ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന മോദി; വിവാദവും ചരിത്രവും
national news
ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന മോദി; വിവാദവും ചരിത്രവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 6:43 pm

‘വിധിയുടെ അനുകൂല മനോഭാവത്താല്‍ അധികാരത്തില്‍ എത്തിപ്പെടുന്നവര്‍ ഞങ്ങളുടെ കൈകളില്‍ ത്രിവര്‍ണ പതാക തന്നേക്കാം. പക്ഷെ ഒരിക്കലുമത് നമ്മളാല്‍ ബഹുമാനിക്കപ്പെടുകയോ സ്വന്തമായി സ്വീകരിക്കപ്പെടുകയോ ചെയ്യില്ല’, ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ വാക്കുകളാണിവ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമാണിത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെയെല്ലാം ഫോണുകളില്‍ മോദിയുടെ ശബ്ദത്തില്‍ ആശംസകള്‍ കേള്‍ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഈ ചര്‍ച്ച ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ ശബ്ദനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയം ആണെന്നതാണ് മറ്റൊരു വിരോധാഭാസം. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയ്ന്‍ വലിയ ആഘോഷമാക്കാനും സ്വാതന്ത്ര്യ ദിനത്തില്‍ റാലി, മാരത്തോണ്‍ എന്നിവ നടത്താനും ദേശീയ പതാക ഉയര്‍ത്തുന്നതിന്റെയും മറ്റും സെല്‍ഫികള്‍ പങ്കുവെക്കാനുമാണ് മന്ത്രാലയം നല്‍കുന്ന സന്ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കുറച്ചധികം വര്‍ഷങ്ങളിലായി അവരുടെ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍ക്ക് മേല്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസും തീവ്ര വലതുപക്ഷ നേതാക്കളും തള്ളിക്കളഞ്ഞ ചരിത്രത്തെയും ചിഹ്നങ്ങളെയും ഏറ്റെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മൗര്യ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച, നാല് ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ ശില്‍പ്പമായ സിംഹമുദ്രയും രാജ്യത്തിന്റെ സുപ്രധാന ചിഹ്നങ്ങളില്‍ ഒന്നാണ്. മൂന്ന് സിംഹങ്ങളെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാവുന്നതും മറ്റൊന്ന് ദൃശ്യതയില്‍ മറഞ്ഞിരിക്കുന്നതുമായ രീതിയിലാണ് ശില്‍പ്പത്തിന്റെ ഘടന. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ 2022ല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഫോയറിന് മുകളില്‍ സ്ഥാപിച്ച ദേശീയ ചിഹ്നത്തില്‍ ശാന്തഭാവത്തോടെ കണ്ടിരുന്ന മൂന്ന് സിംഹങ്ങളുടെയും മുഖം രൗദ്ര ഭാവത്തോടെയാണ് കാണപ്പെട്ടത്.

ഇതിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഒറിജിനലില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ശില്‍പ്പം നിര്‍മിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ദേശീയ ചിഹ്നത്തിന്റെ മുഴുവന്‍ ഘടനയെയും മാറ്റിമറിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ പുതിയ ശില്‍പ്പം സ്ഥാപിച്ചത്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ കൊലപ്പെടുത്തിയതിന് പിന്നാലെ ആര്‍.എസ്.എസിനെ നിരോധിച്ച ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കെട്ടിപ്പൊക്കിയതാണ് ചരിത്രത്തില്‍ അവകാശമുന്നയിക്കാന്‍ ബി.ജെ.പി നടത്തിയ മറ്റൊരു ശ്രമം. ഈ നീക്കം ജനാധിപത്യത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ശ്രമം മാത്രമായിരുന്നു.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ആരംഭിച്ച ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഹര്‍ ഘര്‍ തിരംഗക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയുടെ നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി വീണ്ടും ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി സ്വീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ ആര്‍.എസ്.എസിന്റെ രണ്ടാമത്തെ തലവനായ എം.എസ്. ഗോള്‍വാള്‍ക്കര്‍ വര്‍ഗീയത എന്നാണ് വിശേപ്പിച്ചത്. ഗോള്‍വാള്‍ക്കറുടെ പുസ്തകമായ ‘വിചാരധാര’യില്‍ ഇക്കാര്യം പറയുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

1947ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍, ത്രിവര്‍ണ പതാകയെ ഹിന്ദുക്കള്‍ ഒരിക്കലും അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യില്ലെന്ന് എഴുതിയിരുന്നു. ‘മൂന്ന് എന്ന വാക്കില്‍ തന്നെ ഒരു തിന്മയുണ്ട്. ത്രിവര്‍ണ പതാക വളരെ മോശമായ മാനസിക പ്രത്യാഘാതം ഉണ്ടാക്കും. അത് രാജ്യത്തിന് ഹാനികരവുമാണ്,’ എന്ന് ഓര്‍ഗനൈസര്‍ എഴുതിയിരുന്നതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.

2015ല്‍, ത്രിവര്‍ണ പതാകയിലെ മറ്റു നിറങ്ങള്‍ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നുവെന്നും അതിനാല്‍ ദേശീയ പതാകയില്‍ കാവി നിറം മാത്രമാണ് ഉണ്ടാകേണ്ടതെന്നും ആര്‍.എസ്.എസ് പറഞ്ഞിരുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

2001 വരെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നില്ല. അതിന്റെ പരിസരങ്ങളില്‍ മൂന്ന് യുവാക്കള്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരെ ആര്‍.എസ്.എസ് പരാതി നല്‍കുകയാണ് ചെയ്തത്. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത സംഭവവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍.എസ്.എസ് വര്‍ഷങ്ങളായി നിരസിച്ച ഇന്ത്യന്‍ ചരിത്രത്തെയും ചിഹ്നത്തെയും തട്ടിയെടുക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍ അതിനുള്ള യോഗ്യത മോദിക്കും ആര്‍.എസ്.എസിനുമില്ല. ആര്‍.എസ്.എസ് പങ്കെടുക്കാന്‍ വിസമ്മതിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികം ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആഘോഷിക്കുന്ന അതേ ദിവസമാണ് ഹര്‍ ഘര്‍ തിരംഗ എന്ന മോദിയുടെ തട്ടിപ്പ് വീണ്ടും തുടങ്ങിയതെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.

ചരിത്രം വെട്ടിപ്പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇവിടെയും അവസാനിക്കുന്നില്ല. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരന്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹല്‍ ലാല്‍ നെഹ്റുവാണെന്നും ഓഗസ്റ്റ് 14 വിഭജന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പറയുന്നതിലൂടെയും, പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തതിനെ ന്യായീകരിക്കുന്നതിലൂടെയും,

പാഠപുസ്തകങ്ങളില്‍ നിന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുല്‍ കലം ആസാദിനെ കുറിച്ചുള്ള വിവരങ്ങള്‍ വെട്ടിമാറ്റിയതിലൂടെയും, ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രഖ്യാപിക്കുന്നതിലൂടെയും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ വെട്ടിമുറിച്ച് അതിന്മേല്‍ അവകാശം ഉന്നയിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Content Highlight: Modi calls for hoisting the tricolor flag; Controversy and History