| Friday, 13th February 2015, 1:56 pm

നികുതി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു കൈമാറുന്നതില്‍ ആദായനികുതി വകുപ്പിനെ വിലക്കി മോദിസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നികുതിദായകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന് രാജ്യത്തെ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. ഇതു ലംഘിക്കുന്നവര്‍ക്ക് ആറുമാസത്തെ തടവിനു ശിക്ഷിക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

ജനുവരി 15ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് മെമ്മോറാണ്ടം നല്‍കിയത്. ” ഡിപ്പാര്‍ട്ട്‌മെന്റ് ഉറവിടങ്ങളെ കൃത്യമായി ഉദ്ധരിച്ച് വ്യക്തികളായ നികുതി ദായകരുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകളുടെ വിശദാംശങ്ങളും മാധ്യമപ്രതിനിധികള്‍ക്കു കൈമാറിയതായി മനസിലാക്കാനായിട്ടുണ്ട്.” മെമ്മോറാണ്ടത്തില്‍ പറയുന്നു.

നികുതിദായകരുടെ വിവരങ്ങള്‍ പുറത്താക്കിയാല്‍ 1961 ലെ വരുമാനനികുതി നിയമപ്രകാരമുള്ള ആറുമാസത്തെ തടവിനും പിഴയൊടുക്കാനും ശിക്ഷിക്കുമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.

ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കാന്‍ സര്‍ക്കാറിനെ എന്താണു പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. തങ്ങളുടെ നികുതി സംബന്ധമായ കാര്യങ്ങള്‍ മാധ്യമങ്ങളിലേക്കു ചോര്‍ത്തപ്പെടുന്നുവെന്നു പറഞ്ഞ് നിരവധി വന്‍കിട കമ്പനികള്‍ ധനമന്ത്രിയെ സമീപിച്ചതായി സി.ബി.ഡി.ടിയിലെ പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതിനു പുറമേ 2014ല്‍ യു.എസ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ബോര്‍ഡിന് എഴുതിയിട്ടുമുണ്ട്.  ഇതില്‍ യു.എസ് ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ നികുതിയടക്കാത്തതിനു നോട്ടീസ് നല്‍കിയതിനെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മെമ്മോറാണ്ടം അസാധാരണമായ നടപടിയാണെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നികുതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിരവധി തവണ മാധ്യമങ്ങളില്‍ വന്നെങ്കിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

അടുത്തിടെ, വോഡഫോണ്‍, ഐ.ബി.എം, നോക്കിയ തുടങ്ങിയ കമ്പനികളും ഇന്ത്യയുമായി നികുതി തര്‍ക്കം ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more