സാധ്വി പ്രാചി, യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് ഇവര്‍ ബി.ജെ.പി അണികള്‍ക്ക് തലവേദന
Daily News
സാധ്വി പ്രാചി, യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് ഇവര്‍ ബി.ജെ.പി അണികള്‍ക്ക് തലവേദന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2015, 8:00 am

sadhiന്യൂദല്‍ഹി: വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമശ്രദ്ധ നേടിയ ബി.ജെ.പി നേതാക്കളായ സാധ്വി പ്രാചി, യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവര്‍ക്കെതിരെ നരേന്ദ്രമോദി ഫാന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവരെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ ബി.ജെ.പി കനത്ത വിലനല്‍കേണ്ടിവരുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

നരേന്ദ്രമോദി ഫാന്‍സ് പയ്യന്നൂര് എന്ന ഫേസ്ബുക്ക് പേജിലാണ് മൂന്നുപേരുടെയും ഫോട്ടോയ്‌ക്കൊപ്പം ഇത്തരമൊരു അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.

യോഗി ആദിത്യനാഥും, സാക്ഷി മഹാരാജും ബി.ജെ.പി എം.പിമാരാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവാണ് സാധ്വി പ്രാചി.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം  വര്‍ഗീയ വിഷം നിറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചിരുന്നു. ബീഫ് കഴിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം, ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം അഖ്‌ലാഖിന്റെ ഗതി വരും, ഖാന്‍മാരുടെ സിനിമ കാണരുത്, ഷാരൂഖ് പാകിസ്ഥാനിലേക്കു പോകണം തുടങ്ങി ഇവര്‍ നടത്തിയ പ്രസ്താവനകളില്‍ മിക്കതും ഏറെ വിവാദമായിരുന്നു.

yogiഇത്തരം പരാമര്‍ശം നടത്തുന്നതില്‍ നിന്നും ഇവരെ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഒന്നുരണ്ടു തവണ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇവരുമായി കൂടിക്കാഴ്ച നടത്തുകയും ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വിലക്കുകള്‍ അവഗണിച്ചും ഇവര്‍ പ്രസ്താവനകള്‍ തുടരുന്ന സ്ഥിതിയാണുണ്ടായത്. ബി.ജെ.പി സര്‍ക്കാറിനെതിരെ ഇപ്പോള്‍ പലയിടങ്ങളിലും ഉയരുന്ന രോഷപ്രകടനങ്ങള്‍ക്ക് ഇവരും ഒരു കാരണമാണ്. അതുതിരിച്ചറിഞ്ഞിട്ടുള്ളതാണ് മോദി ഫാന്‍സിന്റെ പോസ്റ്റ് എന്നുവേണം കരുതാന്‍.

ഈ പോസ്റ്റിനുവന്നിട്ടുള്ള കമന്റുകളില്‍ ഭൂരിപക്ഷവും ഈ മൂന്നുപേരെയും എതിര്‍ത്തുകൊണ്ടുള്ളതാണ്. അതേസമയം, ബി.ജെ.പിക്ക് വളരാന്‍ ഇവര്‍ ആവശ്യമാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്.