ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഹിന്ദുമത പാര്‍ലമെന്റ്. വാരണാസിയില്‍ ചേര്‍ന്ന സമുന്നത ഹിന്ദുമത പാര്‍ലമെന്റാണ് മോദിയ്ക്കും യോഗിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
അയോധ്യയെ വീണ്ടും സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കത്തെയും മത പാര്‍ലമെന്റ് കുറ്റപ്പെടുത്തി. ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വരൂപാനന്ദ് സരസ്വതിയാണ് മൂന്നുദിവസത്തെ മത പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തത്.
അയോധ്യയില്‍ വി.എച്ച്.പി വിളിച്ചു ചേര്‍ത്തത് അധാര്‍മിക സമ്മേളനമായിരുന്നുവെന്ന് കാശിയിലെ സ്വാമി മുക്തേശ്വരാനന്ദ് പറഞ്ഞു. കോടതിക്കും ഭരണഘടനയ്ക്കുമെതിരായ പരാമര്‍ശങ്ങളാണ് ഉയര്‍ന്നത്. മോദി സര്‍ക്കാരും യോഗി സര്‍ക്കാരും ചേര്‍ന്ന് ശ്രീരാമനെ അവഹേളിക്കുകയാണ്.
221 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മിക്കുന്നത് രാമന് അപമാനകരമാണ്. ദൈവവിഗ്രഹം ഇരിക്കേണ്ടത് എല്ലാ വശങ്ങളാലും ചുറ്റപ്പെട്ട അമ്പലത്തിനുള്ളിലാണ്- മുക്തേശ്വരാനന്ദ് പറഞ്ഞു. ബിജെപി രാമനെയും സര്‍ദാര്‍ പട്ടേലിനെയും പരസ്പരം മത്സരിപ്പിക്കുകയാണെന്ന് സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു. രാജഭരണത്തിലായിരുന്ന ചില പ്രവിശ്യകളെ ഏകോപിപ്പിക്കുകയാണ് പട്ടേല്‍ ചെയ്തത്. രാമനാകട്ടെ പ്രപഞ്ചത്തിന്റെയാകെ നാഥനാണ്. രാമന്‍ രാഷ്ട്രീയനേതാവല്ല.
ഹിന്ദുക്കള്‍ക്ക് രാമന്റെ പ്രതിമ ആവശ്യമില്ല. ആദിത്യനാഥിന് ഹിന്ദുമതത്തെക്കുറിച്ച് എന്തെങ്കിലും അറിയുമെന്ന് കരുതുന്നില്ല. മതത്തിന്റെ അടിസ്ഥാന പാഠങ്ങളെങ്കിലും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം. പ്രതിമനിര്‍മാണം എന്തുകൊണ്ടാണ് ഹിന്ദുവിരുദ്ധമാകുന്നതെന്ന് അപ്പോള്‍ ബോധ്യപ്പെടും. ഹിന്ദുമതത്തെ ഒരു വര്‍ഗീയ സംഘടനയാക്കി മാറ്റാനാണ് മോദി-യോഗി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്- സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.
പ്രതിമനിര്‍മാണ നീക്കത്തിനെതിരായി മത പാര്‍ലമെന്റ് പ്രമേയം പാസാക്കി. നീക്കത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് അവിമുക്തേശ്വരാനന്ദ് പറഞ്ഞു. വി.എച്ച്.പി സമ്മേളനത്തില്‍ മുതിര്‍ന്ന സന്ന്യാസിമാരാരും പങ്കെടുത്തില്ലെന്ന് താല്‍ക്കാലിക രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയായ മഹന്ത് സത്യേന്ദ്രദാസ് പറഞ്ഞു. യഥാര്‍ഥ മതനേതാക്കളെ കൂടാതെയുള്ള ഏതൊരു മതസമ്മേളനവും അപൂര്‍ണമാണെന്നും സത്യേന്ദ്രദാസ് പറഞ്ഞു.
WATCH THIS VIDEO: