| Sunday, 12th May 2019, 1:00 pm

'വെടിവെയ്ക്കാന്‍ എന്റെ ജവാന്മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ അനുമതി ചോദിക്കണോ?'; വിവാദപ്രസംഗവുമായി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുശിനഗര്‍ (യു.പി): ഭീകരര്‍ ബോംബുകളും തോക്കുകളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ജവാന്മാര്‍ക്കു വെടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ അനുമതി ചോദിക്കാന്‍ കഴിയുമോയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എന്റെ ജവാന്മാര്‍’ എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണു തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്.

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഇന്നു രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം കൊന്നതു ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗം.

‘ഭീകരര്‍ ജവാന്മാര്‍ക്കു മുന്നില്‍ ബോംബുകളും തോക്കുകളുമായി നില്‍ക്കുകയാണ്. ഈ സമയം എന്റെ ജവാന്മാര്‍ക്കു വെടിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോ? ഞാന്‍ കശ്മീരിലേക്കു പോയതിനുശേഷം ഓരോ സെക്കന്‍ഡിലോ മൂന്നാം ദിവസമോ അവിടെ വൃത്തിയാക്കല്‍ നടക്കും. അതാണെന്റെ ‘ക്ലീന്‍-അപ്പ് ഓപ്പറേഷന്‍’.’- മോദി പറഞ്ഞു.

‘എന്റെ ജവാന്മാര്‍’ എന്ന വിശേഷണത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തേ സൈന്യത്തെ ‘മോദിജി കാ സേന’ എന്നു വിശേഷിപ്പിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചിരുന്നു. മാത്രമല്ല, മുന്‍ സൈനിക ഉദ്യോഗസ്ഥരും ഇരുവര്‍ക്കുമെതിരേ രംഗത്തെത്തിയിരുന്നു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more