| Friday, 8th June 2018, 9:11 pm

മോദി-എര്‍ദോഗന്‍ പരസ്പര കണ്ണാടിബിംബങ്ങള്‍- ശശി തരൂരിന്റെ ലേഖനം പൂര്‍ണ്ണരൂപം

ശശി തരൂര്‍


താരതമ്യങ്ങള്‍ പൊതുവെ അത്ര ആശാസ്യമായ ഒന്നല്ല, പ്രത്യേകിച്ച് അത് വ്യത്യസ്ത രാജ്യങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുമ്പോള്‍. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തേക്കാള്‍ 11 വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് എര്‍ദോഗനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. വ്യക്തിപരമായും തൊഴില്‍പരമായ സഞ്ചാരപഥം പരിശോധിച്ചാലും കാണുന്ന സാമ്യതകള്‍ ഒരു താരതമ്യം ചെയ്യല്‍ അനിവാര്യമാക്കിയിരിക്കുന്നു.

മോദിയും എര്‍ദോഗനും കടന്നുവന്നത് താഴേത്തട്ടില്‍ നിന്നാണ്, ചെറുനഗരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന്. റിസ് തെരുവുകളില്‍ നാരങ്ങാവെള്ളവും പലഹാരങ്ങളും വിറ്റിരുന്നു എര്‍ദോഗന്‍; വട്‌നഗര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ചായക്കടയില്‍ അച്ഛനെയും സഹോദരനെയും മോദി സഹായിച്ചിരുന്നു. ഇരുവരും സ്വയം നിര്‍മ്മിച്ചെടുത്ത വ്യക്തിത്വങ്ങളാണ്. ഉര്‍ജ്ജസ്വലരും ശാരീരികമായി ഫിറ്റായവരുമാണ്.

രാഷ്ട്രീയക്കാരനാകുന്നതിനു മുമ്പ് എര്‍ദോഗന്‍ ഒരു പ്രഫഷണല്‍ സോക്കര്‍ കളിക്കാരന്‍ ആയിരുന്നു. തന്റെ 56 ഇഞ്ച് നെഞ്ചിനെക്കുറിച്ച് മോദി പൊങ്ങച്ചം പറഞ്ഞിട്ടുമുണ്ട്. ഇരുവരും മികച്ച പ്രാസംഗികരാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.

മതപരമായ വിശ്വാസങ്ങളുടെ പുറത്താണ് മോദിയും എര്‍ദോഗനും കെട്ടിപ്പടുത്തുയര്‍പ്പെട്ടത്. പൂര്‍ണമായും അതുതന്നെയാണ് അവരുടെ പൊളിറ്റിക്കല്‍ കരിയറിന് രൂപം നല്‍കിയത്. എര്‍ദോഗന്റെ ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടിയായാലും മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയായാലും രണ്ടും മതം തിരുകിക്കയറ്റിയ ഒരു ദേശീയവാദി മതബോധമാണ് പ്രചരിപ്പിക്കുന്നത്. മുമ്പ് രാജ്യത്തിന്റെ വികസനത്തിന് മാര്‍ഗദര്‍ശിയായ പടിഞ്ഞാറന്‍ പ്രചോദനമുള്‍ക്കൊണ്ട മതേതര പ്രത്യയശാസ്ത്രത്തേക്കാള്‍ കൂടുതല്‍ ആധികാരികം ഇതാണെന്ന് ഇരുവരും വാദിക്കുകയും ചെയ്യുന്നു.

എന്നിട്ടും അധികാരം പിടിച്ചടക്കാന്‍ മോദിയും എര്‍ദോഗനും മതവിശ്വാസികളായ വോട്ടര്‍മാരെ മാത്രമല്ല ആശ്രയിച്ചത്. ഇരുവരും പ്രചരണം നടത്തിയത് ആധുനിക ചിന്താഗതിക്കാരന്റെ തലത്തില്‍ നിന്നുകൊണ്ടാണ്. ബിസിനസ് സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടും അഴിമതി കുറച്ചുകൊണ്ടും കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് വാദിച്ചുകൊണ്ടാണ്.

ഇവിടെ, എര്‍ദോഗനും മോദിയും പാരമ്പര്യത്തേയും (ഭൂതം) ഭാവിയേയും ഒരുപോലെ ഉപയോഗിക്കുകയാണ്. നിങ്ങള്‍ “പ്രസിഡന്റിനെയും ഡെപ്യുട്ടിയേയും തെരഞ്ഞെടുക്കുക മാത്രമല്ല മറിച്ച് നമ്മുടെ രാജ്യത്തിന്റെ വരും നൂറ്റാണ്ടുകള്‍ എങ്ങനെയാവണമെന്ന തെരഞ്ഞെടുപ്പുകൂടിയാണ് നടത്തുന്ന”തെന്ന് പറഞ്ഞുകൊണ്ടുതന്നെ എര്‍ദോഗന്‍ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യത്തെ പുകഴ്ത്തുന്നു. അതുപോലെ മോദിയും പൗരാണിക ഇന്ത്യയുടെ നേട്ടങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നു. മികച്ച ഭാവി സൃഷ്ടിക്കാനെന്ന പേരില്‍ ആ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, മോദിയും എര്‍ദോഗനും അവരുടെ അധികാരം ഉറപ്പിക്കുന്നത് പാരമ്പര്യത്തെ മഹത്വവത്കരിച്ചുകൊണ്ടാണ്. അപ്പോഴും അവര്‍ സ്വയം ഊര്‍ജ്ജസ്വലരായി, ഭാവി മുന്നില്‍ കണ്ടുള്ള മാറ്റത്തിന്റെ ഏജന്റുകളായി, തങ്ങളുടെ രാജ്യത്തെ പിന്നിലേക്കാക്കുന്ന ഗോര്‍ഡിയന്‍ കുരുക്ക് തകര്‍ക്കാന്‍ വാളുമായി വെള്ളക്കുതിരയുടെ മുകളില്‍ കുതിക്കുന്ന ഹീറോകളായും സ്വയംചിത്രീകരിക്കുന്നു.

അതേസമയം തന്നെ, “യഥാര്‍ത്ഥ” തുര്‍ക്കിയെ പ്രതിനിധീകരിക്കുന്ന അല്ലെങ്കില്‍ വിശ്വപൗരന്മാരായ മതേതരവാദികളാല്‍ കാലങ്ങളായി അരികുവത്കരിക്കപ്പെട്ട ഇന്ത്യക്കാരനെ പ്രതിനിധീകരിക്കുന്നവരായി ചിത്രീകരിച്ച് എര്‍ദോഗനും മോദിയും സ്വയം രാഷ്ട്രീയ ഭ്രഷ്ടരായി കോലമണിയുന്നു. അവര്‍ അധികാരത്തിലേക്കു വരുമ്പോഴുണ്ടായ വലിയ അതൃപ്തി അത്തരം രാഷ്ട്രീയ സന്ദേശങ്ങള്‍ക്ക് ചിലര്‍ക്കുള്ളിലെങ്കിലും വിശ്വാസ്യത നല്‍കി.

വ്യവസ്ഥാപിത മതേതര പ്രമാണിവര്‍ഗത്തിനെതിരെയുള്ള വിദ്വേഷമെന്ന വിവരണത്തിനൊപ്പം എരിവിന് മതമേല്‍ക്കോയ്മ ചര്‍ച്ചയും ചരിത്രം തിരുത്തലുമെല്ലാം ഉള്‍നാടുകളിലെയും ചെറുനഗരങ്ങളിലെയും മധ്യവര്‍ഗത്തിന്റെ ശബ്ദം എന്ന അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആക്കം പകര്‍ന്നു.

2003ല്‍ എര്‍ദോഗന്‍ ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോള്‍ ആഗോളവര്‍ച്ചയിലുണ്ടായ അഭിവൃദ്ധി അദ്ദേഹത്തിന് ഗുണം ചെയ്യുകയും തുര്‍ക്കി ഭരണവ്യവസ്ഥയെ മാറ്റിമറിക്കാന്‍ അത് അദ്ദേഹത്തിന് ധൈര്യം നല്‍കുകയും ചെയ്തു. മതപരമായ സ്വത്വം, ഭൂരിപക്ഷ അധീശത്വം, അതി ദേശീയത, കൂടിക്കൊണ്ടിരിക്കുന്ന സ്വേച്ഛാധികാരം, മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണം, ശക്തമായ സാമ്പത്തിക വളര്‍ച്ച, ശ്രദ്ധയാകര്‍ഷിക്കുന്ന പേഴ്‌സണല്‍ ബ്രാന്റ് എന്നിവയുടെയെല്ലാം ശക്തമായ മിശ്രണമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഫോര്‍മുല. ഈ ഫോര്‍മുല രണ്ടുതവണ പ്രധാനമന്ത്രിയായും അവിടെ നിന്നും 2014ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹത്തെ സഹായിച്ചു.

ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ മോദി സ്വീകരിച്ചിരിക്കുന്നത് എര്‍ദോഗന്റെ ഫോര്‍മുലയാണ്. അദ്ദേഹം മുസ്ലീങ്ങളെ അരികുവത്കരിച്ചുകൊണ്ട് ഹിന്ദു മേധാവിത്വം ശക്തിപ്പെടുത്തുന്നു. മോദിയുടെ ദേശീയത അവരെ മാറ്റിനിര്‍ത്തുക മാത്രമല്ല, ചതിയന്മാരായി ചിത്രീകരിക്കുക കൂടി ചെയ്യുന്നു. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടതുപോലെയാണ് തോന്നുന്നത്.

ഇതുമാത്രമല്ല, എതിര്‍പ്പ് പ്രകടിപ്പിക്കുന്ന മാധ്യമങ്ങളും യൂണിവേഴ്‌സിറ്റികളും മോദിയുടെ ഇന്ത്യയില്‍ ഭീഷണിനേരിടുകയാണ്. മോദി സര്‍ക്കാറിന് പിഴച്ച ഏക മേഖല ജി.ഡി.പി വളര്‍ച്ചയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക ദുര്‍ഭരണമാണതിന് കാരണം.

അന്താരാഷ്ട്ര രംഗത്ത് നോക്കുകയാണെങ്കിലും എര്‍ദോഗന്റെയും മോദിയുടെയും പെരുമാറ്റത്തില്‍ ശ്രദ്ധേയമായ പല സാമ്യതകളുമുണ്ട്. ഇരുവരും പ്രാദേശിക ഇമേജ് വര്‍ധന ലക്ഷ്യമിട്ട് വിദേശ നയങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നവരും പ്രവാസ സമൂഹത്തിന്റെ പിന്തുണ സൃഷ്ടിച്ചെടുത്തവരുമാണ്.

ബാല്‍ക്കന്‍സിലെ എര്‍ദോഗന്റെ പ്രസംഗങ്ങള്‍ യു.എസിനെയും യൂറോപ്പിനേയും എന്തിന് സെര്‍ബുകളെയും ക്രോയേഷ്യന്‍സിനെയും വരെ എതിര്‍ചേരിയില്‍ നിര്‍ത്തുന്നു. എന്നാല്‍ തുര്‍ക്കികളോടുള്ള ഊന്നല്‍ കൂട്ടുന്നുമുണ്ട്. വിദേശ സന്ദര്‍ശനങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ നിറഞ്ഞ സ്റ്റേഡിയത്തെ മോദി അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നാട്ടിലെ കേള്‍വിക്കാരെക്കൂടി ലക്ഷ്യമിട്ടുള്ളതാണ്.

എര്‍ദോഗനെക്കുറിച്ച് പുസ്തകമെഴുതിയയാളും തുര്‍ക്കി അനലിസ്റ്റുമായ സോണര്‍ കാപ്റ്റഗെ അടുത്തിടെ പറഞ്ഞത് ഇതാണ്: “രാജ്യത്തെ പാതി ജനത അദ്ദേഹത്തെ വെറുക്കുന്നവരും അദ്ദേഹത്തിന് ശരിയായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുമാണ്. പക്ഷേ അതേസമയം മറുപാതി അദ്ദേഹത്തെ ആരാധിക്കുന്നവരും അദ്ദേഹത്തിന് തെറ്റായി ഒന്നും ചെയ്യാനാവില്ലെന്ന് ചിന്തിക്കുന്നവരുമാണ്.” ഇന്ത്യയില്‍ മോദിയുടെ കാര്യത്തിലും ഇത് ശരിയാണ്.

തീര്‍ച്ചയായും, തുര്‍ക്കിയും ഇന്ത്യയും തമ്മില്‍ സുപ്രധാനമായ പല വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന് തുര്‍ക്കി ജനസംഖ്യ വെറും 80 മില്യണ്‍ ആണ്. അതായത് ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ പകുതിയിലും കുറവ്.

തുര്‍ക്കിയില്‍ 98%വും മുസ്ലീങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ 80% മാത്രമാണ് ഹിന്ദുക്കള്‍. ഇസ്ലാമിസം ഒരു ആഗോള പ്രതിഭാസമാണ്. ഹിന്ദുത്വ അതല്ല. എല്ലാ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും തലയില്‍ അഹിംസയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പാകിയ മഹാത്മാഗാന്ധിക്ക് സമാനമായി പറയാവുന്ന ആരും തുര്‍ക്കിക്ക് ഇല്ല.

കൂടാതെ, തുര്‍ക്കി വികസിത രാജ്യങ്ങളില്‍ നിന്നും ഒട്ടും പിന്നിലല്ല. എന്നാല്‍ ഇന്ത്യയ്ക്ക് ആ നിലയിലെത്തണമെങ്കില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകണം. ഇന്ത്യയില്‍ നിന്ന് വിഭിന്നമായി തുര്‍ക്കി ഒരിക്കലും കോളനിവത്കരിക്കപ്പെടുകയോ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയോ ചെയ്തിട്ടില്ല.

ഇന്ത്യയ്ക്ക് അനുഭവമില്ലാത്ത എന്നാല്‍ തുര്‍ക്കിക്ക് അനുഭവമുള്ള ഒരുകാര്യം സൈനിക ഭരണത്തിന്റെ സംഘര്‍ഷങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ സുരക്ഷിതമായതിനാല്‍ ഒരൊറ്റ ഭരണാധികാരിക്ക് പിടിച്ചടക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ്. ഒരു ഏകാധിപതിയുടെ കീഴിലുള്ള ഏകാധിപത്യ ലിബറല്‍ ഡെമോക്രസിയായി ഇന്ത്യയെ സങ്കല്പിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് തോന്നുന്നത് അതുകൊണ്ടാണ്.

“രാജ്യം പിടിച്ചടക്കുന്ന” തലത്തിലേക്ക് മോദിയും ബി.ജെ.പിയും എത്തിയിട്ടില്ലെന്നത് വസ്തുതയാണെന്നിരിക്കെ എര്‍ദോഗാനും എ.കെ.പിയ്ക്കും അത് സാധിച്ചിട്ടുണ്ട്. അവരുടെ ഭരണത്തിന് 11 വര്‍ഷക്കാലത്തെ പഴക്കവുമുണ്ട്. പക്ഷേ അവര്‍ കടന്നുപോയ വഴികള്‍ താരതമ്യം ചെയ്യപ്പെടേണ്ട തരത്തില്‍ സാമ്യമുള്ളവയാണ്. ഒപ്പം ആശങ്കയുയര്‍ത്തുന്നതും. അപായമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു: തുര്‍ക്കിയിലെ ലിറ പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിയുകയാണ്. കഴിഞ്ഞമാസം 5%ത്തിലേറെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇരുരാജ്യങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തുര്‍ക്കിയില്‍ ഈമാസവും ഇന്ത്യയില്‍ 2019ലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടര്‍മാര്‍ അപായസൂചന ശ്രദ്ധിക്കുന്നുണ്ടോ?

കടപ്പാട്: ഗള്‍ഫ് ന്യൂസ്

മൊഴിമാറ്റം: ജിന്‍സി ടി.എം

ശശി തരൂര്‍