ന്യൂദല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഊര്‍ജിത് പട്ടേലിന്റെ സംഭാവനകളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്ത്. ആര്‍.ബി.ഐയില്‍ ആറു വര്‍ഷക്കാലം ഡെപ്യൂട്ടി ഗവര്‍ണ്ണറായും, ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ച ഊര്‍ജിത് പട്ടേലിന്റെ അഭാവം തങ്ങള്‍ക്ക് അനുഭവപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഡോ. ഊര്‍ജിത് പട്ടേല്‍ തീര്‍ത്തും ഒരു പ്രഫഷണലാണെന്നും, ദീര്‍ഘദര്‍ശിയായ സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നും, മാക്രോ എകണോമിക്‌സില്‍ ഗഹനമായ ധാരണയുള്ള വ്യക്തിയാണെന്നും മോദിയുടെ ട്വീറ്റില്‍ പറയുന്നു. അരാജകത്വത്തിലായിരുന്നു രാജ്യത്തെ ബാങ്കിങ്ങ് മേഖലയില്‍ ഊര്‍ജിത് സ്ഥിരതയും ചിട്ടയും കൊണ്ടു വന്നതായും, അദ്ദേഹത്തിന്റെ കീഴില്‍ ആര്‍.ബി.ഐ സാമ്പത്തിക സ്ഥിരത നേടിയതായും മോദിയുടെ ട്വീറ്റില്‍ പറയുന്നു.
ഗവര്‍ണ്ണറായും ഡെപ്യൂട്ടി ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ച ഊര്‍ജിത് പട്ടേലിന്റെ സേവനങ്ങളെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നതായും, അദ്ദേഹത്തോടൊപ്പം ഇടപഴകേണ്ടി വന്നതിലും അദ്ദേഹത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടതും തനിക്ക് നല്ലൊരു അനുഭമായിരുന്നു എന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി ട്വിറ്ററില്‍ കുറിച്ചു.
1990നു ശേഷം രാജ്യത്ത് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഗവര്‍ണ്ണര്‍ സ്ഥാനം രാജി വെക്കുന്ന ആദ്യ ആര്‍.ബി.ഐ ഗവര്‍ണ്ണറാണ് ഊര്‍ജിത് പട്ടേല്‍. ആര്‍.ബി.ഐയുടെ സ്വതന്ത്രാധികാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനായി ആര്‍.ബി.ഐ ബോര്‍ഡ് ഓഫ് ഡയരക്‌ടേസ് മീറ്റ് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പാണ് ഊര്‍ജിതിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
അതേസമയം റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിനു മുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. ഊര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പുറത്തുകൊണ്ടു വന്നതോടെ കേന്ദ്ര സര്‍്ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി ആര്‍.ബി.ഐയെ കരുവാക്കുകയാണെന്ന വ്യാപകം പ്രതിഷേധവും ഉയര്‍ന്നിരുന്നു.