ന്യൂദല്‍ഹി: ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചു സംവാദത്തിന് തയ്യാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ പരിശീലനത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നും അതിലേക്ക് മാധ്യമങ്ങള്‍ ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ആസ്ഥാനത്തു സംഘടിപ്പിച്ച ദിവാലി മിലന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാര്‍ട്ടികള്‍ക്കുള്ള ധനസഹായം എപ്പോഴും ചര്‍ച്ചയ്ക്കു വിധേയമാകാറുണ്ട്. എന്നാല്‍ അവയുടെ മൂല്യം, തത്വശാസ്ത്രം, ജനാധിപത്യം എന്നിവയും പുതിയ തലമുറ നേതാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന രീതികളുമാണ് സംവാദത്തിനു വിഷയമാകേണ്ടത്.”
പാര്‍ട്ടിക്കുള്ളിലെ യഥാര്‍ത്ഥ ജനാധിപത്യബോധത്തിന്റെ വികസനം രാജ്യത്തിന്റെ ഭാവിക്കും ജനാധിപത്യത്തിനും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മൂല്യങ്ങള്‍ പാര്‍ട്ടികള്‍ക്കു പ്രധാനമല്ലെങ്കില്‍ അതു ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ സ്വച്ഛ് ഭാരതിനു മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും മോദി നന്ദി അറിയിച്ചു. ഭരണകക്ഷിക്കും മാധ്യമങ്ങള്‍ക്കും പല വിഷയത്തിലും പ്രതീക്ഷകളും പരാതികളുമുണ്ടെങ്കിലും അവര്‍ സന്തുഷ്ടരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.