിത ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു: പ്രഭാത് പട്‌നായിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2014, 12:06 pm

prabhat-patnaik[] ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജനവികാരം ഉണര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന മത-ഫാസിസ്റ്റുകള്‍ രാജ്യത്ത് നടത്തികൊണ്ടിരിക്കുന്നതെന്ന് ഇടത് ചിന്തകനും കേരള മുന്‍ ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷനും ആയ ഡോ പ്രഭാത് പട്‌നായിക്ക്.

ഹിന്ദുമതം ജാതിയില്‍ അടിസ്ഥാനപെടുത്തിയിട്ടുള്ളതാണെന്നും ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ ജാതി സമ്പ്രദായത്തെ പുനരുദ്ധാരണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകസഭ തെരെഞ്ഞെടുപ്പിനു ശേഷം സര്‍ക്കാരും കോര്‍പ്പറേറ്റ് ശക്തികളും തമ്മിലുള്ള മഹാ ഐക്യമാണ് ഇപ്പോള്‍ നിലനില്ക്കുന്നത്. കോര്‍പ്പറേറ്റ് സാമ്പത്തിക ശക്തികളുടെ പിന്‍ബലത്തില്‍ ഒരു മത ഫാസിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഈ കാലഘട്ടം പൂര്‍ണ്ണമായ ഒരു സാമൂഹിക പ്രതിവിപ്ലവത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്വകാര്യ വത്കരണം പോലെയുള്ള ഉദാരവത്ക്കരണ നയങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൂടുതല്‍ അടിച്ചമര്‍ത്തും. ജനപ്രീണനത്തിന്റെ ഭാഗമായുള്ള പുതിയ സര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്തിനെ സാമ്പത്തികമായി പിന്നോട്ട് നയിക്കുകയും ഇതിന്റെ ഫലമായി മധ്യവര്‍ഗ്ഗം പാവപ്പെട്ടവര്‍ക്കെതിരായി മാറുകയാണ് ചെയ്യുകയെന്നും പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിനു വലിയ ഒരു കടമ തന്നെയാണ് ഈ കാലഘട്ടത്തില്‍ ചെയ്യാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ , തൊഴിലവസരം, സൗജന്യ വിദ്യാഭ്യാസം , സൗജന്യ ആരോഗ്യപരിപാലനം തുടങ്ങിയവ പ്രാഥമിക അവകാശമായി സ്ഥാപിച്ചെടുക്കാനുള്ള ഒരു അജണ്ട തയ്യാറാക്കി ഇടതുപക്ഷം അതിനു വേണ്ടി പോരാട്ടം നടത്തണം. അല്ലെങ്കില്‍ ഈ സമൂഹിക പ്രതിവിപ്ലവത്തിന് രാജ്യം വിധേയമാവുന്നതിന്  ദൃക്‌സാക്ഷിയാവേണ്ടി വരുമെന്നും ഡോ. പ്രഭാത് പട്‌നായിക്ക് അഭിപ്രായപെട്ടു.

ജനസംസ്‌ക്ടതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ ഡല്‍ഹി ബി ടി ആര്‍ ഭവനില്‍ വെച്ച് നടന്ന 29 മത് എ കെ ജി അനുസ്മരണ പ്രഭാഷണത്തില്‍ “സാമൂഹിക പ്രതി വിപ്ലവം”” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംസ്‌കൃതി പ്രസിഡന്റ് മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനില്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ദാമോദരന്‍ കൃതജ്ഞതയും അറിയിച്ചു.