| Saturday, 10th March 2018, 9:16 am

വീണ്ടും പ്രോട്ടോക്കോള്‍ തെറ്റിച്ച് മോദി; ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: പ്രോട്ടോക്കോള്‍ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ദല്‍ഹിയിലെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി മാക്‌റോണും ഭാര്യ ബ്രിജിറ്റും വെള്ളിയാഴ്ചയാണ് ദല്‍ഹിയിലെത്തിയത്. 2017 മേയില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് ചുമതല ഏറ്റെടുത്ത ശേഷം മാക്രോണിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

മാക്രോണും മോഡിയും തമ്മില്‍ ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ ഔദ്യോഗിക ചര്‍ച്ച നടത്തുകയും, ന്യൂ ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ സ്ഥാപക ചടങ്ങില്‍ ഇരുവരും ഞായറാഴ്ച പങ്കെടുക്കുകയും ചെയ്യും. ശേഷം, ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരിലുള്ള 75 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സന്ദര്‍ശിക്കുകയും തിങ്കളാഴ്ച വാരണാസി സന്ദര്‍ശിച്ച് ഗംഗാ നദിയില്‍ ഒരു ബോട്ട് യാത്ര നടത്തുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ഇതാദ്യമായല്ല. 2015 ജനുവരിയില്‍ ബരാക് ഒബാമയും പ്രധാനമന്ത്രിയായിരുന്ന അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജോര്‍ദാന്‍ ഭരണാധികാരിയായ അബ്ദുള്ള രണ്ടാമന്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍കാ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ എന്നിവരും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചിരുന്നു.


Related News: ഇന്ത്യയിലെത്തിയ ട്രൂഡോയെ തിരിഞ്ഞുനോക്കാതെ മോദി; ആക്ഷേപവുമായി കനേഡിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍


എന്നാല്‍, ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കാന്‍ നരേന്ദ്ര മോദി എത്തിയില്ല.

We use cookies to give you the best possible experience. Learn more