| Saturday, 11th May 2024, 11:07 pm

ജില്ലകളുടെ തലസ്ഥാനങ്ങള്‍ പറയാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നയിക്കിനെ വെല്ലുവിളിച്ച് വെട്ടിലായി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവന്വേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നയിക്കിനെ വെല്ലുവിളിച്ച് വെട്ടിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ പേപ്പറില്‍ നോക്കാതെ പറയാന്‍ കഴിയുമോ എന്നായിരുന്നു മോദിയുടെ വെല്ലുവിളി. എന്നാല്‍ വെല്ലുവിളിക്ക് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഇന്ത്യയില്‍ ജില്ലകള്‍ക്ക് തലസ്ഥാനം ഇല്ലെന്ന പ്രാഥമിക അറിവ് പോലും പ്രധാനമന്ത്രിക്ക് ഇല്ലേയെന്ന് നെറ്റിസണ്‍സ് ചോദിച്ചു. ഒഡിഷയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മോദി വെല്ലുവിളി ഉയര്‍ത്തിയത്.

‘ഇത്രയും കാലം മുഖ്യമന്ത്രി ആയിരുന്ന നവീന്‍ പട്നായിക്കിനെ വെല്ലുവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒഡിഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ പേപ്പറില്‍ നോക്കാതെ പറയാന്‍ കഴിയുമോ? സ്വന്തം സംസ്ഥാനത്തെ ജില്ലകളുടെ പേര് പറയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ തന്റെ ജനങ്ങളുടെ വേദന മനസിലാക്കാന്‍ കഴിയും,’ എന്നായിരുന്നു മോദിയുടെ വെല്ലുവിളി.

ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മോദിയെ പരിഹസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

പ്രത്യക്ഷത്തില്‍ 2014 മുതല്‍ ഇന്ത്യയിലെ എല്ലാ ജില്ലകള്‍ക്കും ‘തലസ്ഥാനങ്ങള്‍’ ഉണ്ട് എന്ന് മോദിയെ വിമര്‍ച്ചുകൊണ്ട് ഒരാള്‍ എക്സില്‍ കുറിച്ചു. ഇതുകൊണ്ടാണ് വിദ്യാഭ്യാസം പ്രധാനമാണ് എന്ന് പറയുന്നതെന്ന് മറ്റൊരാള്‍ വിമര്‍ശിക്കുകയുണ്ടായി.

ഇതിനുപുറമെ മോദിയുടെ ജില്ലയുടെ തലസ്ഥാനം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ഒരാള്‍ പരിഹസിച്ചു. നരേന്ദ്ര മോദി സെല്‍ഫ് ഗോള്‍ അടിക്കുകയാണല്ലോ എന്നും മറ്റൊരാള്‍ പ്രതികരിച്ചു. ഇന്ത്യക്ക് ഇതുവരെ 14 പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവരില്‍ ഒരാള്‍ മാത്രമാണ് ഇത്തരത്തില്‍ പരിഹാസ്യമായ പ്രസ്താവനകളും മണ്ടന്‍ നുണകളും ജനങ്ങളുടെ മുന്നില്‍ പറഞ്ഞിട്ടുള്ളതെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlight: Modi challenged Odisha Chief Minister Naveen Patnaik to name the capitals of the districts

We use cookies to give you the best possible experience. Learn more