ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാവും സമ്പദ്‌വ്യവസ്ഥയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക. എയര്‍ ഇന്ത്യയടക്കം 42 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയോ പൂര്‍ണമായും അടച്ചുപൂട്ടുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയെ കുറിച്ച് സൂചനകള്‍ നല്‍കിയത്.
ജൂലൈയില്‍ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തില്‍ തന്നെ മോദി സര്‍ക്കാര്‍ വന്‍ സാമ്പത്തിക പരിഷ്‌കരണമുണ്ടാകുമെന്നാണ് രാജീവ് കുമാര്‍ നല്‍കുന്ന സൂചന.
തകര്‍ന്ന സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കുന്നതിനായി സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും രാജീവ് കുമാര്‍ പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് സന്തോഷിക്കാവുന്ന മാറ്റങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാവുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
ഇതിനൊപ്പം തൊഴില്‍ നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തും. ‘തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കും. ഇന്ത്യയിലെ സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരും. 44 തൊഴില്‍ നിയമങ്ങള്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴിലാക്കും. വേതനം, വാണിജ്യ ബന്ധം, സാമൂഹ്യ സുരക്ഷ-ക്ഷേമം, തൊഴില്‍ സുരക്ഷിതത്വം-ആരോഗ്യം-തൊഴില്‍ വ്യവസ്ഥ എന്നീ വിഭാഗങ്ങള്‍ക്ക് കീഴിലാവും തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരിക. ഇത് സങ്കീര്‍ണമായ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികളെ സഹായിക്കും. 42 പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായി സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യു’മെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കുന്ന ഒരു സ്വയംഭരണ കമ്പനിയെ സൃഷ്ടിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമേറ്റടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഭൂ ബാങ്ക് രൂപീകരിക്കുമെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നാം മോദി സര്‍ക്കാറിന്റെ ഭരണകാലത്ത് ആസൂത്രണ കമ്മീഷന് പകരം സ്ഥാപിച്ച സംവിധാനമാണ് നീതി ആയോഗ്. പ്രധാനമന്ത്രിയുടെ കീഴിലാണ് നീതി ആയോഗ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുന്ന ഏജന്‍സിയാണിത്.