| Monday, 4th March 2024, 3:13 pm

മോദി സർക്കാർ കർഷകരെ ശത്രുക്കളെ പോലെയാണ് കാണുന്നത്; വിമർശനമുമായി ഖാർ​ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകരെ ശത്രുക്കളെ പോലെയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ഷക നേതാക്കളായ സര്‍വാന്‍ സിങ് പന്ദറും ജഗ്ജിത് സിങ് ദല്ലേവാളും മാര്‍ച്ച് ആറിന് ദല്‍ഹിയില്‍ സമരത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ കര്‍ഷകരോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രസ്താവന.

കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകർ വിള ഉല്‍പ്പാദിപ്പിക്കാനും അത് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ഗോതമ്പ്, അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ കയറ്റുമതി നിരോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യു.പി.എ ഭരണകാലത്ത് 153 ശതമാനം വര്‍ധിച്ച കാര്‍ഷിക കയറ്റുമതി ബി.ജെ.പിയുടെ ഭരണകാലത്ത് 64 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഇപ്പോള്‍ കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മോദി സര്‍ക്കാര്‍ അവരെ ശത്രുക്കളെപ്പോലെയാണ് കാണുന്നത്’, ഖാര്‍ഗെ പറഞ്ഞു.

മാര്‍ച്ച് പത്തിന് നാല് മണിക്കൂര്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചത്. നിലവിലെ സമരകേന്ദ്രങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമാക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

അതിനിടെ, പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളും കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കണമെന്നും ഓരോ ഗ്രാമങ്ങളില്‍ നിന്നും ട്രാക്ടര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ റാലി അതിര്‍ത്തിയിലെത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നാണ് കർഷക നേതാവ് സര്‍വാന്‍ സിങ് പന്ദർ ആരോപിച്ചത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Contant Highlight: modi government treating farmers like ‘enemies’: Mallikarjun Kharge

We use cookies to give you the best possible experience. Learn more