ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെയും മൊത്ത ആഭ്യന്തര ഉത്പാദന നിരക്കിനെയും ബാധിച്ചുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഉപഭോക്തൃ ആവശ്യം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുന്നതായി കേന്ദ്ര ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. ഒപ്പം നികുതി വെട്ടികുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോയ്‌റ്റേര്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ പ്രതികരണം.
ചെറിയ കാലയളവില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉപഭോഗം വര്‍ധിപ്പിക്കുമെന്നതിനാല്‍ നിക്ഷേപവും വര്‍ധിക്കും. അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ശുപാര്‍ശകള്‍ പെട്ടെന്ന് പരസ്യപ്പെടുത്തുമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.
തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപഭോക്തൃ വിപണി മെച്ചപ്പെടുത്താനും സീതാരാമന്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായും പുതിയ നിര്‍മാണ കമ്പനികള്‍ക്ക് 15 ശതമാനമായും കുറച്ചിരുന്നു. എന്നിരുന്നാലും പ്രാബല്യത്തിലുള്ള കോര്‍പ്പറേറ്റ് നികുതി നിരക്ക് 25.17 ശതമാനമാകുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിരുന്നു. ചരക്ക് സേവന നികുതി കുറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ വളര്‍ച്ചാ നിരക്ക് നിലവിലെ സാഹചര്യത്തില്‍ 6.1 ശതമാനം മാത്രമായിരിക്കുമെന്ന് ഇന്ത്യന്‍ നാണ്യ നിധി വ്യക്തമാക്കിയിരുന്നു. 2019 ല്‍ ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഐ.എം.എഫിന്റെ പ്രവചനം. എന്നാല്‍ വളര്‍ച്ചയില്‍ 1.2 ശതമാനം ഇടിവുണ്ടാകുമെന്നാണ് ഐ.എം.എഫ് നിരീക്ഷണം. നേരത്തെ റിസര്‍വ് ബാങ്കും മൂഡി റേറ്റിംഗും ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടികുറച്ചിരുന്നു.