ന്യൂദല്‍ഹി: സി.പി.ഐ.എമ്മിനെതിരെ വ്യാജ വീഡിയോ പ്രചരണവുമായി സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍. മെക്‌സിക്കയില്‍ ഒരു യുവാവിനെ കുത്തിക്കൊല്ലുന്ന വീഡിയോ കേരളത്തില്‍ സി.പി.ഐ.എമ്മുകാര്‍ ആര്‍.എസ്.എസുകാരെ കൊല്ലുന്നതാണെന്ന തരത്തില്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പുനിത് ശര്‍മ്മയെന്നയാളാണ് ട്വിറ്റര്‍ വഴി ഇത്തരമൊരു പ്രചരണത്തിന് തുടക്കമിട്ടത്. 2017മാര്‍ച്ച് 3ന് വൈകുന്നേരം പോസ്റ്റു ചെയ്ത ഈ വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു.
“കേരളത്തിലെ ഈ ആര്‍.എസ്.എസുകാരനുനേരെയുള്ള പീഡനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടിട്ട് ഒരു ഹിന്ദുവിന്റെ രക്തം തിളക്കുന്നില്ലെങ്കില്‍ അത് രക്തമല്ല വെള്ളമാണ്” എന്നായിരുന്നു കുറിപ്പ്.
ട്വിറ്ററില്‍ 31.8k ഫോളോവേഴ്‌സുള്ള പുനിതിന്റെ ഈ വീഡിയോ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുകയും സി.പി.ഐ.എമ്മിനെതിരെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
പുനിതിന്റെ വ്യാജ പ്രചരണം ഏറ്റുപിടിച്ച് കേരളത്തില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ക്രൂരതയ്ക്ക് ദൃഷ്ടാന്തം എന്ന തരത്തില്‍ ഹിന്ദുത്വ.ഇന്‍ഫോ എന്ന സൈറ്റും ഈ വീഡിയോ പ്രചരണം ഏറ്റുപിടിച്ചു. വിവിധ സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകള്‍ വഴി ഈ പോസ്റ്റ് പതിനായിരത്തിലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
2017 ജനുവരി 15-17 കാലയളവില്‍ മെക്‌സിക്കന്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോ ആണ് കേരളത്തിലെ സി.പി.ഐ.എമ്മിനെതിരെ പ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിച്ചതെന്ന് വീഡിയോയുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും.
അന്തോണിയോ എന്നയാളെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യമാണിതെന്നാണ് ക്രൈം ജങ്കി എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. “മെക്‌സിക്കോസ് വയലന്‍സ്” എന്ന തലക്കെട്ടിലാണ് യൂട്യൂബിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.