മോദിയാണ് രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചത്; സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും ചെറുക്കുമെന്നും മുഖ്യമന്ത്രി
Daily News
മോദിയാണ് രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചത്; സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും ചെറുക്കുമെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 6:44 pm

സംസ്ഥാനം കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും നരേന്ദ്ര മോദിയാണ് രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനം കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും നരേന്ദ്ര മോദിയാണ് രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആര്‍.ബി.ഐയുടെ തിരുവന്തപുരം ശാഖയുടെ മുമ്പില്‍ മന്ത്രിസഭാംഗങ്ങളോടൊപ്പം നടത്തിയ സത്യാഗ്രഹസമരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സത്യഗ്രഹ സമരം വൈകീട്ട് അഞ്ചിന് അവസാനിച്ചു. സത്യഗ്രഹം അവസാനിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരായ പ്രതിഷേധം തുടരുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സുപ്രീംകോടതിപോലും വിമര്‍ശം ഉന്നയിക്കുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി. സഹകരണ മേഖലയിലെ കേരളത്തിന്റെ കരുത്ത് ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സത്യഗ്രഹ സമരത്തിനെതിരെ വിമര്‍ശം ഉന്നയിച്ച സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

നുണ പ്രചാരണം നടത്തുകയെന്നത് എല്ലാ കാലത്തും ആര്‍.എസ്.എസ് അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പോക്കറ്റിലുള്ള സംഘടനയാണ് റിസര്‍വ് ബാങ്കെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഔദ്യോഗിക വാഹനങ്ങളുപേക്ഷിച്ച് കാല്‍നടയായി മുദ്രാവാക്യം വിളികളോടെ സമരവേദിയിലെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച് നിരവധി സംഘടനകളുടെ പ്രവര്‍ത്തകര്‍ അനുഭാവ ജാഥകള്‍ നടത്തി സമരസ്ഥലത്തെത്തിയിരുന്നു. ബി.ജെ.പി ഘടകകക്ഷി ശിവസേനയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. സമരവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ കക്ഷികള്‍ക്ക് സമാപനചടങ്ങില്‍ മുഖ്യമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.