| Friday, 27th October 2017, 7:21 pm

മോദിയാണ് ക്രൈസ്തവരുടെ രക്ഷകന്‍; മേഘാലയില്‍ മുഖ്യമന്ത്രി ജനങ്ങളുടെ പണം കവരുകയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോഹ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ രക്ഷകനാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സോഹ്റയില്‍ നടത്തിയ റാലിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം.

ബി.ജെ.പി ക്രൈസ്തവ വിരുദ്ധരാണെന്നാണ് ജനങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവരുടെ രക്ഷകനാണ്. മോദി അധികാരത്തില്‍ വന്നാല്‍ പള്ളികള്‍ക്ക് തീ വെക്കുമെന്നും വിശ്വാസികളെ വധിക്കുമെന്നുമായിരുന്നു പ്രചരണങ്ങള്‍.

എന്നാല്‍ മോദി അധികാരത്തിലേറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല ഒരുപള്ളി പോലും കത്തിക്കുകയോ വിശ്വാസികളെ ദ്രോഹിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read രണ്ട് തോണിയില്‍ കയറിയുള്ള ഈ പോക്ക് നടക്കില്ല; മോദിയെ വിമര്‍ശിച്ച ശിവസേനക്കെതിരെ ഫട്‌നാവീസ്


താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോഴും മന്ത്രിയായപ്പോഴും പലര്‍ക്കും തന്നോട് ദേഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു. മേഘാലയെ കോണ്‍ഗ്രസ് പറ്റിച്ചു കൊണ്ടിരിക്കുകയാണ്. മേഘാലയിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുമെന്നാണ് മുഖ്യമന്ത്രി മുകുള്‍ സാങ്മ പറയുന്നത്. എന്നാല്‍ അതെല്ലാം ജനങ്ങളുടെ പണം മോഷ്ടിക്കാന്‍ വേണ്ടിയാണെന്നും കണ്ണന്താനം ആരോപിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വളരെ നല്ല ഭരണമാണ് നടക്കുന്നത്. മേഘാലയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും തൊഴിലുമാണ് ആവശ്യം ഇതിനായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള ആത്മാര്‍ഥമായ ഭരണം വരണമെന്നും മന്ത്രി പറഞ്ഞു

അതേ സമയം താന്‍ ജനങ്ങളുടെ പണം മോഷ്ടിക്കുമെന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആരോപണം അസംബന്ധമാണെന്നും അത് നിയമപരമായി അന്വേഷിക്കണമെന്നും മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more