ചണ്ഡീഗഢ്: യു.എസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന ‘ഹൗഡി മോദി’ റാലിക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൂസ്റ്റണ്‍ സിറ്റി കോടതി അദ്ദേഹത്തിനെതിരെ സമന്‍സ് പുറപ്പെടുവിച്ചു. മോദിയുടെ ഏകപക്ഷീയമായ നടപടിയാണ് കശ്മീരില്‍ സൈനിക നടപടിയുണ്ടാക്കിയതെന്നാരോപിച്ചാണ് യു.എസില്‍ താമസിക്കുന്ന രണ്ട് കശ്മീരികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ എന്ന ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കശ്മീരിലെ സൈനികനടപടികള്‍ മനുഷ്യാവകാശ ലംഘനത്തിലേക്കു നയിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
‘കശ്മീര്‍ ഖാലിസ്ഥാന്‍ റെഫറന്‍ഡം ഫ്രണ്ട്’ എന്ന സംഘടനയുടെ പേരിലാണു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മോദിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലെഫ്. ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ എന്നിവരെയും പ്രതിസ്ഥാനത്തു നിര്‍ത്തിയാണു ഹരജി.
കശ്മീരില്‍ ഭരണകൂട കൊലപതാകങ്ങള്‍ നടന്നെന്നും മനുഷ്യത്വത്തിനു നേര്‍ക്ക് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയെന്നും അവര്‍ ആരോപിക്കുന്നു. 73 പേജുള്ള ഹരജിയാണിത്.
യു.എസിലെ നിയമമനുസരിച്ചുള്ള ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് 1991 പ്രകാരമാണു ഹരജി. അതുകൊണ്ടുതന്നെ യു.എസ് നിയമത്തില്‍ നിന്നു മോദിക്കു സംരക്ഷണം നല്‍കാനാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ നീക്കം.
നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) നിയമോപദേശകനായ ഗുര്‍പത്‌വന്ത് സിങ് പന്നുന്‍ എന്നയാളാണ് ഹരജിയുടെ പിന്നിലെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിഖ് വിഘടനവാദികളെ കശ്മീര്‍ വിഘടനവാദികളുമായി ബന്ധിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹൂസ്റ്റണ്‍ കോടതിക്കു പുറത്ത് ഈ കേസുമായി ബന്ധപ്പെട്ട് പന്നുന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
വിഘടനവാദ സംഘടനയെന്ന പേരില്‍ എസ്.എഫ്.ജെയെ ഇന്ത്യയില്‍ ഈ വര്‍ഷം ജൂലൈയിലാണു നിരോധിച്ചത്. ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്നവരാണ് എസ്.എഫ്.ജെ.
മോദിക്കെതിരെ എസ്.എഫ്.ജെ നീക്കം നടത്തുന്നത് ആദ്യമല്ല. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പിന്തുടരണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ജെ നേരത്തേ കാനഡയുടെ അറ്റോര്‍ണി ജനറലിനെ സമീപിച്ചിരുന്നു. 2015-ലായിരുന്നു ഇത്. അന്ന് മോദി കാനഡ സന്ദര്‍ശിക്കുന്ന സമയമായിരുന്നു.
1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് നടന്‍ അമിതാഭ് ബച്ചനെതിരെ യു.എസ് കോടതിയെ ഇതേ വര്‍ഷം തന്നെ എസ്.എഫ്.ജെ സമീപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എസ് സന്ദര്‍ശിക്കവെ 2013 മാര്‍ച്ചില്‍ പഞ്ചാബിലെ സൈനിക നടപടിയുടെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ വാഷിങ്ടണ്‍ കോടതിയെക്കൊണ്ട് സമന്‍സ് അയപ്പിച്ചതും എസ്.എഫ്.ജെയാണ്.
മാസങ്ങള്‍ക്കു ശേഷം അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ പേരിലും സമന്‍സ് കോടതി അയച്ചു. സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ സോണിയ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം.