മോദിയുടെ മേഘസിദ്ധാന്തം; ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മിച്ചു നല്‍കുന്ന ഫ്രാന്‍സ്
India
മോദിയുടെ മേഘസിദ്ധാന്തം; ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മിച്ചു നല്‍കുന്ന ഫ്രാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 9:57 am

 

ന്യൂദല്‍ഹി: മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ റഡാറുകളില്‍ നിന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിയറി തിരഞ്ഞ് ലോകരാജ്യങ്ങളും. മോദിയുടെ പരാമര്‍ശം രാജ്യത്തിനകത്തുതന്നെ വ്യാപക ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നതിനിടെയാണ് മോദിയുടെ പുതിയ തീയറി തിരഞ്ഞ് ലോകരാജ്യങ്ങളും രംഗത്തെത്തിയത്.

പോര്‍വിമാനം നിര്‍മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദിയുടെ ക്ലൗഡ് തിയറി കാര്യമായി തിരച്ചില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മിച്ചു നല്‍കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോദിയുടെ പുതിയ തിയറി ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

പോളണ്ട്, ഓസ്‌ട്രേലിയ, യുകെ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉണ്ട്. ഇതില്‍ ഇന്ത്യ എട്ടാമതാണ്. ലോകശക്തികളെ ഒന്നടങ്കം ഗൂഗിളില്‍ തിരയാന്‍ പ്രേരിപ്പിച്ച ഒന്നായിരുന്നു മോദിയുടെ ക്ലൗഡ് തിയറി. ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മിച്ചു നല്‍കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോദിയുടെ പുതിയ തിയറി ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്ന് പറഞ്ഞുകൊണ്ട് മോദി നടത്തിയ പരാര്‍ശങ്ങളാണ് വിമര്‍ശിക്കപ്പെടുകയും പരിസഹിക്കപ്പെടുകയും ചെയ്യുന്നത്. ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസിലായിരുന്നെന്ന് പറഞ്ഞാണ് മോദി സംസാരം തുടങ്ങിയത്.

” നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.

വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്‍ ബോധ്യമായെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്‍ബന്ധിക്കുകയായിരുന്നെന്നും കനത്ത മേഘങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ റഡാറില്‍ നിന്നും വിമാനങ്ങളെ മറച്ചുപിടിക്കുമെന്നുമുള്ള ബുദ്ധിശൂന്യമായ ഒരു യുക്തി ഉപയോഗിച്ച് മോദി ഇന്ത്യന്‍ സേനയെ പരിഹസിക്കുകയായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു.

വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ആധുനിക റഡാര്‍ ഡിറ്റക്ഷന്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാനും പ്രതികരിച്ചു. മാത്രമല്ല അത്തരമൊരു കാലാവസ്ഥയില്‍ ലക്ഷ്യം നേടിയെടുക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി.പി.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ തെളിഞ്ഞ കാലാവസ്ഥയിലല്ല ഉപയോഗിക്കുന്നതെങ്കില്‍ അത് വിചാരിക്കുന്ന ഫലം തരില്ലെന്നും അത്തരമൊരു ആക്രണമണം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.