| Friday, 1st November 2013, 1:38 am

സര്‍ദാര്‍ പട്ടേല്‍: പരസ്യച്ചെലവിന്റെ കണക്കെടുത്ത് മോഡിയും യു.പി.എയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ മറന്നു എന്ന എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ ആരോപണം ഇനി പഴങ്കഥ.

കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്‍മദിനത്തിന് പരസ്യങ്ങള്‍ നല്കാനായി സര്‍ക്കാരിന്റെ പരസ്യവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി വിഭാഗം ചെലവഴിച്ചത് എട്ടരക്കോടി രൂപ.

ഇപ്പോള്‍ ആരോപണത്തിന്റെ കുന്തമുന എന്‍.ഡി.എയുടെ നേരെ തിരിഞ്ഞിരിക്കുകയാണ്. 1999 മുതല്‍ 2004 വരെയുള്ള എന്‍.ഡി.എ ഭരണകാലത്ത് തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയിട്ടില്ല. 2001, 2002 വര്‍ഷങ്ങളിലാണ് ഇങ്ങനെ സംഭവിച്ചത്.

“സര്‍ദാറിന്റെ ജന്മവാര്‍ഷികദിനത്തില്‍ നേരത്തേ പരസ്യങ്ങള്‍ നല്‍കിയിരുന്നില്ല. ഇന്ന് രാജ്യത്താകമാനമുള്ള പത്രമാധ്യമങ്ങളില്‍ സര്‍ദാര്‍ സാഹിബിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കാണാം. അതാണ് ഗുജറാത്തിന്റെ സ്വാധീനം.” ഗുജറാത്തിലെ കെവാഡിയായില്‍ സര്‍ദാറിന്റെ പ്രതിമാനിര്‍മാണം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

182 മീറ്റര്‍ ഉയരമുള്ള പ്രതിമയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.എന്നാല്‍ ഡി.എ.വി.പിയുടെ കണക്കുകള്‍ ഇപ്രകാരമാണ്. 2009-10 കാലഘട്ടത്തില്‍ 30 ലക്ഷവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 4.10 കോടി, 2.7 കോടി, 1.4 കോടി എന്നിങ്ങനെ യു.പി.എ സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്.

“കെട്ടുകഥകള്‍ സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വസ്തുതകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.” മോഡിയുടെ ആരോപണങ്ങളെക്കുറിച്ച് വാര്‍ത്താവിനിമയ പ്രക്ഷേപണകാര്യ വകുപ്പ് മന്ത്രി  മനീഷ് തിവാരി പറയുന്നു.

2008-ല്‍ യു.പി.എ സര്‍ക്കാരും പരസ്യം പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാലിത് അക്കൊല്ലത്തെ കടുത്ത സാമ്പത്തികപ്രതിസന്ധി മൂലമായിരുന്നെന്ന് തിവാരി പറയുന്നു.

എന്നിരുന്നാലും നെഹ്‌റു കുടുംബാംഗങ്ങളുടെ ജനന-മരണ വാര്‍ഷികങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കാനായി യു.പി.എ സര്‍ക്കാര്‍ ചെലവഴിച്ച തുകയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

മഹാത്മാ ഗാന്ധിയുടെ ജനന-മരണ വാര്‍ഷികങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കാനായി 33 കോടിയോളമാണ് ഡി.എ.വി.പി ചെലവഴിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കായി 21 കോടിയും ഇന്ദിരാ ഗാന്ധിയ്ക്കായി 14.5 കോടിയും ജവഹര്‍ലാല്‍ നെഹ്‌റുവിനായി 9.38 കോടിയുമാണ് ചെലവാക്കിയത്. ഇത് അച്ചടിമാധ്യമങ്ങളിലെ മാത്രം കണക്കാണ്.

ഈ വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തിവാരി പ്രതികരിച്ചത് ഇങ്ങനെ, “പരസ്യച്ചെലവിന്റെ മാത്രം കണ്ണിലൂടെ ഇതിനെ കാണരുത്. പരസ്യത്തിന്റെ വലിപ്പം, ആ വര്‍ഷത്തെ ചെലവ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് തുകയും മാറും.

കാര്യങ്ങള്‍ മനസിലാക്കാതെ അധരവ്യായാമം മാത്രം നടത്തുന്നതല്ല, അവരുടെ ഓര്‍മ്മ നിലനിര്‍ത്താനുള്ള സ്ഥിരമായ പരിശ്രമമാണ് മാനിക്കപ്പെടേണ്ടത്.”

We use cookies to give you the best possible experience. Learn more