|

ഇസ്രഈലിന്റെ ആക്രമണാത്മക നടപടികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ പരസ്യമായി രംഗത്തുവരണം: സി.പി.ഐ.എം പി.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗസക്കെതിരായ ഇസ്രഈലിന്റെ വംശഹത്യ നടപടികളില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം. ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.

‘മാര്‍ച്ച് രണ്ട് മുതല്‍ ഗസയിലേക്കുള്ള ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്നുകള്‍ എന്നിവയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇസ്രഈലിന്റെ പുതിയ കൂട്ടക്കൊല,’ സി.പി.ഐ.എം പി.ബി

ഈ ക്രിമിനല്‍ ആക്രമണത്തിലൂടെ സമാധാനവും ശത്രുതയ്ക്ക് അറുതിയും നല്‍കുമായിരുന്ന വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറുന്നതായി സൂചന നല്‍കിയെന്നും സി.പി.ഐ.എം പി.ബി ചൂണ്ടിക്കാട്ടി. മാര്‍ച്ച് രണ്ട് മുതല്‍ ഗസയിലേക്കുള്ള ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്നുകള്‍ എന്നിവയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇസ്രഈലിന്റെ പുതിയ കൂട്ടക്കൊലയെന്നും സി.പി.ഐ.എം പറഞ്ഞു.

ഇസ്രഈലിന്റെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുകയും രണ്ടാംഘട്ട വെടിനിര്‍ത്തല്‍ നടപ്പാക്കുകയും വേണമെന്നും സി.പി.ഐ.എം പി.ബി ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള സമാധാനപ്രിയരായ ജനങ്ങളുടെ ആവശ്യമാണിതെന്നും സി.പി.ഐ.എം ഇസ്രഈലിന്റെ ആക്രമണാത്മക നടപടികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ പരസ്യമായി രംഗത്തുവരണമെന്നും സി.പി.ഐ.എം പറഞ്ഞു.

ഒരു ജനത മുഴുവനായി പട്ടിണിക്കും കൂട്ടമരണങ്ങള്‍ക്കും ഇരയാകുമ്പോള്‍ മിണ്ടാതിരിക്കാനാകില്ലെന്നും സി.പി.ഐ.എം പറഞ്ഞു.

ഇസ്രഈല്‍ വംശഹത്യക്കെതിരെ പ്രതിഷേധിക്കാനും അടിയന്തര വെടിനിര്‍ത്തലിനും സമാധാന പരിഹാരത്തിനും ആഹ്വാനം ചെയ്യാനും സി.പി.ഐ.എം യൂണിറ്റുകള്‍ക്ക് പോളിറ്റ് ബ്യൂറോ നിര്‍ദേശം നല്‍കി.

അതേസമയം ഗസയില്‍ 400ല്‍ അധികം ആളുകളുടെ ജീവനെടുത്ത ഇസ്രഈലിന്റെ വ്യോമാക്രമണം നടന്നത് അമേരിക്കയുടെ അറിവോടെയെന്ന് ഇസ്രഈല്‍ വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിച്ച് ആക്രമണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഈ വിവരം ഇസ്രഈല്‍ അമേരിക്കയെ അറിയിച്ചിരുന്നു. വൈറ്റ് ഹൗസ് സെക്രട്ടറിയായ കരോലിന്‍ ലീവിറ്റ് ഇക്കാര്യം സ്ഥിരീകരിച്ചു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി രണ്ടാംഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവെയാണ് ഗസയില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം നടത്തിയത്. ഗസ സിറ്റി, ഡെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇത്.

ഗസയിലെ വ്യോമാക്രമണത്തില്‍ ഇസ്രഈലിനെതിരെ ലോകരാജ്യങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും ഇന്ത്യ ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.ഐ.എം പി.ബി ഇസ്രഈലിനെതിരെ രംഗത്തെത്തിയത്.

Content Highlight: Modi government should come out publicly against Israel’s aggressive actions: CPI(M) PB

Latest Stories

Video Stories