ന്യൂദല്‍ഹി: ഗുജറാത്തിന് ദേശീയ ദുരന്ത പ്രതികരണ നിധി (എന്‍.ഡി.ആര്‍.എഫ്)യില്‍ നിന്ന് മുന്‍കൂറായി ധനസഹായം അനുവദിച്ച് മോദി സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ നിധി (എസ്.ഡി.ആര്‍.എഫ്)യിലേക്ക് വിഹിതം കൈമാറാനാണ് ഉത്തരവ്. 400ലധികം ആളുകളുടെ മരണത്തിനിടയാക്കിയ കേരളത്തിലെ വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തഴഞ്ഞുകൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കം.
എന്‍.ഡി.ആര്‍.എഫ് വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തുവിട്ട പട്ടികയിലാണ് കേരളം വീണ്ടും തഴയപ്പെട്ടത്. എന്നാല്‍ വയനാടിന് ശേഷം പ്രകൃതി ദുരന്തങ്ങളുണ്ടായ, ഗുജറാത്തിന് പുറമെ മണിപ്പൂരിനും ത്രിപുരയ്ക്കും കേന്ദ്രം ധനസഹായം അനുവദിച്ചിട്ടുണ്ട്.
ഗുജറാത്ത് (600 കോടി), മണിപ്പൂര്‍ (50 കോടി), ത്രിപുര (25 കോടി) രൂപ വീതമാണ് കേന്ദ്രം അനുവദിച്ചത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ വിഹിതം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
2024ലെ കാലവര്‍ഷത്തില്‍ സംസ്ഥാനം നേരിട്ട നഷ്ടങ്ങള്‍ നികത്തുന്നതിനായാണ് എസ്.ഡി.ആര്‍.എഫിലേക്ക് വിഹിതം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ കേരളത്തിന് മുന്‍കൂറായി ധനസഹായം പ്രഖ്യാപിക്കാനുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കേന്ദ്രം വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പേരുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഉത്തരവില്‍ സംസ്ഥാനത്തിന് ഇടം നല്‍കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള കേന്ദ്ര സംഘം നേരിട്ട് സന്ദര്‍ശിച്ച ദുരന്തമുഖമായിരുന്നു മുണ്ടക്കൈ-ചൂരല്‍മലയിലേത്. ആദ്യഘട്ടത്തില്‍ ദുരന്തം വിശകലനം ചെയ്യുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഒരു സംഘം എത്തുകയായിരുന്നു. ഇതിനുപിന്നലെയാണ് മോദി ഉള്‍പ്പെടുന്ന കേന്ദ്ര സംഘം വയനാട് സന്ദര്‍ശിച്ചത്.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് ദുരന്തത്തില്‍ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാനും സാമ്പത്തികമായി കേരളത്തെ ഒറ്റപ്പെടുത്തില്ലെന്നും ഉറപ്പ് നല്‍കിയാണ് പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം കൈമാറിയിട്ട് പോലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഇതുവരെ ഒരു വിഹിതവും നല്‍കിയിട്ടില്ല.
വയനാട്ടിലെ ഉരുള്‍പൊട്ടലിന് ശേഷം ദുരന്തങ്ങളുണ്ടായ സിക്കിം, ത്രിപുര, ആന്ധ്രാപ്രദേശ്, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് ഉടനടി സാമ്പത്തിക സഹായം ലഭിക്കുകയാണ് ഉണ്ടായത്. 3,448 കോടി രൂപയാണ് ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമായി കേന്ദ്രം അനുവദിച്ചത്. സംസ്ഥാനങ്ങളിലെ മഴക്കെടുതികള്‍ അവലോകനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സഹായം അനുവദിച്ചത്.
അസമിനും സിക്കിമിനുമായി 11,000 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ മുൻകൂർ വിഹിതമായി അനുവദിച്ചിരുന്നു. ത്രിപുരക്ക് 40 കോടി രൂപയും.
നിലവിലെ കണക്കുകള്‍ പ്രകാരം എന്‍.ഡി.ആര്‍.എഫില്‍ നിന്ന് കേന്ദ്രം 21 സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. ആകെ 9044 കോടി രൂപയാണ് കേന്ദ്രം ദുരന്ത നിവാരണ വിഹിതമായി ചെലവഴിച്ചത്. എന്നാല്‍ ഈ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ തഴയുകയായിരുന്നു.
അതേസമയം സംസ്ഥാനം നല്‍കിയ മെമ്മോറാണ്ടത്തെ അടിസ്ഥാനമാക്കി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം സര്‍ക്കാരിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മെമ്മോറാണ്ടത്തെ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷവും ഈ റിപ്പോര്‍ട്ടുകള്‍ക്ക് സമാനമായി പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി.
എന്നാല്‍ മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് നല്‍കണമെന്നും അതോടൊപ്പം ദുരിതബാധിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
Content Highlight: Modi government has allocated 600 crore disaster relief allocation fund to Gujarat