| Thursday, 10th August 2023, 6:47 pm

ഒരു മണിക്കൂര്‍ പ്രസംഗത്തില്‍ മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ മോദി; പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയത്തിലെ മോദിയുടെ മറുപടി പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് സംസാരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറായിട്ടും മോദി മണിപ്പൂരിലെ ‘മ’ എന്ന അക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

60 മിനിട്ട് കഴിഞ്ഞിട്ടും മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ പദ്ധതികള്‍, ഇന്ത്യ സഖ്യം, കോണ്‍ഗ്രസ് എന്നീ കാര്യങ്ങളാണ് മോദി ഒരു മണിക്കൂറിനുള്ളില്‍ സംസാരിച്ചതെന്നും മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നു. എപ്പോഴാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുക എന്നും തൃണമൂല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

അതേസമയം ലോക്‌സഭയില്‍ മോദിയുടെ പ്രസംഗത്തിനിടയില്‍ പ്രതിപക്ഷം മണിപ്പൂര്‍ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണണെന്ന പോസ്റ്ററുകളും ഇന്ത്യ മുന്നണിയിലെ എം.പിമാര്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒരു മണിപ്പൂര്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തെയും മോദി പരിഹസിച്ചു. കോണ്‍ഗ്രസിനെ 400 സീറ്റില്‍ നിന്ന് 40തിലേക്കെത്തിച്ചത് അവരുടെ അഹങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് വിശ്വാസം വിഘടനവാദികളെയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് യു.പി.എയുടെ ശവസംസ്‌കാരം കഴിഞ്ഞ മാസം നടന്നുവെന്നും മോദി പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരമാണ്. 1962ന് ശേഷം തമിഴ്‌നാട്ടിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് അവിശ്വാസം കാണിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനെ വിശ്വാസമില്ല. ഇന്ത്യയെ അപമാനിക്കുന്നതില്‍ കോണ്‍ഗ്രസ് സന്തോഷം കണ്ടുപിടിക്കുകയാണ്. ഏത് ചെറിയ പ്രശ്‌നവും ഏറ്റെടുത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയെ അവര്‍ അപമാനിച്ച് കൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന് ഇന്ത്യന്‍ ആര്‍മിയെപ്പോലും വിശ്വാസമില്ല. 2028ലും പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി വരും. പ്രതിപക്ഷം ആരെ അധിക്ഷേപിച്ചാലും അവര്‍ തഴച്ച് വളരുമെന്നുമുള്ള ഉദാഹരണമാണ് ഞാന്‍.

ഞങ്ങള്‍ ഇന്ത്യയുടെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്,’ മോദി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെയും പരിഹസിച്ച് നരേന്ദ്ര മോദി സംസാരിച്ചു. കോണ്‍ഗ്രസ് അധിര്‍ രഞ്ജനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് വര്‍ഷം കിട്ടിയിട്ടും പ്രതിപക്ഷത്തിന് തയ്യാറെടുത്ത് വന്നു കൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം തന്നില്ലേ, നിങ്ങള്‍ തയ്യാറായി വരണ്ടേ. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സ്പീക്കര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1999ല്‍ ശരദ് പവാര്‍ അവിശ്വാസ പ്രമേയം നയിച്ചു. 2003ല്‍ സോണിയ ഗാന്ധിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.

എന്തുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി നിര്‍ത്തിയത്. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നത് കൊണ്ടാകാം. ഞങ്ങള്‍ക്ക് അധിര്‍ രഞ്ജനോട് സഹതാപം തോന്നുന്നു,’ മോദി പറഞ്ഞു.

അഴിമതി പാര്‍ട്ടികളെല്ലാം ഒന്നായിരിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രതിപക്ഷം പാവങ്ങളുടെ വിശപ്പിനെ കുറിച്ചല്ല മറിച്ച് അധികാരത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.

‘നിങ്ങള്‍ പാവങ്ങളുടെ വിശപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല. അധികാരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നിങ്ങള്‍ യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങളുടെ ഭാവിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്,’ മോദി പറഞ്ഞു.

മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ത്തുവെന്നും മോദി പറഞ്ഞു.

content highlights: Modi did not utter a word about Manipur in his one-hour speech; The opposition left

We use cookies to give you the best possible experience. Learn more