വാരണാസി: കാശി വിശ്വനാഥ ക്ഷേത്രം പൊളിക്കാൻ ഔറംഗസേബ് ഉത്തരവിട്ടു എന്ന പ്രചരണങ്ങൾ കള്ളമാണെന്നും അതിന് തെളിവില്ലെന്നും ക്ഷേത്രത്തിന്റെ മുൻ മുഖ്യപൂജാരി (മഹന്ത്) ശ്രീ രാജേന്ദ്ര തിവാരി.
നശിച്ചു കിടന്ന ഗ്യാൻവാപിയിലെ ക്ഷേത്രവും പരിസരവും പുനരുദ്ധരിച്ചത് മുഗൾ ചക്രവർത്തിയായ അക്ബർ ആയിരുന്നുവെന്നും സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുക എന്ന നയം ഔറംഗസേബിന് ഉണ്ടായിരുന്നില്ലെന്ന് എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിൽ രാജേന്ദ്ര തിവാരി പറഞ്ഞു.
കാശി ക്ഷേത്രം തകർക്കാൻ നേതൃത്വം നൽകിയത് ഔറംഗസേബിന്റെ സുബൈദാർ ആയിരുന്ന ജയ്സിങ് ആയിരുന്നു എന്ന കാര്യം സംഘപരിവാർ നിങ്ങളോട് പറയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ഔറംഗസേബ് കാശിയിൽ വന്നതിനോ ക്ഷേത്രം തകർത്തത് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരമാണെന്നതിനോ തെളിവുകളില്ലെന്നും മുൻ മഹന്ത് ചൂണ്ടിക്കാട്ടി.
അതേസമയം കാശിയിൽ തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ജഗംബാഡിയിൽ ശിവന്റെ ആരാധനയ്ക്കായി ഭൂമി മുഴുവൻ ഔറംഗസേബ് നൽകിയതാണെന്നും അവിടെ ശിവന്റെ പൂജ നടത്തണമെന്ന് ഔറംഗസേബ് നൽകിയ സമ്മതപത്രത്തിൽ (പട്ട) വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഗംബാഡി മഠത്തിൽ ഔറംഗസേബിന്റെ സമ്മതപത്രം കണ്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അത് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടെന്നും തിവാരി ആരോപിച്ചു.
അതേസമയം കാശി വിശ്വനാഥ കോറിഡോറിന്റെ നിർമാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദി സർക്കാർ തകർത്തതെന്നും തകർന്ന ക്ഷേത്രങ്ങളെല്ലാം 500 വർഷം മുതലങ്ങോട്ട് പഴക്കമുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.
‘കാശി വിശ്വനാഥ് കോറിഡോറിന്റെ നിർമാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദിജിയുടെ സർക്കാർ തകർത്തത്. തകർത്ത ക്ഷേത്രങ്ങളെല്ലാം അഞ്ഞൂറ് വർഷം മുതൽ നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള, കാശിയുടെ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ വരെ സ്ഥാനം നേടിയ ക്ഷേത്രങ്ങൾ ആയിരുന്നു. ഇവ തകർത്തതോ അങ്ങേയറ്റം ക്രൂരമായ നിലയിലും.
യുദ്ധഭൂമിയിലെ ശവശരീരങ്ങൾ പോലെ കൈയും തലയുമൊക്കെ വേർപെട്ട നിലയിലുള്ള വിഗ്രഹങ്ങളെ പൊട്ടക്കുളത്തിലും ഓടയിലും എറിഞ്ഞു കളയുകയാണ് അധികൃതർ ചെയ്തത്. കോറിഡോറിന്റെ മേൽനോട്ടം നേരിട്ട് വഹിച്ച യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഇളക്കിയെടുത്തു ഓടയിലെറിഞ്ഞത്,’ മഹന്ത് പറഞ്ഞു.
ഇപ്രകാരം ഓടയിലും പൊട്ടക്കുളങ്ങളിലും എറിഞ്ഞ 167 വിഗ്രഹങ്ങൾ തങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അവയെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു എന്ന് മഹാന്ത് പറയുന്നു.
‘ഇപ്പോഴും ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിൽ ആണ്. വിഗ്രഹം കൈമാറണമെന്ന് ശങ്കരാചാര്യർ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല, അങ്ങനെ ചെയ്താൽ മോദിജിയുടെ ആളുകൾ വിഗ്രഹങ്ങൾ തകർത്തെറിഞ്ഞതിന് അത് തെളിവാകും എന്ന് ഭയന്നാണ് അവ വിട്ടുകൊടുക്കാതിരുന്നത്.
ചരിത്രപ്രാധാന്യമുള്ള മൂന്ന് പീപ്പൽ മരങ്ങളാണ് ഭാരതത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒന്ന് വിശ്വനാഥ ക്ഷേത്രത്തിന്റെ മുറ്റത്തായിരുന്നു. അതിന്റെ ചുവട്ടിൽ ഒരു വിഗ്രഹവും നിത്യ പൂജയും മുഗൾ കാലഘട്ടം മുതൽ തടസ്സമില്ലാതെ നടന്നു വന്നു. ഔറംഗസേബ് ഉൾപ്പെടെയുള്ള മുഗൾ രാജാക്കന്മാർ നശിപ്പിക്കാതിരുന്ന പീപ്പൽ മരവും അതിന്റെ ചുവട്ടിലെ വിഗ്രഹവും ഹിന്ദുത്വവാദികളുടെ സർക്കാരിന്റെ ക്രെയ്ൻ വന്ന് ചുവടോടെ പറിച്ചെടുത്തു വലിച്ചെറിഞ്ഞു,’ മഹന്ത് പറഞ്ഞു.
Content Highlight: Modi government destroyed temples with history of centuries says Former Mahanth of Kasi Temple