| Thursday, 1st January 2015, 12:28 pm

ബൊഫോഴ്‌സും ശവപ്പെട്ടിയും മോദിക്കാലത്ത് നിയമ വിധേയം: ആയുധ ഇടപാടില്‍ അഴിമതി തടയുന്ന നിയമം റദ്ദാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിരോധ വകുപ്പിന് കീഴില്‍ നടക്കുന്ന ഔദ്യോഗിക ആയുധ ഇടപാടിലെ നടപടികള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ആയുധ ഇടപാടില്‍ ഇടനിലക്കാര്‍ക്കും പങ്കെടുക്കാം. ബൊഫോഴ്‌സ് കുംഭകോണത്തെത്തുടര്‍ന്ന് ആയുധമിടപാടില്‍ ഇടനിലക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുന്നത്.

പ്രതിനിധി എന്നോ സാങ്കേതിക ഉപദേശകരെന്നോ ആവും ഇടനിലക്കാര്‍ ഇനി ആഗോള ആയുധ മേഖലയില്‍ അറിയപ്പെടുക. 1980 മുതല്‍ 1990 വരെയുള്ള കാലയളവുകളില്‍ നടന്ന അഴിമതിയെത്തുടര്‍ന്നായിരുന്നു ആയുധ ഇടപാടില്‍ നിന്ന് ഇടനിലക്കാരെ മാറ്റിയിരുന്നത്.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സമയത്ത് നടന്ന ഈ അഴിമതി പാര്‍ട്ടിക്ക് മാത്രമല്ല നെഹ്‌റു കുടുംബത്തിനും വലിയ കളങ്കമാണ് വരുത്തിയിരുന്നത്.

ഇടനിലക്കാരെ ഇടപാടില്‍ നിന്ന് ഒഴിവാക്കുമെന്നും സങ്കേതിക ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്നും ഏജന്റ്‌ എന്നതിന് പകരം പ്രതിനിധികള്‍ എന്നാണ് അവര്‍ അറിയപ്പെടുകയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.

ആയുധ ഇടപാടുകളില്‍ ഏറെ വിമര്‍ശനത്തിനിടയാക്കിയ ഇടനിലക്കാരുടെ സാന്നിധ്യമാണ് കേന്ദ്രസര്‍ക്കാര്‍ പുന:സ്ഥാപിക്കുന്നത്. പ്രതിരോധമേഖലയിലെ പുതിയ പരിഷ്‌കരണങ്ങളുടെ കരടുരൂപം തയാറായിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം അന്തിമ കരട് കേന്ദ്രമന്ത്രിസഭയ്ക്കു സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ആയുധക്കമ്പനികളുമായി നടക്കുന്ന ഔദ്യോഗിക ചര്‍ച്ചകളില്‍ കമ്പനികളുടെ പ്രതിനിധിയായി ഇടനിലക്കാരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ചര്‍ച്ചകളിലും ആയുധ കമ്പനികളുടെ ഔദ്യോഗിക പ്രതിനിധികള്‍ തന്നെ പങ്കെടുക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നതു പ്രായോഗികമല്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്.

പ്രതിരോധ മേഖലയില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി കരിം പട്ടികയില്‍ പെടുത്തിയ കമ്പനികളുടെ വിവരങ്ങള്‍ പുനപരിശോധിക്കുമെന്നും ഒറ്റ പദവി ഒറ്റ പെന്‍ഷന്‍ എന്നുള്ള പദ്ധതി നടപ്പാക്കുമെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ജനങ്ങള്‍ക്കുള്ള പുതുവര്‍ഷ സമ്മാനം എന്ന നിലയിലാണ് മന്ത്രിയുടെ  പ്രഖ്യാപനം.

അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more