ന്യൂദല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ലാത്തതിനാലാണ് താന്‍ രാജിവെച്ചതെന്ന് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. എന്നാല്‍ തന്നെ അഴിമതിക്കാരനാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമങ്ങള്‍ നടത്തിയെന്നും കെജ്‌രിവാൾ പറഞ്ഞു. ദല്‍ഹിയില്‍ എ.എ.പി സംഘടിപ്പിച്ച ജനതാ കീ അദാലത്ത് പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പരാമര്‍ശം.
പ്രധാനമന്ത്രി തങ്ങള്‍ക്കതിരെ ഗൂഢാലോചന നടത്തിയെന്നും മനീഷ് സിസോദിയെയും തന്നെയും അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചുവെന്നുമാണ് കെജ്‌രിവാൾ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കുക എന്നതായിരുന്നു മോദിയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പണമുണ്ടാക്കാന്‍ വന്നവനല്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ മാറ്റി മറിക്കാന്‍ വന്നതാണെന്നും കെജ്‌രിവാൾ പറഞ്ഞു. ദല്‍ഹി സര്‍ക്കാരിനെ താന്‍ പത്ത് വര്‍ഷം നയിച്ചത് സത്യസന്ധതയോടെയാണ്. തന്നെ താറടിക്കാന്‍ മോദിയുടെ മുമ്പിലുള്ള ഏകമാര്‍ഗം എന്നത് ഈ സത്യസന്ധതയെ തകര്‍ക്കുക എന്നതാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ബി.ജെ.പി ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലാണ് ഭരണത്തിലിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് വൈദ്യുതിയും വനിതകളുടെ ബസ് യാത്രയും സൗജന്യമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടോയെന്നും കെജ്‌രിവാൾ ചോദിച്ചു.
കെജ്രിവാള്‍ സര്‍ക്കാര്‍ ദല്‍ഹിയില്‍ നടപ്പിലാക്കിയ സൗജന്യ ചികിത്സ, വനിതകള്‍ക്കുള്ള സൗജന്യ യാത്രാസൗകര്യം, വൈദ്യുതി ചാര്‍ജ്, സ്‌കൂളുകള്‍ തുടങ്ങിയവയെ ഉദ്ധരിച്ചായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.
സെപ്റ്റംബര്‍ 13നാണ് ദല്‍ഹി മദ്യനയക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ കെജ്‌രിവാൾ ജയില്‍മോചിതനാകുന്നത്. തുടര്‍ന്ന് അദ്ദേഹം അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയും പുതിയ മുഖ്യമന്ത്രിയായി അതിഷി മാര്‍ലേനയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു.
ശനിയാഴ്ച ദല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. രാജ്യത്തെ പതിനേഴാമത്തെതും ഏറ്റവും പ്രായം കുറഞ്ഞതുമായ വനിതാ മുഖ്യമന്ത്രിയും കൂടിയാണ് അതിഷി. 11 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവിലാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
Content Highlight: Modi conspired to make me corrupt: Arvind Kejriwal