| Monday, 26th May 2014, 2:43 pm

വറച്ചട്ടിയില്‍ നിന്നും എരിതീയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേവലമായി മോദിയെ ഭീകരവല്‍ക്കിക്കുന്നതും മോദിഫോബിയ സൃഷ്ടിക്കുന്നതും മോദി വല്‍ക്കരണത്തെ രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി അവതരിപ്പിക്കുന്നതും തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനേ സഹായകരമാകൂ എന്നുമാത്രമല്ല, കഴിഞ്ഞ 23 വര്‍ഷത്തെ നവ ഉദാരീകരണത്തിലൂടെയും ഒരു ദശാബ്ദക്കാലത്തെ മന്‍മോഹണോമിക്‌സിലൂടെയും മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച കോണ്‍ഗ്രസ്സിനെ മുഖ്യപ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിലേക്കാകും ഇത്തരം ഏകപക്ഷീയ വ്യാഖ്യാനങ്ങള്‍ നയിക്കുക. 


ഒപ്പീനിയന്‍ / ഡോ. പി.ജെ ജെയിംസ്

കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഇന്ത്യയിലെ മുഖ്യകാര്യനിര്‍വാഹകനായി നരേന്ദ്രമോദി കടന്നുവരുന്നതോടെ ഇവിടുത്തെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. ചെറിയ ഇടവേളകളൊഴിച്ചാല്‍ അധികാരക്കൈമാറ്റത്തിനു ശേഷമുള്ള ആറരപ്പതിറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച, 129 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പത്തോളം സംസ്ഥാനങ്ങളില്‍ ഒരു എം.പി.യെപോലും വിജയിപ്പിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായിരിക്കുന്നു.

1984 ല്‍ 404 സീറ്റ് നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സ് 2014ല്‍ ലോകസഭയിലെ പ്രതിപക്ഷനേതൃത്വ പദവിക്ക് അര്‍ഹത പോലുമില്ലാതെ കേവലം 44 എം.പി സ്ഥാനവുമായി കനത്ത പതനത്തിലാണ്. ബി.ജെ.പി.യാകട്ടെ ഇതേ കാലയളവില്‍ ലോകസഭയിലെ അതിന്റെ വിഹിതം 2 ല്‍ നിന്നും 284 ആക്കി ഉയര്‍ത്തിയിരിക്കുന്നു.

മന്‍മോഹണോമിക്‌സ് എന്ന പേരില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലം കോര്‍പ്പറേറ്റ് സേവ അടിസ്ഥാനമാക്കി യു.പി.എ ഭരണം കെട്ടഴിച്ചുവിട്ട നവഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്കെതിരായ അതിശക്തമായ ജനകീയരോഷത്തെ വിദഗ്ധമായി മുതലെടുക്കാന്‍ കഴിഞ്ഞതാണ് ബി.ജെ.പി.യുടെയും മോദിയുടെയും വിജയത്തിനടിസ്ഥാനം.

കൊടിയ അഴിമതിയും അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ഭൂമിയും ധാതുസമ്പത്തും പെട്രോളിയവും ടെലികോം പോലുള്ള സേവനങ്ങളും മറ്റ് അടിസ്ഥാനഘടന സൗകര്യങ്ങളും കവര്‍ന്നെടുത്ത് അംബാനിയെ പോലുള്ള ഒരുപിടി സഹസ്രകോടീശ്വരന്മാര്‍ ലോകകുത്തകപ്പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ പാപ്പരീകരണത്തിന്റെയും വിനാശത്തിന്റെയും അഗാധഗര്‍ത്തങ്ങളിലേക്കെറിയപ്പെടുകയാണുണ്ടായത്.

എന്നാല്‍ കുറഞ്ഞത് 50000 കോടി രൂപയോളം പ്രചരണത്തിനും വോട്ടുസമാഹരണത്തിനുമായി ചെലവുചെയ്ത തിരഞ്ഞെടുപ്പു കാമ്പയിനില്‍ ഈ കേന്ദ്രവിഹിതം ചര്‍ച്ചാവിഷയമാക്കാതിരിക്കാന്‍ നിക്ഷിപ്തകേന്ദ്രങ്ങള്‍ വിജയിക്കുക തന്നെ ചെയ്തു. നവഉദാരീകരണത്തിനു തുടക്കമിട്ട കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിനെക്കാള്‍ തീവ്രമായി അതു നടപ്പാക്കാന്‍ ശ്രമിച്ച ബി.ജെ.പിയും പ്രാദേശിക പാര്‍ട്ടികളായ ഡി.എം.കെ, എ.ഐ.ഡി.എം.കെ, ടി.ഡി.പി, എസ്.പി, ബി.എസ്.പി, ബി.ജെ.പി, ജെ.ഡി(യു) തുടങ്ങിയവയും എല്ലായിടത്തും നവ ഉദാരീകരണത്തിന്റെ പക്ഷത്താകയാല്‍ അവ ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുമായിരുന്നുവെന്ന് കരുതേണ്ടതില്ല.

നവഉദാരീകരണത്തെ വിമര്‍ശിക്കുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.ഐ.എം നയിക്കുന്ന ഇടതുമുന്നണിയാകട്ടെ, അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ ഇതേ നയങ്ങള്‍ നടപ്പാക്കിയതു നിമിത്തം പരാജയപ്പെടുകയും ചെയ്തു. അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത “ആപി”നാകട്ടെ നവഉദാരീകരണ നയങ്ങള്‍ക്കെതിരെ വ്യക്തമായ ഒരു നയസമീപനവും ഇല്ലായിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച് പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാടുള്ള വിപ്ലവ ഇടതുപക്ഷത്തിനാകട്ടെ ഇത്തരമൊരു കാമ്പയിനാവശ്യമായ സംഘടനാശേഷി സ്വായത്തമായതുമില്ല.

ചുരുക്കത്തില്‍, 1991 മുതലുള്ള നവഉദാരീകരണ വ്യവസ്ഥയില്‍ നിന്നും കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ യു.പി.എ ഭരണത്തിന്റെ വിനാശകാരിയായ നയങ്ങളില്‍ നിന്നും ശ്രദ്ധ വ്യതിചലിക്കപ്പെട്ടതോടെ, ഇതേ നയങ്ങളുടെ തീവ്രവക്താക്കളായ എന്‍.ഡി.എ സഖ്യം സംഘപരിവാറിന്റെ ദേശവ്യാപകമായ സംഘടനാ സംവിധാനമുപയോഗിച്ച് ജനങ്ങളുടെ കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം കൊയ്‌തെടുക്കുന്നതില്‍ വിജയിക്കുകയാണുണ്ടായത്.
അടുത്തപേജില്‍ തുടരുന്നു

 മോദിയോട് വിധേയത്വവും വിശ്വസ്തതയും പ്രഖ്യാപിച്ച് സാമ്പത്തികവും മറ്റു സങ്കുചിതവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സമീപനമാണ് ഒന്നാമത്തേത്. ക്രിസ്ത്യന്‍ മതമേധാവിത്വവും അതിന്റെ രാഷ്ട്രീയ പ്രതിനിധിയായ കേരളകോണ്‍ഗ്രസ്സും മറ്റും എടുത്തിട്ടുള്ളത് ഇതാണ്.

ഒന്നുകൂടി വിശദമാക്കിയാല്‍ കോണ്‍ഗ്രസ്സിന്റെ ജനദ്രോഹഭരണത്തിനെതിരായ ജനകീയരോഷത്തെ വമ്പിച്ച കോര്‍പ്പറേറ്റ് പിന്തുണയോടെയും മാധ്യമപിന്‍മ്പലത്തോടെയും അനുകൂലമാക്കിയതാണ് ബി.ജെ.പിയുടെ വിജയത്തിനടിസ്ഥാനം. തീര്‍ച്ചയായും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം വര്‍ഗ്ഗീയവല്‍ക്കരണവും ജാതിസമവാക്യങ്ങളുടെ പൊളിച്ചെഴുത്തുമെല്ലാം ഇതിന്റെ ഭാഗമായി അരങ്ങേറി.

മതേതരത്വമെന്നാല്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുകയാണെന്ന കാര്യം അവഗണിച്ച് മതേതരത്വത്തിന്റെ പേരുപറഞ്ഞ് മുസ്ലീംവോട്ടുകള്‍ സമാഹരിക്കാന്‍ “ഗുജറാത്ത് കലാപം” തെരഞ്ഞെടുപ്പില്‍ കേന്ദ്രചര്‍ച്ചാ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ്സ് മുതല്‍ സി.പി.ഐ.എം വരെയുള്ള പാര്‍ട്ടികള്‍ കനത്ത തിരിച്ചടി ചോദിച്ചുവാങ്ങുകയായിരുന്നു.

ഇതാകട്ടെ ജാതി സമവാക്യങ്ങളെ നിര്‍വീര്യമാക്കിയും ഹിന്ദുത്വവോട്ടുകളില്‍ ധ്രുവീകരണമുണ്ടാക്കിയും, പോള്‍ ചെയ്ത വോട്ടിന്റെ 31 ശതമാനമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും 284 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷമുറപ്പിക്കാന്‍ കോര്‍പ്പറേറ്റുകളുടെയും അന്താരാഷ്ട്ര ഇവന്റ് മാനേജ്‌മെന്റിന്റെയും പിന്തുണയോടെ മോദിക്യാമ്പിനും കഴിയുകയാണുണ്ടായത്.

ഫലപ്രഖ്യാപനത്തിന്റെ തലേദിവസംപോലും ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വം സഖ്യകക്ഷികളെ തെരയുകയായിരുന്നുവെന്നതില്‍ നിന്നുതന്നെ ബി.ജെ.പി.യോ ബി.ജെ.പി അനുകൂല ഫലപ്രവചനകേന്ദ്രങ്ങളോ ഇത്രമാത്രം ഏകപക്ഷീയമായ ഒരു വിജയവും കോണ്‍ഗ്രസ്സിന്റെയും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെയും ഇത്ര ദയനീയമായ പതനവും വിഭാവനം ചെയ്തിരുന്നില്ലെന്നു വ്യക്തം.

നവഉദാരീകരണമടക്കമുള്ള അടിസ്ഥാന സാമ്പത്തികനയങ്ങള്‍ക്കെതിരായ ജനകീയാവബോധം ഉയര്‍ത്തിക്കൊണ്ടുവരുന്ന ക്യാമ്പയിനൊന്നും മുഖ്യധാരയില്‍ നടന്നില്ല. മോദിയെയും കെജ്‌രിവാളിനെയും അഥവാ മോദിയെയും രാഹുലിനെയും പ്രതിസ്ഥാപിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പു ക്യാമ്പയിന്‍ കോര്‍പ്പറേറ്റുകള്‍ക്കും ഭരണവര്‍ഗ്ഗങ്ങള്‍ക്കും അവരുടെ താല്പര്യസംരക്ഷണത്തിന് ഏറ്റവും അനുകൂലമായി മാറി.

എല്ലാ അര്‍ത്ഥത്തിലും കഴിവുകെട്ട, തുറന്നുകാട്ടപ്പെട്ട, ജനരോഷത്തിനു വിധേയമായ മന്‍മോഹന്‍ ഭരണത്തിന്റെ സ്ഥാനത്ത് “മന്‍മോഹണോമിക്‌സി”ന്റെ മികച്ച മാതൃകയായ “ഗുജറാത്ത് മോഡലു”മായി മുന്നോട്ടു വന്ന മോദിയെ രക്ഷകനും വികസനനായകനുമായി പ്രതിഷ്ഠിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കും അന്താരാഷ്ട്രമൂലധന കേന്ദ്രങ്ങള്‍ക്കും വളരെ സൗകര്യപ്രദമായി. തെരഞ്ഞെടുപ്പുവേളയില്‍ അമേരിക്കന്‍ അംബാസഡര്‍ നടത്തിയ മോദി സന്ദര്‍ശനവും മറ്റും ഇതിനാവശ്യമായ സൂചനകള്‍ നല്‍കി.

മോദിയുടെ അധികാരാരോഹണം ഒട്ടുമൊത്തത്തില്‍ രാഷ്ട്രീയ-സാമ്പത്തിക മണ്ഡലത്തിന്റെ തീവ്രവലതുവല്‍ക്കരണത്തിലേക്കു നയിക്കുമെന്ന പൊതുവിലയിരുത്തല്‍ ശരിയാണ്. രാജ്യത്തിന്റെ സമസ്തമേഖലകളിലും കാവിവല്‍ക്കരണം ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സൈന്യം, പോലീസ്, ബ്യൂറോക്രസി, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ രംഗങ്ങളിലെല്ലാം സംഘപരിവാര്‍ പിടിമുറുക്കും. പുരോഗമന ജനാധിപത്യശക്തികള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കടന്നാക്രമണം ശക്തിപ്പെടും.

അധികാരത്തിലെത്താന്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി “മൃദുഹിന്ദുത്വ” ത്തിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ട പ്രവണതകളെ മറയില്ലാതെ ഊര്‍ജ്ജിതമാക്കാന്‍ മോദിഭരണം സംഘപരിവാറിന് തീര്‍ച്ചയായും അനന്തസാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഇതാകട്ടെ, രാജ്യത്ത് പല പ്രതികരണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

മോദിയോട് വിധേയത്വവും വിശ്വസ്തതയും പ്രഖ്യാപിച്ച് സാമ്പത്തികവും മറ്റു സങ്കുചിതവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സമീപനമാണ് ഒന്നാമത്തേത്. ക്രിസ്ത്യന്‍ മതമേധാവിത്വവും അതിന്റെ രാഷ്ട്രീയ പ്രതിനിധിയായ കേരളകോണ്‍ഗ്രസ്സും മറ്റും എടുത്തിട്ടുള്ളത് ഇതാണ്.
അടുത്തപേജില്‍ തുടരുന്നു

 അനിവാര്യമായും സംഭവിക്കാന്‍ പോകുന്ന ലോകമുതലാളിത്തവുമായുള്ള മോദിഭരണത്തിന്റെ വര്‍ദ്ധമാനമാകുന്ന സാമ്പത്തിക ഉദ്ഗ്രഥനം ആഭ്യന്തരമായി മന്‍മോഹണോമിക്‌സിന്റെ കാലത്തേതിനേക്കാള്‍ കോര്‍പ്പറേറ്റ് പ്രീണനവും തൊഴിലാളി-കര്‍ഷക- ജനവിരുദ്ധനയങ്ങളും അടിച്ചേല്‍പ്പിച്ചുകൊണ്ടേ തുടരാനാവൂ.

എന്നാല്‍ ഭയവിഹ്വലതയോടെ മോദിഭരണത്തെ നോക്കിക്കാണുന്ന രീതിയാണ് മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്. മോദിഭരണത്തെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യമായി ഭീകരവല്‍ക്കരിക്കുന്ന സമീപനമാണ് മൂന്നാമത്തേത്. പൊതുവെ പുരോഗമന വേഷക്കാരെന്നവകാശപ്പെടുന്നവരുടേതാണ് ഈ നിലപാട്.

മോദി ഭരണത്തെ ഫാസിസമായും ചരിത്രത്തിന്റെ അന്ത്യമായും വിലയിരുത്തുന്ന മൂന്നാമത്തെ പ്രവണതയുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മോദിയെ ഹിറ്റ്‌ലറായും ബി.ജെ.പി. ഭരണത്തെ ജര്‍മ്മന്‍ ഫാസിസത്തോട് തുലനപ്പെടുത്തുന്നതുമായ ചില വ്യാഖ്യാനങ്ങള്‍ അവിടെവിടെയായി രൂപപ്പെട്ടുവരുന്നുണ്ട്.

ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളെയും അവയിലെ വിവിധ ധാരകളെയും ഇന്ത്യന്‍ സമൂഹത്തിന്റെ ആന്തരിക വൈരുധ്യങ്ങളെയും ആഴത്തില്‍ പരിശോധിക്കാതെ ഉപരിപ്ലവമായി നടത്തുന്ന വിശകലനങ്ങളാണ് ഇത്തരം ലളിതവല്‍ക്കരണത്തിലേക്ക് എത്തിക്കുന്നത്. 2019 ല്‍ തന്റെ ഭരണത്തിന്റെ ഒരു റിപ്പോര്‍ട്ട് കാര്‍ഡുമായി വന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നു പറയുന്ന മോദിക്കുപോലും ഉറപ്പില്ലാത്ത ഒരു ദൗത്യമാണ് ഇതുവഴി വിമര്‍ശകര്‍ മോദിക്കു ചാര്‍ത്തിക്കൊടുക്കുന്നത്.

എന്താണ് യാഥാര്‍ത്ഥ്യം? മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 31 ശതമാനം മാത്രം തട്ടിക്കൂട്ടാന്‍ കഴിയുകയും എന്നാല്‍ 69 ശതമാനം വ്യക്തമായി നിരാകരിക്കുകയും ചെയ്ത ദുര്‍ബലമായ ഒരു മാന്‍ഡേറ്റുമായാണ് മോദി ഇന്ത്യ ഭരിക്കാന്‍ തുടങ്ങുന്നത്. നവഉദാരീകരണത്തിന്റെയും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെയും കൂടുതലുയര്‍ന്ന ഒരു ഘട്ടത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനും ആ പ്രക്രിയയില്‍ ലോക കമ്പോളവും മൂലധന കേന്ദ്രങ്ങളുമായി രാജ്യത്തെ കൂടുതല്‍ ഉദ്ഗ്രഥിക്കാനും മോദി ഭരണത്തെ ഉപകരണമാക്കാന്‍ വെമ്പുന്ന അന്താരാഷ്ട്ര-കോര്‍പ്പറേറ്റ് ശക്തികളുടെ പ്രചരണതന്ത്രങ്ങളാണ് സംഘപരിവാറിന്റെ സംഘടനാ സംവിധാനങ്ങള്‍ക്കൊപ്പം ബി.ജെ.പിയെ അധികാരത്തിലെത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ തലേദിവസം മുമ്പൊരു കാലത്തുമുണ്ടായിട്ടില്ലാത്തവിധം വിദേശ ഊഹമൂലധനം രാജ്യത്തേക്കൊഴുകി സെന്‍സെക്‌സ് 25000- ലേക്കുയര്‍ത്തി നിര്‍ത്തിയതും ഈ പ്രചരണതന്ത്രത്തിന്റെ ഭാഗമായിരുന്നു. ഓഹരി-നാണയ വിപണികളില്‍ രൂപം കൊണ്ടിട്ടുള്ള അഭൂതപൂര്‍വ്വമായ ഈ ഊഹക്കുമിള പൊട്ടാതിരിക്കണമെങ്കില്‍ മന്‍മോഹന്‍ ഭരണം ചെയ്തതെക്കാള്‍ പലമടങ്ങു വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ മോദി നിര്‍ബന്ധിതമാകുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.

അനിവാര്യമായും സംഭവിക്കാന്‍ പോകുന്ന ലോകമുതലാളിത്തവുമായുള്ള മോദിഭരണത്തിന്റെ വര്‍ദ്ധമാനമാകുന്ന സാമ്പത്തിക ഉദ്ഗ്രഥനം ആഭ്യന്തരമായി മന്‍മോഹണോമിക്‌സിന്റെ കാലത്തേതിനേക്കാള്‍ കോര്‍പ്പറേറ്റ് പ്രീണനവും തൊഴിലാളി-കര്‍ഷക- ജനവിരുദ്ധനയങ്ങളും അടിച്ചേല്‍പ്പിച്ചുകൊണ്ടേ തുടരാനാവൂ. 90 കളുടെ തുടക്കത്തില്‍ സംഘപരിവാര്‍ ആവിഷ്‌ക്കരിച്ച സ്വദേശി ജാഗരണ്‍മഞ്ചുപോലുള്ള പഴമുറങ്ങള്‍ കൊണ്ടൊന്നും തടഞ്ഞുനിര്‍ത്താനാവാത്തവിധം ആഗോള ഊഹമൂലധനത്തിന്റെ മഹാപ്രവാഹം ഇന്ന് പലമടങ്ങു വിനാശകരമായിത്തീര്‍ന്നിട്ടുണ്ട്.

വളരെ ചുരുക്കത്തില്‍, മോദി മുന്നോട്ടുവെക്കുന്ന വികസന മോഡല്‍ തുടര്‍ന്നാലും കയ്യൊഴിഞ്ഞാലും അഥവാ ഊഹക്കുമിള നിലനിന്നാലും പൊട്ടിയാലും യു.പിയിലും മഹാരാഷ്ട്രയിലും ബീഹാറിലും മറ്റും മോദിക്ക് വോട്ടുചെയ്ത മര്‍ദ്ദിത ജനതകളുടെയും യുവാക്കളുടെയുമെല്ലാം ചുമലുകളില്‍ താങ്ങാനാവാത്ത ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടേ അദ്ദേഹത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാനാവൂ.

വരും ദിനങ്ങളില്‍ ഇതു സംജാതമാകാന്‍ പോകുന്ന തൊഴിലാളി സമരങ്ങളും ജാതീയവും വംശീയവുമായ സംഘര്‍ഷങ്ങളും ജനകീയ മുന്നേറ്റങ്ങളും മറ്റുമായി ബന്ധപ്പെട്ട ആഭ്യന്തര വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയും അതിജീവിക്കുന്നത് എങ്ങനെയെന്നതാകും മോദിഭരണത്തിന്റെ ഭാവിതന്നെ നിര്‍ണ്ണയിക്കുക.

അയല്‍രാജ്യങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ച് തെക്കേഷ്യയിലെ വല്യേട്ടന്‍ ചമയാന്‍ മോദി ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ തന്ത്രപരമായ യൂണിയന്‍ പങ്കാളി എന്നതിനപ്പുറം പുത്തന്‍ അധിനിവേശകാലത്തെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ ജാതകക്കുറിപ്പു തിരുത്തിയെഴുതാന്‍ മോദിക്കു കഴിയില്ല.

സ്വന്തം കാലില്‍ സ്വതന്ത്രസ്വഭാവത്തോടെ നിലയുറപ്പിക്കാന്‍ കഴിഞ്ഞ ഫിനാന്‍സ് മൂലധനത്തിന്റെ ഭീകരസ്വേച്ഛാധിപത്യമായിരുന്ന ജര്‍മ്മന്‍ ഫാസിസവുമായി സാമ്രാജ്യത്വ ഊഹമൂലധനപ്രവാഹത്തില്‍ ആശ്രയിച്ചല്ലാതെ നിലനില്പില്ലാത്ത മോദിഭരണത്തെ താരതമ്യപ്പെടുത്തുന്നത് ചരിത്രം അതേപടി ആവര്‍ത്തിക്കുമെന്നുപറയുന്ന ശുദ്ധവങ്കത്തമാണ്.

സാമ്രാജ്യത്വമൂലധനത്തിന്റെ യൂണിയന്‍ പങ്കാളിയും ഇടനിലക്കാരനും കൂട്ടിക്കൊടുപ്പുകാരന്റെയും പങ്കുവഹിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിനും മുതലാളിവര്‍ഗ്ഗത്തിനും സാമ്രാജ്യത്വ-കമ്പോള-മൂലധന താല്പര്യങ്ങളില്‍ നിന്നുവേറിട്ടു നില്‍ക്കുന്ന ഒരു ഭരണസംവിധാനത്തെപ്പറ്റി ആലോചിക്കാനാവില്ല.

.അടുത്തപേജില്‍ തുടരുന്നു

അധികാരത്തിലെത്താന്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി “മൃദുഹിന്ദുത്വ” ത്തിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ട പ്രവണതകളെ മറയില്ലാതെ ഊര്‍ജ്ജിതമാക്കാന്‍ മോദിഭരണം സംഘപരിവാറിന് തീര്‍ച്ചയായും അനന്തസാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഇതാകട്ടെ, രാജ്യത്ത് പല പ്രതികരണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

മതമൗലികവാദവും വംശീയതയും ഗോത്രവാദവും ജാതീയതയുമെല്ലാം ഉപയോഗപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിച്ച് മൂലധനതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണവ്യവസ്ഥ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പുകളും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആടയാഭരണങ്ങളും നിലനിര്‍ത്തേണ്ടതും സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശശ്രമത്തില്‍ ആവശ്യമാണ്.

“ഗുജറാത്ത് കലാപ” ത്തെത്തുടര്‍ന്നുണ്ടായ അമേരിക്കന്‍ വിസാനിഷേധത്തിലൂടെ മോദി ഇതേ സംബന്ധിച്ച പാഠം ഇതോടകം പഠിച്ചുകഴിഞ്ഞിട്ടുണ്ട്. തനിക്കെതിരെയുള്ള വിസാനിയന്ത്രണം മാറ്റിക്കിട്ടാന്‍ ഇക്കാലമത്രയും മോദി നടത്തിയ ശ്രമങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല.

ഇതിനര്‍ത്ഥം മോദിയും ബി.ജെ.പിയും മുഖ്യ അപകടമായിക്കഴിഞ്ഞിട്ടുള്ള വര്‍ത്തമാന സാഹചര്യം പ്രധാനമല്ലെന്നോ അവരിലൂടെ ശക്തിപ്പെടുന്ന ഫാസിസ്റ്റ് പ്രവണതകള്‍ അവഗണിക്കണമെന്നോ അല്ല, നേരെ മറിച്ച്, നമ്മുടെ രാജ്യത്തും അന്താരാഷ്ട്രരംഗത്തും നിലനില്‍ക്കുന്ന രാഷ്ട്രീയസാമ്പത്തിക ഘടകങ്ങളെ ശരിയായി വിലയിരുത്തി ഇക്കാര്യത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന സമീപനം സ്വീകരിക്കണമെന്നാണ്.

കേവലമായി മോദിയെ ഭീകരവല്‍ക്കിക്കുന്നതും മോദിഫോബിയ സൃഷ്ടിക്കുന്നതും മോദി വല്‍ക്കരണത്തെ രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി അവതരിപ്പിക്കുന്നതും തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനേ സഹായകരമാകൂ എന്നുമാത്രമല്ല, കഴിഞ്ഞ 23 വര്‍ഷത്തെ നവ ഉദാരീകരണത്തിലൂടെയും ഒരു ദശാബ്ദക്കാലത്തെ മന്‍മോഹണോമിക്‌സിലൂടെയും മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച കോണ്‍ഗ്രസ്സിനെ മുഖ്യപ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിലേക്കാകും ഇത്തരം ഏകപക്ഷീയ വ്യാഖ്യാനങ്ങള്‍ നയിക്കുക.

ഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചയില്‍ നവഉദാരീകരണത്തിനും ആഗോളീകരണത്തിനും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കുമുള്ള പങ്കിനെ അവഗണിക്കുന്നതിനു സമാനമാണത്. കേവലമായ മോദി വിരുദ്ധത മുഖ്യവിഷയമാക്കി തെരഞ്ഞെടുപ്പുക്യാമ്പയിന്‍ നടത്തുകവഴി, മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ്സിനൊപ്പം പങ്കുവഹിച്ച ഇതരഭരണവര്‍ഗ്ഗപാര്‍ട്ടികളെയും വ്യവസ്ഥാപിത ഇടതുപക്ഷത്തെയും വെള്ളപൂശുന്നതിനും ഇതുവഴിവെക്കും.

വളരെ ചുരുക്കത്തില്‍, കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ മന്‍മോഹണോമിക്‌സിനേക്കാള്‍ തീവ്രമായ വലതുപക്ഷ വല്‍ക്കരണത്തിലേക്കാണ് മോദിഭരണം രാജ്യത്തെ നയിക്കുക. തിരിച്ചു പോക്കില്ലാത്ത പ്രതിസന്ധി നേരിടുന്ന ആഗോള വ്യവസ്ഥയുമായുള്ള ഉദ്ഗ്രഥനം കൂടുതല്‍ പ്രതിസന്ധി നിറഞ്ഞ ഒരു സാഹചര്യമാകും സൃഷ്ടിക്കാന്‍ പോകുന്നത്.

[]ഇതിന്റെയെല്ലാം രാഷ്ട്രീയ സാമ്പത്തിക വിവക്ഷകള്‍ ഒഴിവാക്കി മോദിത്വത്തെയും ഫാസിസ്റ്റ് ഭീഷണിയെയും സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ ശരിയായ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ളവയല്ല. നവഉദാരീകരണത്തിനും കോര്‍പ്പറേറ്റ് മൂലധനാധിപത്യത്തിനും ജാതിവ്യവസ്ഥക്കുമെല്ലാമെതിരായ രാജ്യത്തെ ജനകോടികള്‍ നടത്തേണ്ട പോരാട്ടവുമായി ബന്ധപ്പെടുത്തി മോദിഭരണവും സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും നേരിടുന്ന സമീപനമാണ് രാജ്യത്തു വളര്‍ന്നു വരേണ്ടത്.

മോദി ഇത്തവണ പ്രധാനമന്ത്രിയായിരുന്നില്ല എന്നിരുന്നെങ്കില്‍ക്കൂടി സംഘപരിവാറിന് വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ കഴിയുന്ന ഭൗതികസാഹചര്യം രാജ്യത്തു രൂപപ്പെട്ടു കഴിഞ്ഞിരുന്നുവെന്നകാര്യം നിഷേധിച്ചുകൂടാ. ഈ സന്ദര്‍ഭത്തില്‍, മോദിഭരണത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ വിവക്ഷകളെ ശരിയായി വിലയിരുത്തി, അതിന്റെയടിസ്ഥാനത്തില്‍ ജനങ്ങളുടെ ദേശവ്യാപകമുന്നേറ്റങ്ങള്‍ക്കു രാഷ്ട്രീയനേതൃത്വം കൊടുക്കാന്‍ കഴിയുന്ന പുരോഗമനജനാധിപത്യശക്തികള്‍ അടിയന്തിരമായി രംഗത്തിറങ്ങാതെ രൂക്ഷമാകാന്‍ പോകുന്ന പ്രതിസന്ധിയെ നേരിടാനാവില്ല.

We use cookies to give you the best possible experience. Learn more