| Thursday, 16th June 2016, 5:12 pm

സമരങ്ങളും, പ്രതിഷേധങ്ങളും: ക്യാമ്പസ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ക്യാമ്പസുകളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ഇതിനായി സര്‍ക്കാര്‍ ഒരു പാനല്‍ രൂപീകരിച്ച പാനല്‍ രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലെയും കോളജുകളിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ തലവനായ കമ്മിറ്റിയുടേതാണ് ശുപാര്‍ശ. ക്യാമ്പസുകളില്‍ ജാതി മത അടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി ഗ്രൂപ്പുകളെ നിരോധിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ സമയപരിധി വയ്ക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ക്യാമ്പസുകളില്‍ രാഷ്ട്രീയ  പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് സമരങ്ങളും പ്രതിഷേധങ്ങളും ആണ്. ഇത് പഠനത്തിനു തടസമാകുന്നു എന്നു പറഞ്ഞാണ് കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്.

“സമരങ്ങളും, പ്രശ്‌നങ്ങളും ഘരാവോകളും മറ്റ് പ്രതിഷേധ നീക്കങ്ങളും ക്യാമ്പസുകളില്‍ വര്‍ധിച്ചുവരികയാണ്. ഇത് അക്കാദമിക് പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പരീക്ഷകള്‍ പലപ്പോഴും മാറ്റിവെക്കേണ്ടി വരുന്നു. രാഷ്രീയത്തില്‍ ആക്ടീവായ ഒരു ചെറിയ വിഭാഗം  കുട്ടികളുണ്ടാക്കുന്ന ഈ പ്രശ്‌നങ്ങളുടെ ദോഷം അനുഭവിക്കേണ്ടി വരുന്നത് ഗൗരവമായി പഠനത്തെ സമീപിക്കുന്ന വലിയൊരു വിഭാഗത്തെയാണ്” എന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്യാമ്പസിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം “പഠിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞിട്ടു പഠിക്കാന്‍ വരുന്നവരാണ്” എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരക്കാര്‍ വരുന്നത് പഠനം തുടരാനല്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന ഫെലോഷിപ്പും ഹോസ്റ്റര്‍ സൗകര്യവും ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുമാണെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

” സാധാരണ സാഹചര്യത്തില്‍ ഒരു കോഴ്‌സ് ചെയ്യേണ്ട പ്രായപരിധികം കഴിഞ്ഞ് കുറേവര്‍ഷത്തിനുശേഷം ആ കോഴ്‌സ് ചെയ്യാനെത്തുന്ന വിദ്യാര്‍ത്ഥികളാണ് മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. ഇത്തരം വിദ്യാര്‍ഥികളുടെ പ്രധാന താല്‍പര്യം പഠനം തുടരുക എന്നതല്ല. മറിച്ച് രാഷ്ട്രീയ അജണ്ടയ്ക്കുവേണ്ടി ഫെലോഷിപ്പ് സൗകര്യവും ഹോസ്റ്റലും ഉപയോഗിക്കുക എന്നതാണ്. ” റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ ജെ.എന്‍.യുവിലും എച്ച്.സി.യുവിലും ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം വന്നിരിക്കുന്നത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സര്‍ക്കാര്‍ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ ദളിത് വിദ്യാര്‍ഥികളെ ക്യാമ്പസില്‍ നിന്നും പുറത്താക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായി എന്ന വാര്‍ത്തകള്‍ തെളിവുസഹിതം പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായി പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ഥികളിലൊരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. എച്ച്.സി.യുവിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗം കൂടിയായിരുന്നു ആത്മഹത്യ ചെയ്ത രോഹിത് വെമുല.

ഈ വിവാദങ്ങള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തെ വിമര്‍ശിച്ച് വെങ്കയ്യ നായിഡു രംഗത്തെത്തിയത്.

“അവരെല്ലാം കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠിക്കുന്നത് പൊതുപണം ധൂര്‍ത്തടിച്ചാണ്. അതിനാല്‍ അവര്‍ നീതി കാണികാണിക്കണം. പഠിക്കണം. അതു തന്നെ. രാഷ്ട്രീയത്തിലാണ് താല്‍പര്യമെങ്കില്‍ അവര്‍ക്ക് പഠനം ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്തിറങ്ങാം.” എന്നായിരുന്നു ജെ.എന്‍.യുവിലെ സമരത്തോട് പ്രതികരിച്ചുകൊണ്ട് നായിഡു പറഞ്ഞത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 25% സീറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയില്‍ നിന്നും ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിയതിനെയും ബ്രഹ്മണ്യന്‍ കമ്മിറ്റി എതിര്‍ക്കുന്നുണ്ട്. ” ആര്‍.ടി.ഇ ആക്ടിലെ 12(1) (സി) ന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്ന കാര്യം പുനപരിശോധിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കും (മതപരമായും ഭാഷാപരമായും) ഇത് വ്യാപിപ്പിക്കണം. ഈ രീതിയില്‍ നിയമത്തെ മാറ്റണം.” റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സുബ്രഹ്മണ്യന്‍ പാനലിന്റെ  പ്രധാന നിര്‍ദേശങ്ങള്‍

1. ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

2. ജാതി, മത അടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി സംഘടനകളുടെ അംഗീകാരം എടുത്തുകളയുക.

3. ഒരു കോഴ്‌സ് ചെയ്യാനുള്ള പതിവ് പ്രായപരിധി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം പഠനത്തിനു ചേരുന്നവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു കണ്ട്  അത്തരം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ നില്‍ക്കുന്നത് തടയുക.

4. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 25% സംവരണം എന്ന ആര്‍.ടി.ഇ ആക്ടിലെ വ്യവസ്ഥ ന്യൂനപക്ഷ സ്ഥാപനങ്ങളിലും നടപ്പാക്കുക.

5. സ്‌കൂളുകളില്‍ യോഗ പ്രോത്സാഹിപ്പിക്കുക.

6. പത്താം ക്ലാസിലെ കണക്ക്, സയന്‍സ് പരീക്ഷകള്‍ രണ്ട് ലെവല്‍ ആക്കുക. പാര്‍ട്ട് എ (ഹയര്‍ ലെവല്‍) പാര്‍ട്ട് ബി (അടിസ്ഥആന ലെവല്‍).

7. നാലിനും അഞ്ചിനും ഇടയിലുള്ള പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കുക.

8. ഉച്ചഭക്ഷണ പദ്ധതി സെക്കന്ററി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുക.

9. അഞ്ചാം ക്ലാസു വരെയെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം മാതൃഭാഷയില്‍ അല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ നല്‍കുക.

11. ഹയര്‍സെക്കന്ററി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഡ്മിഷനായി ദേശീയ തലത്തില്‍ ടെസ്റ്റു നടത്തുക.

12 ഒരു യൂണിവേഴ്‌സിറ്റിക്കും 100ല്‍ കൂടുതല്‍ അഫിലിയേറ്റഡ് കോളജുകള്‍ പാടില്ല.

13. വൈസ് ചാന്‍സലറുടെ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ കുറയ്ക്കുക.

Latest Stories

We use cookies to give you the best possible experience. Learn more