മോദി-അന്ധകാരയുഗത്തിന്റെ ആവരണം; ജനാധിപത്യത്തിലൂടെ സേച്ഛാധിപത്യത്തിലേക്ക് ഫാസിസത്തിന്റെ തിരപ്പുറപ്പാട്
Daily News
മോദി-അന്ധകാരയുഗത്തിന്റെ ആവരണം; ജനാധിപത്യത്തിലൂടെ സേച്ഛാധിപത്യത്തിലേക്ക് ഫാസിസത്തിന്റെ തിരപ്പുറപ്പാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2016, 8:42 pm

ഹിറ്റ്‌ലറുടെ ജര്‍മന്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ ഭാരതീയ സമൂഹം തയ്യാറാവുകയാണെങ്കില്‍ ജനങ്ങളുടെ തീവ്രമായ രാഷ്ട്രീയ ബോധവല്‍ക്കരണം മാത്രമാണ് അപകടമൊഴിവാക്കുവാന്‍ ഇടയുള്ളത്. ചില ഘടകങ്ങള്‍ ഇന്ത്യക്കനുകൂലമായിട്ടുണ്ട്. ജര്‍മനിക്ക് ഒരു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാരമ്പര്യമില്ലായിരുന്നുവല്ലൊ. ഇന്ത്യക്കതുണ്ട്. മാത്രമല്ല, നരവംശങ്ങളുടെയും ഭാഷയുടെയും മതങ്ങളുടെയും കാര്യത്തില്‍ അനന്ത വൈവിധ്യം, നല്ലതിനായാലും ചീത്തക്കായാലും, ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ എഴുതി വെക്കുകയും നീതിന്യായ സംവിധാനത്തെ നിയമ നിര്‍മാണനിര്‍വഹണ സ്ഥാപനങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന ഒരു ഭരണഘടന ഇവിടെ അര നൂറ്റാണ്ടിലധികമായി പ്രാവര്‍ത്തികമായിക്കഴിഞ്ഞിരിക്കുന്നു.



ഇന്ന് മോദി ഫാഷിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നത്. പക്ഷേ ഭാവിയില്‍ അദ്ദേഹം ഫാഷിസ്റ്റു ഭരണത്തിലേക്ക് നീങ്ങാനുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് അതിനെ തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ദീര്‍ഘ ദൃഷ്ടിയുള്ള ജനാധിപത്യ ചിന്തകരുടെ കര്‍ത്തവ്യമാണ്.

|ഒപ്പീനിയന്‍:എം.ജി.എസ് നാരായണന്‍|


ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് ഒരു വഴിയുണ്ടെന്ന് ഹിറ്റ്‌ലര്‍ തെളിയിച്ചിട്ടുണ്ട്. ആ നാസി ജര്‍മന്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠം പഠിക്കാന്‍ ഭാരതം ഒരുങ്ങേണ്ടതാണ്. ഏറെ ജനപ്രിയമായ, വിജയകരമായ പദ്ധതികളിലൂടെയുള്ള മോദി സര്‍ക്കാറിന്റെ പ്രയാണം ആ വഴിക്കാണ് വിരല്‍ ചൂണ്ടുന്നത്.

അധികാരഭ്രഷ്ടരായ കോണ്‍ഗ്രസ്സുകാരും അധികാര ദുര്‍മോഹികളായ മാര്‍ക്‌സിസ്റ്റുകളും ആണ് ഇന്ന് മോദിയെ ഫാഷിസ്റ്റായി ചിത്രീകരിക്കുന്നത്. ഈ രണ്ടുകൂട്ടരും തരം കിട്ടിയാല്‍ ഭരണഘടനയെ വളച്ചൊടിച്ച് ഏകാധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുമെന്ന് ഇന്ദിരയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനവും കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സെല്‍ ഭരണവും തെളിയിക്കുന്നു. ഈ രണ്ടിനെയും തോല്‍പ്പിക്കാനുള്ള വീര്യം ഭരണഘടനയ്ക്കുണ്ടായി. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല.

ഇന്ന് മോദി ഫാഷിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നത്. പക്ഷേ ഭാവിയില്‍ അദ്ദേഹം ഫാഷിസ്റ്റു ഭരണത്തിലേക്ക് നീങ്ങാനുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് അതിനെ തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ദീര്‍ഘ ദൃഷ്ടിയുള്ള ജനാധിപത്യ ചിന്തകരുടെ കര്‍ത്തവ്യമാണ്. സാധാരണജനങ്ങള്‍ക്ക് അതെളുപ്പത്തില്‍ മനസ്സിലാകില്ല. അവരെ മനസ്സിലാക്കിക്കാനുള്ള ബോധവല്‍ക്കരണം നടത്തുകയും ഫാഷിസ്റ്റ് പ്രവണതകളെ തടയുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ആണ് ഇപ്പോള്‍ ചെയ്യേണ്ടത്.

ആദ്യമായി ഫാഷിസത്തിലേക്കുള്ള കാല്‍വെപ്പിനെ സഹായിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാം; അതാണ് ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.

1.    കാര്യകാരണങ്ങള്‍ ബന്ധപ്പെടുത്തി യുക്തിയുക്തമായി ചിന്തിക്കാനും വിശ്വാസ്യമായ രീതിയില്‍ മുദ്രാവാക്യങ്ങളിലൂടെ അതാവിഷ്‌കരിക്കാനും പ്രാപ്തിയുള്ള ഒരു നേതാവ്. അദ്ദേഹത്തിന് പിന്നില്‍ അണിയറയില്‍ പ്രവര്‍ത്തിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ ഒരു ചെറിയ സൈന്യം ഉണ്ടായിരിക്കണം. അതേസമയം അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ ധിക്കരിക്കാനോ പ്രാപ്തരായ ഒരാളും ഉണ്ടായിരിക്കരുത്. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ സ്വന്തം നാട്ടിലും അന്യനാടുകളിലും താന്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തി അനുകൂലാഭിപ്രായം വളര്‍ത്തുന്ന തരത്തിലായിരിക്കണം. അദ്ദേഹത്തിന്റെ നയപരിപാടികള്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും വോട്ടുനേടാന്‍ സഹായിക്കുന്നതും ആയിരിക്കണം.

2.    തെരഞ്ഞെടുപ്പിലൂടെ അദ്ദേഹത്തെ അധികാരത്തിലെത്തിച്ച് ജനപ്രതിനിധി സഭകളില്‍ അജയ്യനായി സംരക്ഷിക്കുന്നത് പട്ടാളച്ചിട്ടയുള്ള, രഹസ്യാത്മകതയുള്ള, ഒരു സംഘടന ആയിരിക്കണം. ആ സംഘടനയ്ക്ക് രാജ്യത്തെ ഭൂരിപക്ഷമായ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരിക്കുകയും അതേ സമയം തുറന്ന ജനാധിപത്യ സമ്പ്രദായങ്ങളില്‍ നിന്ന് പൊതുവായ നയചര്‍ച്ചകള്‍, നേതൃമാറ്റങ്ങള്‍ അകന്നു നില്‍ക്കുകയും വേണം. പൊതുവേ സംഘടനയെ അനുസരിക്കുമ്പോഴും മര്‍മപ്രധാനമായ ചില കാര്യങ്ങളില്‍ അതിനെ ധിക്കരിച്ച് വ്യക്തിത്വം പ്രകടിപ്പിക്കുവാനുള്ള തന്റേടം നേതാവിനുണ്ടായിരിക്കണം.

3.    തീവ്രദേശാഭിമാനത്തിന്റെയും അധ:കൃതരും അവശരുമായ ജനവിഭാഗങ്ങളോടുള്ള കലശലായ പ്രണയത്തിന്റെയും വൈകാരിക സ്വഭാവം ഭരണശൈലിയില്‍ പ്രതിഫലിച്ചിരിക്കണം. അധികാരത്തില്‍ വന്ന ഉടനെ അഴിമതി നീക്കം ചെയ്യുന്നതും അക്രമികളെ ഒതുക്കി ജനങ്ങളെ സംരക്ഷിക്കുന്നതുമായ നടപടികള്‍ സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നടപ്പാക്കാന്‍ ശ്രദ്ധിക്കണം. മുന്‍ സര്‍ക്കാറുകള്‍ പ്രസംഗത്തില്‍ നിര്‍ത്തിയ പദ്ധതികള്‍ പ്രവൃത്തി പഥത്തിലെത്തിച്ച് ജനങ്ങളുടെ  കയ്യടി വാങ്ങാന്‍ ഒരുങ്ങിയിരിക്കണം.

4.    രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഏതെങ്കിലും ശക്തിയെ, സമുദായത്തെയോ സംഘടനയെയോ, മുഖ്യ ശത്രുവായിക്കണ്ട് സമരം പ്രഖ്യാപിക്കണം. ഈ ശത്രുതയിലൂടെ ജനങ്ങളുടെ ജാഗ്രതയുയര്‍ത്താനും ഐക്യം നിലനിര്‍ത്താനും സൈന്യത്തിന്റെ ആവേശം കെട്ടുപോകാതെ പാലിക്കാനും സാധിക്കണം.

5.    അത്യന്താധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വാര്‍ത്താവിനിമയം ഗതാഗതം തുടങ്ങിയ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കണം. ഇന്നത്തെ നിലയില്‍ ഡിജിറ്റലൈസേഷന്‍, സൈബര്‍ നെറ്റ് എന്നിവ പ്രോത്സാഹിപ്പിക്കണം. ഉന്നത സാങ്കേതിക വിദ്യയും സേച്ഛാധിപത്യവും ഒന്നിച്ചു നീങ്ങുന്ന ദുരവസ്ഥയാണ് ചരിത്രത്തില്‍ കാണപ്പെടുന്നത്.

modi-cabinet

മേല്‍പ്പറഞ്ഞ അഞ്ചു ഘടകങ്ങളും മോദി സര്‍ക്കാരില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ നേതൃഗുണങ്ങള്‍ നേരത്തെ ഗുജറാത്തിലും ഇപ്പോള്‍ കേന്ദ്രത്തിലും ജനസമക്ഷം തെളിയിക്കപ്പെട്ടിരിക്കുന്നു. അഴിമതിയുടെ കറ പുരളാത്ത, കുടുംബ താല്‍പ്പര്യം പോലുമില്ലാത്ത, രാഷ്ട്രീയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.

മാത്രമല്ല, പിന്നാക്ക സമുദായത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരാളെന്ന ഖ്യാതിയും പരിവേഷവും മോദിക്കുണ്ട്. അദ്ദേഹത്തെ പിന്തുണച്ച് അധികാരത്തിലെത്തിച്ച ബി.ജെ.പി. കുത്തഴിഞ്ഞ സംഘടനയാണെങ്കിലും അതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ആര്‍.എസ്.എസ്, മാര്‍ക്‌സിസ്റ്റുകളോടൊപ്പം തന്നെ ഒരുപക്ഷേ അവരെക്കാളേറേ, അച്ചടക്കവും പട്ടാളച്ചിട്ടയുമുള്ള സംഘടനയാണ്. മാത്രമല്ല പരസ്യമായിത്തന്നെ സ്‌കൂള്‍ കാമ്പസ്സുകളില്‍ ആയുധപരിശീലനം നടത്തിപ്പോന്ന പാരമ്പര്യവും യൂനിഫോമിട്ട സ്വയം സേവകരുടെ നിരന്തര പരിശീലനവും അവരെ സമര സന്നദ്ധരാക്കി നിര്‍ത്തുന്നു.

ദേശിയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും വിജയകരമായി നയിച്ച് ഭാരതത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത കോണ്‍ഗ്രസ്സിന്റെ ഏതാണ്ട് സമ്പൂര്‍ണ്ണമായ അപചയം മോദി സര്‍ക്കാറിന് വലിയൊരു നേട്ടമാണ്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യം ക്ഷയിച്ചുപോയിരിക്കുന്നു. അവസരത്തിനൊത്തുയര്‍ന്ന സോണിയാ ഗാന്ധിയുടെ ബുദ്ധിയും സംഘടനാ വൈദഗ്ദ്ധ്യവും തന്ത്രജ്ഞതയും ഇത്രകാലം കോണ്‍ഗ്രസ്സിന്റെ ശിഥിലീകരണത്തെ, ഗ്രൂപ്പിസത്തെ, തടഞ്ഞു നിര്‍ത്തി. എങ്കിലും ഒരിക്കലും പ്രായപൂര്‍ത്തി വരാത്ത, ഏതാണ്ട് ഒരു മന്ദബുദ്ധിയുടെ ചാപല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, പാര്‍ലമെന്റില്‍ കിട്ടിയ അവസരം ഒരു നല്ല പ്രസംഗം നടത്താന്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം കോണ്‍ഗ്രസ്സിനെ തകര്‍ത്തുകളഞ്ഞു. ആ കക്ഷിയുടെ രാഷ്ട്രീയമായ ആത്മഹത്യയാണ് മോദിയുടെ അഭ്യുദയത്തിന് പശ്ചാത്തലമൊരുക്കിയത്.

നെഹ്‌റു ഗാന്ധി പാരമ്പര്യം സ്വന്തം പേരുകളില്‍ വ്യാജമായി സ്വീകരിച്ച്, ജനാധിപത്യത്തില്‍ കുടുംബാധിപത്യം ശാശ്വതീകരിക്കാന്‍ വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ സോണിയാദാസ്യം ഉറപ്പാക്കിയവരെ മാത്രം കോണ്‍ഗ്രസ്സില്‍ നില നിര്‍ത്തി, മറ്റുള്ളവര്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ നിഷേധിച്ച്, ആ കക്ഷിയെ നിര്‍ജീവമാക്കിയ കാഴ്ചയാണ് നാം കണ്ടത്.

പിന്നെ വ്യത്യസ്തരായി അവശേഷിച്ചത് മന്‍മോഹന്‍ സിങ്ങും പ്രണബ് മുഖര്‍ജിയും മാത്രമായിരുന്നു. ഗ്രൂപ്പുകളില്‍ മനസ്സുവെച്ച്, അഴിമതിയോട് ആഭിമുഖ്യം പുലര്‍ത്തി, അക്ഷരവൈരികളായി മാറിയ കോണ്‍ഗ്രസ്സ് അണികള്‍ ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സിനോടുള്ള സൗമനസ്യം വേണ്ടപോലെ ഉപയോഗപ്പെടുത്തിയില്ല.

അഴിമതിയറിയാത്ത ശുദ്ധാത്മാവും സ്വന്തം സാമ്പത്തിക മേഖലയില്‍ അഗ്രഗണ്യനും ആണെങ്കിലും രാഷ്ട്രീയ നയതന്ത്രത്തില്‍ വട്ടപ്പൂജ്യമായ മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കുമ്പോള്‍ താന്‍ ചൂണ്ടിക്കാണിച്ച ഇടത്തെല്ലാം പ്രതിഷേധം കൂടാതെ ഒപ്പുവെക്കുന്ന ഒരാളെ ആ സ്ഥാനത്ത് വേണമെന്നാണ് സോണിയ ആഗ്രഹിച്ചത്. രാഷ്ട്രീയ അനുഭവ സമ്പന്നനും നയതന്ത്രജ്ഞനുമായ പ്രണാബ് മുഖര്‍ജിയെ ആ സ്ഥാനത്ത് വെച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുമായിരുന്നു. പക്ഷേ ഒരു ഒപ്പിനായി പ്രവര്‍ത്തിക്കുവാന്‍ മുഖര്‍ജിയെ കിട്ടുകയില്ലല്ലൊ.

congress

അതുകൊണ്ടാണ് അദ്ദേഹത്തെ ഉന്നതമെങ്കിലും നിരുപദ്രവമായ രാഷ്ട്രപതി സ്ഥാനത്തേക്ക് ചവിട്ടിക്കയറ്റിയത്. മാത്രമല്ല, പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരായി പ്രണബ് മുഖര്‍ജിയെപ്പോലെ ഒരു പേര്  എങ്ങും പ്രത്യക്ഷപ്പെടാതിരിക്കാനും അതാവശ്യമായിരുന്നു. വംശഗുണം എന്തുണ്ടെങ്കിലും ജന്മനാ ലഭിക്കേണ്ട ഐ.ക്യു ഇല്ലാത്ത ഒരാളെ എത്രമാത്രം പൊക്കിയാലും പൊങ്ങുന്നതിന് ഒരതിരുണ്ടെന്ന കാര്യം മാത്രം കല്യാണത്തിരക്കില്‍ താലികെട്ടാന്‍ മറന്നപോലെ  വേണ്ടപ്പെട്ടവര്‍ മറന്നു പോയി.

മോദിയുടെ മാര്‍ഗ്ഗത്തില്‍ കോണ്‍ഗ്രസ്സ് എന്ന തടസ്സം ഇല്ലാതായപോലെ മുസ്‌ലിം ലീഗ് എന്ന തടസ്സവും ഇല്ലാതായി. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സത്വത്തിന്റെ ഉയര്‍ച്ച മുസ്‌ലിംകള്‍ക്കാകെ ഭീഷണിയായി. മിതവാദികളായ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് അവരുടെ കാലിന്നടിയില്‍ നിന്ന് മണ്ണ് ഒലിച്ചു പോകുന്ന പോലെയുള്ള അനുഭവമുണ്ടായി. സാധാരണ മുസ്‌ലിംകള്‍ തീവ്രവാദികളാവാന്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍പോലും അവരുടെ പ്രശ്‌നത്തില്‍ എതിര്‍പ്പുണ്ടാക്കാതിരിക്കാനും നിശ്ശബ്ദത പാലിക്കാനും നിര്‍ബന്ധിതരായി. ദളിത്-മാര്‍ക്‌സിസ്റ്റ് സംഘടനകളൊക്കെ തല്‍പ്പരകക്ഷികള്‍ എത്രമാത്രമുയര്‍ത്തിയാലും മുഖ്യധാരാ പ്രതിപക്ഷമാവാന്‍ മാത്രം പ്രാപ്തിയാര്‍ജിക്കാനിടയില്ല. ദളിതുകള്‍ ഒരു സംഘടിത ശക്തിയല്ലല്ലോ.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നു പോവുകയും ചൈന മുതലാളിത്ത പാതയില്‍ മുന്നേറുകയും ചെയ്തതോടെ പണ്ടേ ക്വിറ്റ് ഇന്ത്യാ പ്രമേയ വിരോധത്തോടെ രാജ്യദ്രോഹ കളങ്കം സമ്പാദിച്ച മാര്‍ക്‌സിസ്റ്റുകള്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ഒരു ചെറിയ തലവേദന മാത്രമായി മാറി. കേരളത്തിലെ അധികാര സ്ഥാനാരോഹണം അവരുടെ നേതാക്കളെ പ്രത്യയശാസ്ത്രത്തിന്റെ പാതയില്‍ നിന്നകറ്റി ഉപഭോഗതത്പരന്മാരും സമ്പന്നരുമാക്കി. രണ്ടുമൂന്നു ദശകങ്ങളായി ഭരിച്ചുമുടിച്ച വെസ്റ്റ് ബംഗാള്‍ അവര്‍ക്കൊരു പേടി സ്വപ്നമായിത്തീര്‍ന്നു.

ഈ സാഹചര്യങ്ങളില്‍ ഒരു സ്വേച്ഛാധിപത്യ ഭരണത്തിന്റെ, ഫാഷിസത്തിന്റെ, അരങ്ങേറ്റത്തിന് പശ്ചാത്തലമൊരുക്കുന്നതായി ലേഖനത്തിന്റെ ആദ്യ ഭാഗത്ത് വിവരിച്ച അഞ്ചു ഘടകങ്ങളും ഇപ്പോള്‍ മോദിക്കനുകൂലമായി ഒത്തുചേര്‍ന്നിരിക്കുന്നു. ഇനി അദ്ദേഹത്തിന് ആയുരാരോഗ്യങ്ങള്‍ കൂടി ഉണ്ടാവുകയാണെങ്കില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലൂടെത്തന്നെ സ്വേച്ഛാധിപത്യഭരണം സൃഷ്ടിക്കുവാന്‍ സാധിച്ചേക്കും. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഫാഷിസ്റ്റാണെന്ന് പറഞ്ഞുകൂടെങ്കിലും ഇനി വരുന്ന വര്‍ഷങ്ങളില്‍ ഫാഷിസ്റ്റ് ഭരണത്തിലേക്കെത്തുവാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നത്.

പരിഹാരമോ? ഹിറ്റ്‌ലറുടെ ജര്‍മന്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ ഭാരതീയ സമൂഹം തയ്യാറാവുകയാണെങ്കില്‍ ജനങ്ങളുടെ തീവ്രമായ രാഷ്ട്രീയ ബോധവല്‍ക്കരണം മാത്രമാണ് അപകടമൊഴിവാക്കുവാന്‍ ഇടയുള്ളത്. ചില ഘടകങ്ങള്‍ ഇന്ത്യക്കനുകൂലമായിട്ടുണ്ട്. ജര്‍മനിക്ക് ഒരു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാരമ്പര്യമില്ലായിരുന്നുവല്ലൊ. ഇന്ത്യക്കതുണ്ട്. മാത്രമല്ല, നരവംശങ്ങളുടെയും ഭാഷയുടെയും മതങ്ങളുടെയും കാര്യത്തില്‍ അനന്ത വൈവിധ്യം, നല്ലതിനായാലും ചീത്തക്കായാലും, ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ എഴുതി വെക്കുകയും നീതിന്യായ സംവിധാനത്തെ നിയമ നിര്‍മാണനിര്‍വഹണ സ്ഥാപനങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന ഒരു ഭരണഘടന ഇവിടെ അര നൂറ്റാണ്ടിലധികമായി പ്രാവര്‍ത്തികമായിക്കഴിഞ്ഞിരിക്കുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായി റദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരും.
അതൊഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗം ഉയര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് തീവ്രമായ ജനാധിപത്യ പഠനവും പരിശിലനവും ഇപ്പോള്‍ത്തന്നെ നിര്‍ബന്ധമാക്കുന്ന ഒരു പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുക എന്നതാണ്. എത്രനേരത്തെ ഈ തിരിച്ചറിവുണ്ടാകുന്നുവോ അത്രയും രക്ഷാ സാധ്യത വര്‍ദ്ധിക്കുന്നു. എത്ര വൈകുന്നുവോ അത്രയും വേഗം രക്ഷാകവാടങ്ങള്‍ അടഞ്ഞ് അന്ധകാരയുഗത്തിന്റെ ആവരണം അടുത്തെത്തുന്നു.


കടപ്പാട്: ചന്ദ്രിക ആഴ്ചപ്പതിപ്പ്