ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ട്രംപിസത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. മോദിക്ക് തോന്നിയ പോലെയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി സര്‍ക്കാരിന്റെ അഹങ്കാരം മാത്രമാണ് എനിക്കിവിടെ കാണാന്‍ സാധിക്കുന്നത്. എന്തുവന്നാലും ഞാന്‍ ഈ നിയമം ഉണ്ടാക്കും. എനിക്ക് ഭൂരിപക്ഷമുണ്ട്. അത്രതന്നെ. അവരുടെ പ്രചോദനം എക്കാലത്തും ട്രംപ് ആണ്,’ ചിദംബരം പറഞ്ഞു.
‘പ്രതിപക്ഷത്തെയെന്നല്ല, ഒരാള്‍ക്കും ശ്രദ്ധ കൊടുക്കാത്തതാണ് മോദി സര്‍ക്കാരിന്റെ ഈ പെരുമാറ്റം. എന്തുവന്നാലും നിയമം പാസാക്കും. നിങ്ങള്‍ വോട്ട് വേണമെന്നാവശ്യപ്പെട്ടാല്‍ വോട്ടില്ലെന്നായിരിക്കും അവര്‍ പറയുക. ഇതാണ് ട്രംപിസം. മോദി സര്‍ക്കാരിനെ നിര്‍വചിക്കാന്‍ ട്രംപിസം എന്ന വാക്ക് തന്നെ ധാരാളമാണ്,’ ചിദംബരം പറഞ്ഞു.
കേന്ദ്രത്തിനൊപ്പം നില്‍ക്കുന്ന ചില സഖ്യകക്ഷികളും കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്‍ കര്‍ഷക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് കച്ചവടത്തിനായുള്ള പുതിയ വിപണികള്‍ നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക