ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കള്ളന്‍ പരാമര്‍ശം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണ്. കാവല്‍ക്കാരനാണെന്ന് സ്വയം വിശേഷിപ്പിച്ച മോദി റാഫേല്‍ കരാറില്‍ 30000 കോടി രൂപ അനില്‍ അംബാനിയുടെ പോക്കറ്റിലിട്ടു കൊടുത്തിരിക്കുകയാണ്.”
45000 കോടി രൂപ കടമുള്ളയാളാണ് മോദിയുടെ സുഹൃത്തായ അംബാനിയെന്നും രാഹുല്‍ ആരോപിച്ചു. ഒരു വിമാനം പോലും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് മോദി 30000 കോടി രൂപയുടെ കരാര്‍ സമ്മാനിക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: പ്രളയക്കെടുതി: ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജുമായി സര്‍ക്കാര്‍
രാജ്യത്തെ ദരിദ്രരുടെയും യുവാക്കളുടെയും പോക്കറ്റില്‍ നിന്നെടുത്ത പണം അംബാനിയുടെ പോക്കറ്റിലിടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
ജി.എസ്.ടിയും നോട്ടുനിരോധനവും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ത്തുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടിയില്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ പറഞ്ഞു.
“ഗബ്ബാര്‍ സിംഗ് ടാക്‌സിലൂടെയും നോട്ടുനിരോധനത്തിലൂടെയും മോദി സര്‍ക്കാര്‍ ചെറുകിട വ്യാപാരമേഖലയെ തകര്‍ത്തു. നമ്മള്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ഗബ്ബാര്‍ സിംഗ് ടാക്‌സിനെ യഥാര്‍ത്ഥ നികുതിയാക്കി മാറ്റും.”-രാഹുല്‍ വ്യക്തമാക്കി.
WATCH THIS VIDEO: