വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പങ്കാളി ജില്‍ ബൈഡന് 2023ല്‍ ഏറ്റവും വിലയേറിയ സമ്മാനം നല്‍കിയത് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോര്‍ട്ട്. ഏകദേശം 20,000 ഡോളര്‍ മൂല്യമുള്ള നിര്‍മിത വജ്രം അഥവാ ലാബ് ഗ്രോണ്‍ ആണ് യു.എസ് പ്രഥമ വനിതയായ ജില്‍ ബൈഡന് ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മാനിച്ചത്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പ്രസിദ്ധീകരിച്ച വാര്‍ഷിക അക്കൗണ്ടിങ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 21ന് വൈറ്റ് ഹൗസില്‍ എത്തിയപ്പോഴാണ് മോദി ജോ ബൈഡനും ജില്‍ ബൈഡനും സമ്മാനങ്ങള്‍ നല്‍കിയത്. ബൈഡന് സമ്മാനിച്ച ചന്ദനപ്പെട്ടിയില്‍ ഗണപതി വിഗ്രഹം, എണ്ണ വിളക്ക്, പത്ത് ചെറിയ വെള്ളിപ്പെട്ടികള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.
ഇതുവരെ ഒരു പ്രസിഡന്റ് കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും ചെലവേറിയ സമ്മാനമാണ് ജില്‍ ബൈഡന് മോദി സമ്മാനിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസിലെ ഉക്രേനിയന്‍ അംബാസഡറില്‍ നിന്ന് ലഭിച്ച 14,063 ഡോളര്‍ വിലമതിക്കുന്ന ബ്രൂച്ചാണ് രണ്ടാമത്തെ വില കൂടിയ സമ്മാനം. ഈജിപ്തിലെ പ്രസിഡന്റില്‍ നിന്നും പ്രഥമ വനിതയില്‍ നിന്നും 4,510 ഡോളര്‍ വിലമതിക്കുന്ന ഒരു ബ്രേസ്ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആല്‍ബം എന്നിവയും മൂല്യം കൂടി മറ്റ് ഉപഹാരങ്ങളാണ്.
മംഗോളിയന്‍ പ്രധാനമന്ത്രിയില്‍ നിന്ന് 3,495 ഡോളര്‍ വിലമതിക്കുന്ന മംഗോളിയന്‍ യോദ്ധാക്കളുടെ പ്രതിമയും ബ്രൂണെ സുല്‍ത്താനില്‍ നിന്ന് 3,300 ഡോളര്‍ വിലമതിക്കുന്ന ഒരു വെള്ളി പാത്രവും ഇസ്രഈല്‍ പ്രസിഡന്റില്‍ നിന്ന് 3,160 ഡോളറിന്റെ സ്റ്റെര്‍ലിംഗ് സില്‍വര്‍ ട്രേയും ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയില്‍ നിന്ന് 2,400 ഡോളര്‍ വിലമതിക്കുന്ന കൊളാഷും ബൈഡന്‍ കുടുംബത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.
യു.എസ് ഫെഡറല്‍ നിയമങ്ങള്‍ അനുസരിച്ച്, എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വിദേശ നേതാക്കളില്‍ നിന്ന് ലഭിക്കുന്ന 480 ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്.
ഇവയില്‍ ഏറ്റവും വിലകൂടിയവ ദേശീയ ആര്‍ക്കൈവുകളിലേക്ക് മാറ്റുകയോ ഔദ്യോഗിക പ്രദര്‍ശനങ്ങളില്‍ സ്ഥാപിക്കുകയോ ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മാനിച്ച 20,000 ഡോളറിന്റെ വജ്രം വൈറ്റ് ഹൗസിലെ ഈസ്റ്റ് വിങ്ങിലേക്ക് മാറ്റിയതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പറയുന്നു. മറ്റ് സമ്മാനങ്ങള്‍ ആര്‍ക്കൈവുകളിലേക്ക് അയച്ചതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ രേഖകളില്‍ പറയുന്നുണ്ട്. കാണിക്കുന്നു.
Content Highlight: Modi gave the most expensive gift to Jill Biden in 2023; Value $20,000