D Insight- കേന്ദ്രസര്‍ക്കാര്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്; അവണിച്ച് ഇല്ലാതാക്കാമെന്നാണോ കേരളത്തെ
ഷഫീഖ് താമരശ്ശേരി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രളയ സാമ്പത്തിക സഹായമായി ഏഴ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചപ്പോള്‍ ഒരു നയാ പൈസ പോലും നല്‍കാതെയാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്. സാമ്പത്തിക സഹായങ്ങള്‍ നല്‍കിയില്ല എന്ന് മാത്രമല്ല, കേരളത്തിന് കേന്ദ്രം നല്‍കിയ ഭക്ഷ്യസഹായത്തിന് പ്രതിഫലമായി 205.81 കോടി രൂപ ഉടന്‍ കേന്ദ്രത്തിന് നല്‍കണമെന്ന നിര്‍ദേശവും സംസ്ഥാനത്തിന് നല്‍കിയിരിക്കുകയാണ്.

ഈ രാജ്യത്ത് നിലനില്‍ക്കുന്നത് ഒരു ഫെഡറല്‍ ജനാധിപത്യ സംവിധാനമാണെന്ന് അറിയാത്തതുകൊണ്ടല്ല, കേന്ദ്ര ആഭ്യന്തര വകുപ്പ് ഇങ്ങനെ തെരഞ്ഞുപിടിച്ചുള്ള അവഗണന കേരളത്തിന് നേരെ നടത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിന്റെ തൊട്ടുപിന്നാലെ നടക്കുന്ന ഈ സാമ്പത്തിക ഉപരോധത്തെ രാഷ്ട്രീയമായി തന്നെ വേണം വിലയിരുത്താന്‍.

പോയ വര്‍ഷം രാജ്യത്ത് മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായ പതിനൊന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഈ സംസ്ഥാനങ്ങളില്‍ അസമിന് 616 കോടി , ഹിമാചലിന് 284 കോടി, കര്‍ണാടകയ്ക്ക് 1869 കോടി, മധ്യപ്രദേശിന് 1749 കോടി
മഹാരാഷ്ട്രയ്ക്ക് 956 കോടി, ത്രിപുരയ്ക്ക് 63 കോടി എന്നിങ്ങനെ ധനസഹായം വിഹിതം വെച്ചപ്പോഴാണ് പ്രളയദുരന്തത്തില്‍ താരതമ്യേനെ കൂടുതല്‍ നാശനഷ്ടങ്ങളും ആളപായവുമെല്ലാമുണ്ടായ കേരളത്തെ പൂര്‍ണമായും തഴഞ്ഞത്.

2018 ലെ മഹാപ്രളയ സമയത്ത് കേരളത്തിന് യു.എ.ഇ യില്‍ നിന്നും ലഭിച്ച സഹായ വാഗ്ദാനങ്ങള്‍ക്ക് തുരങ്കം വെക്കുകയും വേണ്ടത് ചെയ്യാന്‍ രാജ്യത്ത്ിന് കരുത്തുണ്ടെന്ന് വീമ്പ് മുഴക്കുകയും ചെയ്ത കേന്ദ്രമാണ് ഇപ്പോള്‍ ഈ അവഗണന കാണിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് കഷ്ടത്തിലാക്കുന്ന സഹായനിഷേധത്തിന്റെ രാഷ്ട്രീയം ഇതിനകത്ത് വ്യക്തമാണ്.

കഴിഞ്ഞ സംപ്തംബര്‍ മാസത്തിലാണ് കേന്ദ്ര സംഘം കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തിയത്.
കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് 2100 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച നിവേദനം സമര്‍പ്പിക്കുകയും ചെയ്തതാണ്. ഇതേ നടപടിക്രമങ്ങളിലൂടെ തന്നെ കേന്ദ്രത്തെ സമീപിച്ച കര്‍ണാടക പോലുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രമ്ട് തവണ സഹായം നല്‍കിയപ്പോഴാണ് കേരളത്തെ മാത്രം ഒഴിവാക്കിയത് എന്നത് കൂടി ഓര്‍ക്കണം.

കേന്ദ്രത്തിന്റെ ഈ അവഗണനയും പക പോക്കലും ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല, പ്രളയത്തില്‍ മുച്ചൂടും മുങ്ങിപ്പോയ കേരളം പുനര്‍നിര്‍മാണത്തിന് വേണ്ടി കൈകാലിട്ടടിച്ചപ്പോഴും വലിയ ആസൂത്രണവും സാമ്പത്തിക ബാധ്യതയും വേണ്ടി വന്ന ആ പരിശ്രമങ്ങളെ പൊളിക്കാനാണ് കേന്ദ്രം അന്നും ശ്രമിച്ചത്.

2018 ആഗസ്ത് മാസത്തിലെ പ്രളയസമയത്ത് തന്നെ കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള സഹായങ്ങളെ തടയാനും കേന്ദ്ര ഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ അവരന്ന് ശ്രമിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശ യാത്രയ്ക്കുള്ള അനുമതി റദ്ദാക്കിയത് വഴി പ്രവാസി മലയാളികളില്‍ നിന്ന് ലഭിക്കുമായിരുന്ന വലിയൊരു തുകയാണ് കേന്ദ്രം ഇല്ലാതാക്കിയത്.

ഈ രീതിയില്‍ സംസ്ഥാന സര്‍ക്കാറിന് സ്വന്തം നിലയ്ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായങ്ങളത്രയും തടഞ്ഞതിന് ശേഷം അര്‍ഹമായ കേന്ദ്ര ഫണ്ടും ഇപ്പോള്‍ നല്‍കാതിരിക്കുകയാണ്.

പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഈ അവഗണനകള്‍ നടന്നുകൊണ്ടിരിക്കുന്നത്. റെയില്‍വേ അടക്കമുള്ള പൊതുഗതാഗത മേഖലയിലും കേരളം തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍വ മേഖലകളിലും കേരളത്തിന് നേരെ ഈ അവഗണന തുടരുന്നുണ്ട്. റേഷന്‍ വിഹിതം അടക്കമുള്ള കാര്യങ്ങല്‍ പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യമാകും.

ജ.ിഎസ്.ടി പോലുള്ള നികുതി പരിഷ്‌കരണത്തിലൂടെയും സര്‍ക്കാര്‍ ലോട്ടറികളുടെയും ഇതര സംസ്ഥാന ലോട്ടറികളുടെയും നികുതി ഏകീകരണത്തിലൂടെയും വലിയ നഷ്ടമാണ് നലിവില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായിട്ടുള്ളത്. അതിനിടയിലാണ് ഇത്തരം സാമ്പത്തിക ഉപരോധം കൂടി നേരിടേണ്ടി വരുന്നത്.

ഒരേ സമയം രണ്ട് കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഒന്ന് സംസ്ഥാനങ്ങളുടെ വരുമാനമാര്‍ഗങ്ങളെ പുതിയ പരിഷ്‌കരണങ്ങളിലൂടെ ഇല്ലാതാക്കുന്നു. രണ്ട് ഇതേ, പരിഷ്‌കരണങ്ങളിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കാതിരിക്കുന്നു, പ്രത്യേകിച്ചും രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ളവര്‍ക്ക്.

ദുരിതാശ്വാസ നിധി എന്നത് രാഷ്ട്രത്തിന്റെ സ്വത്താണ്. അതില്‍ ദുരിതം ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ന്യായമായ അവകാശമുണ്ട്. അത് ന്യായമായി വിഹിതം വെക്കുക എന്ന ചുമതലയാണ് കേന്ദ്രം നിര്‍വഹിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും ഔദാര്യം പോലെ നല്‍കുകയല്ല.

സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരു ചെറു അനക്കം പോലും ഇനിയും ഉണ്ടാക്കാന്‍ സാധിക്കാത്ത കേരളത്തെ കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ തകര്‍ത്തുകളയാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ ഈ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിലെ ഭരണപ്രതിപക്ഷം ഒന്നിച്ച് നിന്ന് ശക്തമായ ഭാഷയില്‍ തിരിച്ചടിക്കേണ്ടിയിരിക്കുന്നു.

 

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍