ന്യൂദല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാലത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി ശ്രമിച്ചെന്നും എന്നാല്‍ ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറായില്ലെന്നുമുള്ള കേന്ദ്രവാദം തള്ളി പശ്ചിമബംഗാള്‍ സര്‍ക്കാര്‍.
ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി മോദി നിരന്തരം ടെലഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. അത് അറിഞ്ഞു. എന്നാല്‍ പശ്ചിമബംഗാള്‍ സര്‍ക്കാരുമായോ മമത ബാനര്‍ജിയുമായോ ഇതുവരെ കേന്ദ്രം ബന്ധപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്നോ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നോ എന്നൊന്നും ഇതുവരെ കേന്ദ്രം അന്വേഷിച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
എന്നാല്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥുമായി മോദി ഒരു തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെടാതെ ഗവര്‍ണറെ വിളിച്ചതിലൂടെ പ്രധാനമന്ത്രി വെറും ബി.ജെ.പിക്കാരനായി അധ:പതിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
എന്തുകൊണ്ടാണ് അദ്ദേഹം ജനവിധിയെ മാനിക്കാത്തത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവാണ് മമത ബാനര്‍ജി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് അവര്‍. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം നടപടികള്‍ നിര്‍ഭാഗ്യകരമാണ്- തൃണമൂല്‍ നേതൃത്വം പ്രതികരിച്ചു.
മമതാ ബാനര്‍ജിയുമായി രണ്ട് തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അവര്‍ തിരിച്ചുവിളിച്ചില്ലെന്നുമായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചത്.
ഫോനി ചുഴലിക്കാറ്റിന് ശേഷം പശ്ചിമബംഗാള്‍ സന്ദര്‍ശിക്കുന്ന നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്താന്‍ മമത ബാനര്‍ജി വിസ്സമ്മതിച്ചെന്ന് കേന്ദ്രം ഇന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ജോലിയിലാണ് എന്ന മറുപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് വ്യക്തമല്ല.