| Sunday, 22nd October 2023, 8:04 pm

സർക്കാർ നേട്ടം വിളംബരം ചെയ്യാൻ സൈനിക, സിവിൽ സർവീസ് ഉദ്യോഗസ്ഥർ; സർക്കുലർ തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് മുൻ ഉദ്യോഗസ്ഥർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങൾ വിളംബരം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ നിർദേശിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം.

ഒക്ടോബർ 17ന് മോദി സർക്കാർ എല്ലാ മന്ത്രാലയങ്ങൾക്കും അയച്ച സർക്കുലറിൽ രാജ്യത്തെ 765 ജില്ലകളിലും പഞ്ചായത്ത്‌ തലം വരെയുള്ള ജോയിന്റ് സെക്രട്ടറി/ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ജില്ലാ രഥ് പ്രഭാരികളായി (സ്പെഷ്യൽ ഓഫീസർ) വിന്യസിക്കാൻ നിർദേശിച്ചിരുന്നു. നവംബർ 20, 2023 മുതൽ ജനുവരി 25, 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ ഒമ്പത് വർഷത്തെ മോദി ഭരണകൂടത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.

ഒക്ടോബർ 21ന്, മുൻ കേന്ദ്ര സർക്കാർ സെക്രട്ടറി ഇ.എ.എസ്. ശർമ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പുതിയ ഉത്തരവ് എൻ.ഡി.എ സർക്കാരിന് മറ്റു രാഷ്ട്രീയ പാർട്ടികളെക്കാൾ മുൻ‌തൂക്കം നൽകുമെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും ശർമ ചൂണ്ടിക്കാട്ടി.

പ്രതിരോധ മന്ത്രാലയത്തിന് ഉൾപ്പെടെ സർക്കുലർ കൈമാറിയിട്ടുണ്ട് എന്നതിനാൽ എൻ.ഡി.എ സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിന്യസിക്കുന്നത് അനുചിതമാണെന്നും ശർമ പറഞ്ഞു.

ശർമയുടെ കത്തിനെ പിന്തുണച്ചുകൊണ്ട് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.ജി. ദേവസഹായവും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

പരസ്യപ്രചരണത്തിന് സർക്കാരിന് സ്വന്തമായി ഒരു വകുപ്പ് തന്നെ ഉണ്ടായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും സൈനിക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തുന്നത് അനുചിതമാണെന്ന് മുൻ ക്യാബിനറ്റ് സെക്രട്ടറി ബി.കെ. ചതുർവേദി ദി വയറിനോട് പറഞ്ഞു.

‘ഈ നടപടി കീഴ്‌വഴക്കമുള്ളതല്ല. എന്റെ സിവിൽ സർവീസ് ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല. സർക്കാർ നടപടികളെ പരസ്യപ്പെടുത്താൻ കേന്ദ്ര സർക്കാരിന് സ്വന്തമായി വകുപ്പുകളുണ്ട്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പ്രചാരണ പരിപാടികളിൽ സിവിൽ സർവീസ്, സൈനിക ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് അനുചിതമാണ്,’ ചതുർവേദി പറഞ്ഞു.

രാഷ്ട്രീയവും സിവിൽ സർവീസും തമ്മിലുള്ള അതിർവരമ്പുകൾ ലംഘിക്കുകയാണ് പുതിയ ഉത്തരവെന്ന് മുൻ ആസൂത്ര കമ്മീഷൻ അംഗം എൻ.സി. സക്സേന പറഞ്ഞു.

ഉത്തരവിനെതിരെ കോൺഗ്രസ്‌ നേതാക്കളായ ജയറാം രമേശും മല്ലികാർജുൻ ഖാർഗെയും രംഗത്ത് വന്നിട്ടുണ്ട്.

Content Highlight: Modi government circular to deploy Government officials to celebrate the achievements of Centre

We use cookies to give you the best possible experience. Learn more