ടെൽ അവീവ്: ഇസ്രാഈലില്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വര്‍ഷം ബെന്നറ്റിനെ കാണുമെന്നും മോദി പറഞ്ഞു. നയതന്ത്ര ബന്ധത്തിന്റെ 30 വര്‍ഷം ആഘോഷിക്കുന്ന സമയത്ത് തന്ത്രപരമായ പങ്കാളിത്തം ഒന്നുകൂടി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി നരേന്ദ്രമോദി വ്യക്തമാക്കി.
ബെന്നറ്റിനെ അഭിനന്ദിച്ചതിന് പിന്നാലെ സ്ഥാനമൊഴിയുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി അറിയിച്ചും മോദി ട്വീറ്റ് ചെയ്തു.
കാലാവധി കഴിയുന്ന നെതന്യാഹുവിന് അഗാധമായ നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിനും ഇന്ത്യ-ഇസ്രാഈല്‍ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള വ്യക്തിപരമായ ശ്രദ്ധക്കും കടപ്പാട് രേഖപ്പെടുത്തുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് അധികാരമേറ്റത്. തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം.
ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് ഇസ്രാഈലില്‍ തിരശ്ശീലവീഴുകയാണ്.
നെതന്യാഹുവിന്റെ പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചായിരുന്നു ബെന്നറ്റിന്റെ സ്ഥാനാരോഹണം. 49കാരനായ നഫ്താലി ബെന്നറ്റ് നെതന്യാഹു ഭരണകൂടത്തിന്റെ മുന്‍ പങ്കാളിയായിരുന്നു.
നെതന്യാഹുവിനെ താഴെയിറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കിങ് മേക്കറായി മാറിയ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യമിന പാര്‍ട്ടിക്ക് ആകെ ലഭിച്ചത് ഏഴ് സീറ്റ് മാത്രമാണ്. ആര്‍ക്കും കൃത്യമായി ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇസ്രായേലില്‍ രണ്ടു വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പാണ് നടന്നത്. ഇടത്-വലത്, മധ്യപക്ഷ, അറബ് പാര്‍ട്ടികളുടെ സഖ്യമാണ് ബെന്നറ്റ് നയിക്കുന്നത്. 120 അംഗ പാര്‍ലമെന്റില്‍ 61 പേരുടെ നേരിയ ഭൂരിപക്ഷമാണ് സഖ്യത്തിനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Modi congratulates on Israel’s new Prime Minister Naftali Bennet