ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ നിന്നും ഇതു വരെ രാജ്യത്തെ എട്ടു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചെന്നും പദ്ധതിയുടെ ഭാഗഭാക്കാവുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുഷ്മാന്‍ ഭാരതിനു കീഴിയില്‍ രാജ്യത്ത് ക്യാഷ്‌ലെസ് ആരോഗ്യ പരിരക്ഷ നല്‍കുകയാണ്. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷാവര്‍ഷം 5ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. ഇതു വരെ രാജ്യത്തെ 8ലക്ഷം രോഗികള്‍ക്കാണ് ഇതില്‍ നിന്നും പ്രയോജനം ലഭിച്ചത്. 1100 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചു. ഈ പദ്ധതിയില്‍ ഭാഗമാകുന്നിതനെക്കുറിച്ച് കേരളം ആലോചിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ക്കും ഈ പദ്ധതിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയും മോദി പറഞ്ഞു.
എന്നാല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകുമെന്നും, ഈ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ സംസ്ഥാനത്തിന് വരുന്ന അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു.
ആര്‍.എസ്.ബി.വൈയിലും ചിസ് പദ്ധതിയിലും കൂടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ സംസ്ഥാനത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഈ പദ്ധതികള്‍ക്കുള്ള പ്രീമിയം അടച്ചതുമാണ്. 2011 സെന്‍സസ് പ്രകാരം പരമാവധി 18.5 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് ആയുഷ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുകയും ഭാക്കി ലക്ഷക്കണക്കിനു പേര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും പുറത്താകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ആയുഷ് പദ്ധതിയില്‍ നിന്നും പിന്മാറിയത്.
ആരോഗ്യത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്ന കേരളം, ഒഡീഷ, തെലങ്കാന, ദല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ആയുഷ്മാന്‍ പദ്ധതിയില്‍ ഭാഗമാകാതിരുന്നത്. ആയുഷ് പദ്ധതിയില്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തം കുറച്ചു കാണിച്ച് മോദി പേരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഈ മാസം ആയുഷ് പദ്ധതിയില്‍ നിന്നും പിന്മാറിയിരുന്നു.
ആര്‍.എസ്.ബി.വൈ, ചിസ്, ചിസ് പ്ലസ് പദ്ധതികളില്‍ 1785 രോഗ ചികിത്സാ പാക്കേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടള്ളത്. അതേ സമയം ആയുഷ്മാന്‍ പദ്ധതിയില്‍ 1350 ചികിത്സാ പാക്കേജുകള്‍ മാത്രമാണുള്ളത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആരോഗ്യമേഖലയില്‍ ഏറ്റവും സുസ്ഥിരമായ പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളം.