ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി ഇന്ത്യയിൽ വിൽക്കണം; അദാനിക്കായി നിയമം ഭേദഗതി ചെയ്ത് മോദി
national news
ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി ഇന്ത്യയിൽ വിൽക്കണം; അദാനിക്കായി നിയമം ഭേദഗതി ചെയ്ത് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 5:57 pm

ന്യൂദൽഹി: ഊർജ്ജ കയറ്റുമതി നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. അയൽ രാജ്യത്തേക്ക് വൈദ്യുതി വിതരണം നടത്താനായുള്ള 2018ലെ മാർഗനിർദേശങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയത്. ഇതോടെ ബംഗ്ലാദേശിൽ വിതരണം ചെയ്യാനായി കരാർ ചെയ്ത വൈദ്യതി ഇന്ത്യയിൽ വിൽക്കാൻ അദാനി പവറിന് അനുമതി ലഭിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി മൂലമുണ്ടാകുന്ന തടസങ്ങളിൽ നിന്ന് അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് വിമർശനം ഉയരുന്നുണ്ട്.

2018ൽ അയൽ രാജ്യത്തിന് മാത്രമായി വൈദ്യുതി വിതരണം ചെയ്യുന്ന ജനറേറ്ററുകളെക്കുറിച്ചുള്ള മാർഗനിർദേശങ്ങളിലാണ് സർക്കാർ ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലുള്ള അദാനി പവറിൻ്റെ 1,600 മെഗാവാട്ട് പവർ പ്ലാൻ്റ് മാത്രമാണ് നിലവിൽ അവർ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മൊത്തമായും മറ്റൊരു രാജ്യത്തിന് നൽകുമെന്നുള്ള കരാറിലേർപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്കുള്ളിൽ വൈദ്യുതി വിൽപ്പന സുഗമമാക്കുന്നതിന് ഇത്തരം വൈദ്യുതി ഉത്പാദന സ്റ്റേഷനെ ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ സർക്കാരിന് അനുമതി നൽകുകയാണ് പുതിയ ഭേദഗതി. അതോടൊപ്പം അയൽരാജ്യത്ത് നിന്നുള്ള പേയ്‌മെന്റിൽ കാലതാമസം ഉണ്ടായാൽ പ്രാദേശിക ഗ്രിഡിലേക്ക് വൈദ്യുതി വില്പന അനുവദിക്കാനും നിയമ ഭേദഗതി സർക്കാരിന് അവകാശം നൽകുന്നു.

 

2017ൽ ഒപ്പുവച്ച കരാർ പ്രകാരം അദാനി ഗ്രൂപ്പ് ബംഗ്ലാദേശിന് വൈദ്യുതി വിൽക്കുന്നുണ്ട്. എന്നാൽ, കരാർ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡ് കമ്പനിക്ക് അയച്ച കത്തിന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.

പുനരവലോകനങ്ങളെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഉയർന്ന വിലയാണ് തർക്കവിഷയമെന്ന് ഒരു അജ്ഞാത ഉദ്യോഗസ്ഥൻ ബംഗ്ലാദേശി വാർത്താ ഏജൻസിയായ യു.എൻ.ബിയോട് പറഞ്ഞിരുന്നു.

‘ഞങ്ങളുടെ വീക്ഷണത്തിൽ, അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്ന കൽക്കരി വില (USD400/MT) അധികമാണ് – അത് 250 USD/MT-ൽ കുറവായിരിക്കണം, അതാണ് ഞങ്ങളുടെ മറ്റ് താപവൈദ്യുത നിലയങ്ങളിൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് ഞങ്ങൾ നൽകുന്നത്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും അവരെ പുറത്താക്കാനുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വൈദ്യുതി കയറ്റുമതി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇന്ത്യൻ സർക്കാർ ഭേദഗതി വരുത്തിയത്.

 

 

Content Highlight: Modi government amends rules to allow Adani to sell Bangladesh-bound power within India