| Tuesday, 21st March 2017, 1:52 pm

എന്റെ വിളിപ്പുറത്തുണ്ടാകണം; പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാരെ ശാസിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാരെ ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് സമയത്തും തന്റെ വിളിപ്പുറത്ത് എം.പിമാര്‍ ഉണ്ടാകണമെന്നാണ് മോദിയുടെ നിര്‍ദേശം.

എം.പിമാര്‍ എത്താത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ വൈകിയതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ നീരസം പ്രകടമാക്കി മോദി രംഗത്തെത്തിയത്.

പാര്‍ലമെന്റില്‍ ഹാജരാവുകയെന്നത് എം.പിമാരെ സംബന്ധിച്ച് അവരുടെ അടിസ്ഥാനപരമായ ബാധ്യതയാണെന്നും മോദി ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പറഞ്ഞു.

തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. പക്ഷെ എംപിമാര്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഹാജാരാകാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും എം.പിമാര്‍ എത്തുന്നില്ലെന്ന് പാര്‍ലമെന്ററികാര്യ വകുപ്പ് ്മന്ത്രി അനന്ത്കുമാറാണ് മോദിയോട് പറഞ്ഞത്. തുടര്‍ന്നായിരുന്നു എം.പിമാര്‍ തങ്ങളുടെ ഉത്തരവാദിത്തം മറക്കരുതെന്ന താക്കീതുമായി മോദി രംഗത്തെത്തിയത്.


Dont Missയോഗി ആദിത്യനാഥിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു 


പാര്‍ലെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ തങ്ങള്‍ ഉണ്ടായിരുന്നെന്നാണ് എം.പിമാര്‍ പറഞ്ഞത്. പക്ഷേ അതുകൊണ്ട് കാര്യമില്ലെന്നും സഭയ്ക്കകത്ത് എം.പിമാര്‍ എത്തേണ്ടതുണ്ടെന്നും മോദി പറയുന്നു.

നേരത്തേയും പാര്‍ലമെന്റില്‍ എത്തേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് എം.പിമാരോട് മോദി സംസാരിച്ചിരുന്നെങ്കിലും രൂക്ഷമായഭാഷയില്‍ പ്രതികരിക്കുന്നത് ഇപ്പോഴാണ്.

ഓരോ മണ്ഡലത്തിലേയും ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് ഓരോ എം.പിമാരും സഭയില്‍ ഇരിക്കുന്നത്. പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് ആരോടും അപേക്ഷിക്കേണ്ട കാര്യമില്ല. അത് മൗലികമായ ഉത്തരവാദിത്തമാണ്.- മോദി പറയുന്നു.

We use cookies to give you the best possible experience. Learn more