| Wednesday, 18th January 2017, 1:19 pm

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മോദിയുടേയും വിവേകാനന്ദന്റേയും ച്ഛായാചിത്രം പ്രദര്‍ശിപ്പിക്കണം: കര്‍ശന നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശ്: ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റി പകരം മോദിയെ ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെ മോദിയുടെ ചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ നീക്കം.

മധ്യപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സ്വാമി വിവേകാനന്ദന്റെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

എല്ലാ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ അയച്ചുകഴിഞ്ഞു. മോദിക്കും വിവേകാനന്ദനുമൊപ്പം മഹാത്മാഗാന്ധി, ഡോ. ബി.ആര്‍ അംബേദ്ക്കര്‍, പ്രണാബ് മുഖര്‍ജി എന്നിവരുടെ ഛായാചിത്രവും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.


എല്ലാ സര്‍ക്കാര്‍ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ ഓഫീസുകളിലും മോദിയുടെതുള്‍പ്പെടെയുള്ള ച്ഛായാചിത്രം പ്രദര്‍ശിപ്പിക്കണെന്നാണ് മന്ത്രിയുടെ നിര്‍ദേശം. നിര്‍ദേശം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഹയര്‍  എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടരി ആശിഷ് ഉപാധ്യായ പറഞ്ഞു. ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്‌കൂളുകളില്‍ മോദിയുടെ ച്ഛായാചിത്രം പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഇവര്‍ ആരോപിച്ചു.

2012 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് സ്‌കൂളുകളില്‍ സൗജന്യമായിവിതരണം ചെയ്തിരുന്ന നോട്ട് ബുക്കുകളില്‍ സ്വാമിവിവേകാനന്ദന്റെ ഫോട്ടോക്കൊപ്പം മോദിയുടെ ചിത്രവും അച്ചടിച്ചിരുന്നു. അന്ന് അത് വലിയ വിവാദമായിരുന്നു.

ഖാദി ഗ്രാമോദ്യോഗ് കലണ്ടറില്‍ നിന്നും ഗാന്ധി ചിത്രം മാറ്റി ഗാന്ധിയെ അനുകരിക്കും വിധത്തിലുള്ള മോദി ചര്‍ക്കയില്‍ നെയ്യുന്ന ചിത്രം അച്ചടിച്ചതിന് ദേശീയ തലത്തില്‍ വന്‍ പരിഹാസമാണ് മോദിക്കെതിരെ ഉയര്‍ന്നത്.

We use cookies to give you the best possible experience. Learn more