| Monday, 11th February 2019, 5:27 pm

നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പോലെ പെരുമാറുന്നു: അരവിന്ദ് കെജരിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളോടുള്ള മോദിയുടെ സമീപനം കാണുമ്പോള്‍ അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രിയെപ്പോലെ പെരുമാറുന്നതായി തോന്നുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ നിരാഹാര സമരമിരിക്കുന്ന ചന്ദ്ര ബാബു നായിഡുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു കെജരിവാള്‍.

“പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, പാര്‍ട്ടിയുടേതല്ല. മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളോടുള്ള മോദിയുടെ പെരുമാറ്റം കാണുമ്പോള്‍, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല, മറിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പോലെ പെരുമാറുന്നതായി തോന്നുന്നു”- ചന്ദ്ര ബാബു നായിഡു ഉപവാസമിരിക്കുന്ന ആന്ധ്ര ഭവനില്‍ വെച്ച് കെജരിവാള്‍ പറഞ്ഞു.

Also Read മോദിയുടെ വിശ്വാസ്യതയൊക്കെ എന്നേ നഷ്ടമായി; അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞിരിക്കും: ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര വേദിയില്‍ രാഹുല്‍

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് മോദി സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും എന്നാല്‍ അതും മോദിയുടെ മറ്റൊരു കള്ളം മാത്രമായിരുന്നെന്നും കെജരിവാള്‍ പറയുന്നു. “സ്വന്തം സംസ്ഥാനം വിട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ദല്‍ഹിയില്‍ നിരാഹാരമിരിക്കേണ്ടി വന്നത് നമ്മുടെ ഫെഡറല്‍ വ്യവസ്ഥിതിയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയര്‍ത്തുന്നു. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് നരേന്ദ്ര മോദി പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ കള്ളം പറയുന്ന കാര്യത്തില്‍ അദ്ദേഹം ലോകപ്രശസ്തനാണല്ലോ. അവര്‍ പറയുന്നത് അവര്‍ ചെയ്യാറില്ല”- കെജരിവാള്‍ പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്നും, മോദി ദൈവത്തിന് നല്‍കിയ വാക്കു പോലും പാലിച്ചില്ലെന്നും കെജരിവാള്‍ പറഞ്ഞു.

2014ല്‍ ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകൃതമായതോടെ ആന്ധ്രയ്ക്ക് തലസ്ഥാനമായിരുന്ന ഹൈദരാബാദ് നഷ്ടപെട്ടിരുന്നു. പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം ടി.ഡി.പിയെ ബി.ജെ.പിയോടടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ ടി.ഡി.പി ബി.ജ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more