| Sunday, 3rd July 2022, 10:45 am

'ബ്രഹ്മാവിനെ പോലെ താനും നിത്യമായിരിക്കുമെന്നാണ് മോദിയുടെ വിചാരം, മോദി ഇന്ത്യയുടെ 15ാമത് പ്രധാനമന്ത്രി മാത്രമാണ്. അല്ലാതെ സ്ഥിരമായി ആരും അവിടെ പിടിച്ചിരുത്തിയിട്ടില്ല': കെ. ചന്ദ്രശേഖര്‍ റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ബി.ജെ.പി തുടര്‍ച്ചയായി രാജ്യത്തിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയാണെന്ന് റാവു പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ ചേര്‍ന്ന എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ദുരാചാര മുക്ത ഭാരതമുണ്ടാക്കുമെന്ന് പറഞ്ഞിട്ട് എവിടെ? രൂപയുടെ മൂല്യമിടിയുന്നത് എന്താണ്?എന്തുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം അപമാനിക്കപ്പെടുന്നു? വോട്ടിന്റെ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പിലാക്കാന്‍ എന്തേ നിങ്ങളുടെ സര്‍ക്കാരിന് പറ്റാത്തത്? ധൈര്യമില്ലാത്ത നിങ്ങളുടെ നേതാവ് മോദിയോട് എക്‌സിക്യൂട്ടീവ് മീറ്റിങില്‍ ഇതിനൊക്കെ ഉത്തരം പറയാന്‍ പറയൂ. ,’ റാവു പറഞ്ഞു.

മോദി സര്‍ക്കാരിന്റെ വിദേശ നയവും പരാജയമാണെന്ന് റാവു പറഞ്ഞു.

‘മോദിയുടെ വിചാരം യു.എസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അഹമ്മാദാബാദിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പോലെയാണെന്നാണ്. മോദി അന്ന് ട്രംപിനെ പിന്തുണച്ചു. അദ്ദേഹം ദയനീയമായി തെരഞ്ഞെടുപ്പില്‍ തോറ്റു. ഇതോടെ രാജ്യത്തിന്റെ പ്രതിച്ഛായയും നശിച്ചു. ശ്രീലങ്കയില്‍ മോദി സര്‍ക്കാരിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ലോകത്തിന് മുമ്പിലും ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു.

ബ്രഹ്മാവിനെ പോലെ താനും നിത്യമായിരിക്കുമെന്നും അവസാനിക്കില്ലെന്നുമൊക്കെയാണ് മോദിയുടെ വിചാരം. മോദി ഇന്ത്യയുടെ 15ാമത് പ്രധാനമന്ത്രി മാത്രമാണ്. അല്ലാതെ സ്ഥിരമായി ആരും അവിടെ പിടിച്ചിരുത്തിയിട്ടില്ല. ജനാധിപത്യ രാജ്യത്ത് ഒന്നും അങ്ങനെ സ്ഥിരമായി തുടരുകയുമില്ല. മാറ്റങ്ങള്‍ ഉണ്ടാകും, അത് അനിവാര്യമാണ്,’ റാവു കൂട്ടിച്ചേര്‍ത്തു.

മോദി അധികാരത്തിലെത്തിയ ശേഷം എത്ര വ്യാപാരികള്‍ സമ്പന്നരായെന്നത് സംബന്ധിച്ച എല്ലാ വിവരങ്ങളും തന്റെ കയ്യിലുണ്ടെന്നും അത് ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും റാവു പറഞ്ഞു.

പ്രധാനമന്ത്രി വോട്ടിന്റെ സമയത്ത് ജനങ്ങള്‍ക്ക് മധുരോദാരമായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും അധികാരത്തിലെത്തിയ ശേഷം നുണകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു.

തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ ബി.ജെ.പിയെ തെലങ്കാന രാഷ്ട്ര സമിതി തഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിയിലൂടെ താഴെയിറക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ താഴെയിറക്കിയത് പോലെ തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനേയും താഴെയിറക്കുമെന്ന് വിവിധ കേന്ദ്രമന്ത്രിമാര്‍ പറയുന്നത് കേട്ടു. അത് സാരമില്ല, ഞങ്ങളും അതിനായി തന്നെയാണ് കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് അതോടെ സ്വതന്ത്രമാകാമല്ലോ. പിന്നെ പതിയെ ഞങ്ങള്‍ ദല്‍ഹിയില്‍ നിന്ന് നിങ്ങളെ (ബി.ജെ.പിയെ) താഴെയിറക്കിക്കോളാം.

പ്രതിസന്ധികളില്‍ നിന്നാണല്ലോ വിപ്ലവം ജനിക്കുന്നത്,’ റാവു പറഞ്ഞു.

Content highlight: Modi believes himself as bhrahma that never ends, but he ‘s just a prime minister of India and not the permanent in the chair says KCR

We use cookies to give you the best possible experience. Learn more