ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ ബി.ജെ.പിയുടെ പ്രചാരണം ശക്തമാക്കി നരേന്ദ്ര മോദി. പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹം മണിപ്പൂരിലെ കലകാരന്മാര്‍ക്കൊപ്പം പരമ്പരാഗത വാദ്യങ്ങള്‍ വായിക്കുകയും ചെയ്തു.
പ്രചാരണവേളയില്‍, സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനെ പൂര്‍ണമായി അവഗണിക്കുകയായിരുന്നുവെന്നും, വികസനങ്ങളെത്തിക്കാതെ കേവലമൊരു കുന്നില്‍ താഴ്‌വരയാക്കി മാറ്റുകയായിരുന്നുവെന്നും മോദി ആരോപിച്ചു.
എന്നാല്‍, കേന്ദ്രവും നിലവിലെ ബി.ജെ.പി സര്‍ക്കാരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനത്തിന്റെ പുതിയ പ്രഭാതത്തിന് തുടക്കമിട്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Prime Minister Narendra Modi plays traditional musical instruments during his visit to Manipur pic.twitter.com/2Y4X11wV9z
മുന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനേയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും അവര്‍ക്ക് തോന്നിയ പോലെയായിരുന്നു ഭരിച്ചിരുന്നതെന്നും ജനങ്ങളെ കണക്കിലെടുക്കാതെയുള്ള ഭരണമാണ് നടത്തിയതെന്നും ആരോപിച്ചു.
താന്‍ പ്രധാനമന്ത്രിയായത് മുതല്‍ ജനങ്ങളെ സര്‍ക്കാരിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പ്രധാനമന്ത്രിയായ ശേഷം ദല്‍ഹിയെ മണിപ്പൂരിന്റെ പടിവാതില്‍ക്കല്‍ കൊണ്ടുവന്നു. ഇനി മണിപ്പൂരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായിരിക്കും ഇന്ത്യയെ നയിക്കുക,’ മോദി പറഞ്ഞു.
ഇംഫാല്‍ സ്മാര്‍ട്ട് സിറ്റി മിഷന്റെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ഇംഫാല്‍ നദിയിലെ പടിഞ്ഞാറന്‍ നദീതീരത്തിന്റെ വികസനം, ഒരു വ്യാവസായിക പരിശീലന സ്ഥാപനം (ഐ.ടി.ഐ), 200 കിടക്കകളുള്ള സെമി-പെര്‍മെനന്റ് കൊവിഡ് ആശുപത്രി തുടങ്ങി 4,815 കോടിയുടെ 22 പുതിയ പദ്ധതികളാണ് മോദി മണിപ്പൂരില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പുറമെ അഞ്ച് ദേശീയപാതാ നിര്‍മാണ പദ്ധതികള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകള്‍, മണിപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോര്‍ംമിംഗ് ആര്‍ട്‌സ്, സെന്റര്‍ ഓഫ് ഇന്‍വെന്‍ന്‍-ഇന്നോവേഷന്‍, ഇന്‍ക്യുബേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗ് (സി.ഐ.ഐ.ഐ.ടി) തുടങ്ങിയ പദ്ധതികളുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.
എന്ത് വിലകൊടുത്തും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് ബി.ജെ.പിക്കുള്ളത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ശതകോടികളുടെ വികസനപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനമാണ് മോദി നടത്തുന്നത്.