| Saturday, 17th June 2017, 1:23 pm

മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനെപ്പറ്റി ഒരു വാക്കുപോലും പറയാതെ മോദിയുടെ പ്രസംഗം; വേദിയിലുണ്ടായിരുന്ന ശ്രീധരന്റെ അടുത്തുപോലും ചെന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോമാനെ കുറിച്ച് ഒരു വാക്കുപോലും പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. പതിനഞ്ച് മിനുട്ട് നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ. ശ്രീധരന്റെ പേര് ഒരിടത്തും പരാമര്‍ശിച്ചില്ല. കേരളത്തിന് പുതിയ പദ്ധതികളെന്തെങ്കിലും പ്രഖ്യാപിച്ച് പ്രതീക്ഷിച്ചിരുന്നവരേയും മോദി നിരാശപ്പെടുത്തി.

മോദിയുടെ ഉദ്ഘാടന പ്രസംഗത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും ഇ. ശ്രീധരനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നു. എന്നാല്‍ മോദിയുടെ പ്രസംഗം ശ്രീധരനെ മറന്നുകൊണ്ടുള്ളതായിരുന്നു.

കൊച്ചി മെട്രോയുടെ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന നയം വിശദീകരിക്കുകയായിരുന്നു മോദി. ഡിജിറ്റല്‍ കാര്‍ഡിലൂടെ കൊച്ചി മെട്രോയുടെ മുഖം മാറ്റുമെന്നും മോദി പറഞ്ഞുവെച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുമായി സംസാരിച്ച മോദി ഗതാഗത മന്ത്രി തോമസ് ചാണ്ടിയേയും പരിചയപ്പെട്ടു. ഈ സമയത്തെല്ലാം വേദിയുടെ ഒരറ്റത്ത് ശ്രീധരനുണ്ടായിരുന്നു.

പ്രസംഗത്തിന് മുന്‍പോ ശേഷമോ വേദിയിലുള്ള ശ്രീധരന്റെ അടുത്തേക്ക് മോദി നടന്നടുക്കുകയോ ഒന്നു കൈപിടിച്ച് അഭിനന്ദിക്കുകയോ ചെയ്യുമെന്ന് തങ്ങള്‍ കരുതിയിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്. എന്നാല്‍ അതും ഉണ്ടായില്ലെന്നും ഇനി അങ്ങനെയുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതുകൊണ്ട് മോദി അത് വേണ്ടെന്നുവെച്ചതാണോ എന്നുമാണ് ചിലരുടെ ചോദ്യം.

We use cookies to give you the best possible experience. Learn more